കണ്ണൂര്‍ - നിയമസഭ പാസ്സാക്കിയ ഭേദഗതി ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. കണ്ണൂര്‍ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
ജനങ്ങള്‍ തെരഞ്ഞെടുത്ത, ജനങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്ത് തയാറാക്കുന്നവയാണ് ബില്ലുകള്‍. ഇതിനെ നിരാകരിക്കാനാവില്ല.
ബില്ലുകള്‍ സംബന്ധിച്ച് അദ്ദേഹം അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. എങ്കിലും ഒപ്പിടുമെന്നു തന്നെയാണ് പ്രതീക്ഷ. അത് ഭരണഘടനാപരമായ ബാധ്യത കൂടിയാണ്. മുതിര്‍ന്ന വ്യക്തി കൂടിയായ അദ്ദേഹം രാഷ്ടീയ നിയമ രംഗങ്ങളില്‍ നല്ല ബോധ്യമുള്ളയാളാണ്. സ്വന്തം അഭിപ്രായങ്ങള്‍ പറയുമ്പോഴും സര്‍ക്കാരുമായി സഹകരിച്ച് പോകുന്നയാളാണ് ഗവര്‍ണര്‍- സ്പീക്കര്‍ പറഞ്ഞു.
കാലഹരണപ്പെട്ട നിയമങ്ങള്‍ പുതുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം. കാലഹരണപ്പെട്ട നിയമങ്ങള്‍ ഒരുപാടുണ്ട്. അടുത്ത കാലത്തു തന്നെ 108 ഓളം നിയമങ്ങള്‍ പുതുക്കിയിട്ടുണ്ട്. ഇനിയും ഒരുപാട് നിയമങ്ങള്‍ മാറാനുണ്ട്- സ്പീക്കര്‍ പറഞ്ഞു.
നിയമസഭ കൈയ്യാങ്കളി പോലുള്ള സാഹചര്യങ്ങള്‍ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നാണ് അഭിപ്രായം. ഒരു പ്രത്യേക സാഹചര്യത്തിലാണ് അന്ന് അത്തരമൊരു സംഭവമുണ്ടായത്. ഇത്തരം സാഹചര്യങ്ങള്‍ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
നിയമനിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കി നിയമസഭയെ രാജ്യത്തിന് തന്നെ മാതൃകയാക്കുകയാണ് ലക്ഷ്യം. കേരളം പല കാര്യത്തിലും രാജ്യത്തിന് മാതൃകയാണ്. നിയമസഭയും ഇതുപോലെ തന്നെയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയമങ്ങള്‍ പാസാക്കുന്നത് കേരള നിയമസഭയിലാണ്. ഏറ്റവും കൂടുതല്‍ സമയം സമ്മേളിക്കുന്നതും കേരളത്തിലാണ്. വര്‍ഷത്തില്‍ ശരാശരി 55 മുതല്‍ 60 വരെ ദിവസങ്ങള്‍ കേരള നിയമസഭ സമ്മേളിക്കുന്നു. കോവിഡ് കാലത്തുപോലും 61 ദിവസം നിയമസഭ ചേര്‍ന്നു.
നിയമസഭയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഇവ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകും. ഗ്രീനറി അസംബ്ലി, ബുക് ഫെയര്‍, ലൈബ്രറി ശതവാര്‍ഷികാഘോഷങ്ങള്‍, കടലാസു രഹിത നിയമസഭ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും.
താന്‍ ജനിക്കുന്നതിന് മുമ്പ് നിയമസഭാംഗമായവര്‍ കൂടി ഉള്‍ക്കൊള്ളുന്ന നിയമസഭയുടെ നാഥന്‍ എന്ന പദവി, വ്യക്തിപരമായും വലിയ അംഗീകാരമായി കാണുന്നു. രാഷ്ട്രീയ ജീവിതത്തിന് ലഭിച്ച അംഗീകാരമാണിത്. സഭയില്‍ ഭരണ പ്രതിപക്ഷങ്ങളെ ഒരുമിച്ച് കൊണ്ടു പോകും. കക്ഷിരാഷ്ട്രീയത്തിന് അതീതമായ സൗഹൃദം നിയമസഭാ അംഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്നുണ്ട്. മാധ്യമങ്ങളെ ഭയക്കുന്നില്ല. സഭ ടി.വിയുടെ പ്രവര്‍ത്തനം കൃത്യമാണെന്നും ഇതില്‍ മറ്റ് ഇടപെടലുകള്‍ ഒന്നുമില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. വിജേഷ് സ്വാഗതവും ട്രഷറര്‍ കബീര്‍ കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു.