പ്രധാനപ്പെട്ട ചില സന്ദേശങ്ങൾ രാജ്യത്തിന് നൽകുക എന്ന ലക്ഷ്യവും ഈ യാത്രക്ക് പിന്നിലുണ്ട്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിശാല സഖ്യം രൂപപ്പെടുമ്പോൾ പ്രാദേശിക കക്ഷികളുടെ അനാവശ്യ വിലപേശൽ തടയിടാൻ ഈ യാത്ര സഹായകമാവും. ബി.ജെ.പിക്കെതിരെയുള്ള യഥാർത്ഥ ബദൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാത്രമാണെന്ന സന്ദേശം നൽകുക. ഇത്രയും വലിയ സംഘടന ദൗർബല്യത്തിൽ നിൽക്കുന്ന സമയത്തു പോലും കശ്മീർ മുതൽ കന്യാകുമാരി വരെ ഒരു പദയാത്ര നടത്താൻ ഇന്നും സംഘടനാപരമായി കോൺഗ്രസിന് കെൽപുണ്ട് എന്ന് തെളിയിക്കുക. നേതാക്കളുടെ വലിയ കൊഴിഞ്ഞുപോക്കുകൾക്കിടയിലും അണികൾ ഈ പാർട്ടിയിൽ തന്നെയുണ്ട് എന്ന് വിളംബരം ചെയ്യുക.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കന്യാകുമാരിയിൽ നിന്ന് പ്രയാണം ആരംഭിച്ച് കേരളത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണല്ലോ. കേവലം രാഷ്ട്രീയ താൽപര്യങ്ങൾക്കപ്പുറം, രാഷ്ട്രീയ ലക്ഷ്യങ്ങൾക്കപ്പുറം ഈ യാത്ര മുന്നോട്ടു വെക്കുന്ന വലിയൊരു സന്ദേശം ഉണ്ട്.
എട്ടര വർഷത്തെ സംഘപരിവാർ കേന്ദ്ര ഭരണത്തിന്റെ പശ്ചാത്തലത്തിൽ, ഭിന്നിപ്പിന്റെയും വേർതിരിവിന്റെയും മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംഘ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഈ യാത്ര മുന്നോട്ടു വെക്കുന്ന മുദ്രാവാക്യത്തിന് വലിയ പ്രസക്തിയുണ്ട്. അതോടൊപ്പം തന്നെ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ഫാസിസ്റ്റ് സമീപനങ്ങളെ തുറന്നു കാണിക്കുന്നതിനു വേണ്ടി, ജനങ്ങളോട് നേരിട്ട് സംവദിക്കുക എന്ന വലിയ ഒരു ലക്ഷ്യവും ഈ യാത്രക്ക് പിന്നിലുണ്ട്.
രാജ്യം ഗുരുതരമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. വിലക്കയറ്റവും ജീവിതഭാരവും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയും തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും മൂലം തൊഴിലാളികളും കൃഷിക്കാരും ഏറെ പ്രയാസപ്പെടുകയും നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ തലതിരിഞ്ഞ സാമ്പത്തിക പരിഷ്കാരങ്ങളാൽ ജനജീവിതം ദുസ്സഹമാവുകയും ദളിത് - ന്യൂനപക്ഷങ്ങൾക്കെതിരെ കിരാത കടന്നാക്രമണങ്ങൾ നടക്കുകയും എതിർ ശബ്ദങ്ങളെ തീവ്രവാദ മുദ്ര ചാർത്തി അടിച്ചമർത്തുകയും സാഹിത്യ സാംസ്കാരിക നായകന്മാരെ മൃഗീയമായി കൊലപ്പെടുത്തുകയും അസഹിഷ്ണുതയുടെയും വർഗീയ സംഘർഷങ്ങളുടെയും വിളനിലമായി നാടിനെ മാറ്റുകയും പരമാധികാരവും സ്വാതന്ത്ര്യവും സമ്പത്തും കോർപറേറ്റ് മുതലാളിമാർക്കു മുന്നിൽ അടിയറ വെക്കുകയും ചെയ്ത കാലഘട്ടമാണിത്.
ഇന്ത്യ ലോക ജനസംഖ്യയിൽ രണ്ടാമത് നിൽക്കുന്ന രാജ്യമാണ്. ഏറ്റവും അവസാനത്തെ കണക്കുകൾ പ്രകാരം ജനസംഖ്യയിൽ 29.9 ശതമാനം ജനങ്ങൾ ദാരിദ്ര്യ രേഖക്ക് താഴെ ജീവിക്കുന്നവരാണ്.
തൊഴിലില്ലാത്ത ഇന്ത്യക്കാരുടെ എണ്ണവും അനുദിനം കൂടിവരികയാണ്. ഇവർക്കൊരു ആശ്വാസം എന്ന നിലയിലാണ് യു.പി.എ സർക്കാർ തൊഴിലുറപ്പ് പദ്ധതി കൊണ്ടുവന്നത്. ഇപ്പോൾ ആ പദ്ധതിയേയും ബി.ജെ.പി സർക്കാർ സാമ്പത്തിക പ്രയാസങ്ങൾ പറഞ്ഞ് തകർത്തുകൊണ്ടിരിക്കുകയാണ്.
കാർഷികോൽപന്നങ്ങളുടെ വിലയിടിവും പ്രകൃതി ദുരന്തങ്ങളും മറ്റും കാരണം കാർഷിക മേഖല ഗുരുതരമായ പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സമീപകാലത്ത് ദാരിദ്ര്യം കൊണ്ട് ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ എണ്ണം ഏതാണ്ട് 20,000 ത്തോളമാണ്. ഇതിൽ മുൻപന്തിയിൽ മഹാരാഷ്ട്രയാണ്. പിന്നെ പഞ്ചാബും. തമിഴ്നാട്ടിലെ കൃഷിക്കാർ പാർലിമെന്റിനു മുന്നിൽ മാസങ്ങളോളം കുത്തിയിരിപ്പ് സമരം നടത്തി. ഏറ്റവും അവസാനം മലം ഭക്ഷിച്ചുകൊണ്ടാണ് പട്ടിണി കിടക്കുന്ന ഈ കൃഷിക്കാർ സർക്കാരിനോട് പ്രതിഷേധിച്ചത്. മഹാരാഷ്ട്രയിൽ ക്ഷീര കർഷകർ പാലിന് ന്യായമായ വില ലഭിക്കാത്തതുകൊണ്ട് പാൽ റോഡിൽ ഒഴുക്കി പ്രതിഷേധിക്കുകയായിരുന്നു.
അസംഘടിത തൊഴിൽ മേഖലയിൽ കടുത്ത ചൂഷണമാണ് നടന്നുവരുന്നത്. കൂലി അടിമത്തത്തിന്റെ പുതിയ കാലഘട്ടത്തിലേക്കാണ് ഇന്ത്യ കടന്നുവരുന്നത്. തൊഴിലുടമ നിശ്ചയിക്കുന്ന കൂലി മാത്രം വാങ്ങുകയും മറ്റെല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും പൂർണമായി നിഷേധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇവിടെ വളർന്നു വരുന്നത്. ഇൻഷുറൻസ്, ബാങ്കിങ് ഇവയുടെ സ്വകാര്യവത്കരണം ദ്രുതഗതിയിൽ നടന്നുവരുന്നു. രാജ്യരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിലേക്കും സ്വകാര്യവത്കരണത്തിന്റെ വിപത്ത് കടന്നുകൂടിയിട്ടുണ്ട്.
ഐ.എസ്.ആർ.ഒയിൽ വരെ സ്വകാര്യ കുത്തകകളുടെ കരങ്ങൾ എത്തിക്കഴിഞ്ഞു. സർക്കാരിന്റെ കടബാധ്യതകൾ തീർക്കാൻ രാജ്യത്തിന്റെ നട്ടെല്ലായ പ്രധാനപ്പെട്ട 74 പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനാണ് നീതി ആയോഗ് നിർദേശിച്ചത്. 56,000 കോടി രൂപ ഈ വിൽപനയിലൂടെ നേടാനാണ് സർക്കാർ ലക്ഷ്യമിട്ടത്. ഇങ്ങനെ രാജ്യത്തിന്റെ സമ്പത്തും പരമാധികാരവും ഒരുപിടി സമ്പന്നൻമാരുടെ മുന്നിൽ നരേന്ദ്ര മോഡി സർക്കാർ സമ്പൂർണമായി അടിയറ വെക്കുകയാണ്.
ഇന്ത്യ ലോകമെമ്പാടും അറിയപ്പെടുന്നത് നാടിന്റെ മഹത്തായ പൈതൃകം കൊണ്ടും പാരമ്പര്യം കൊണ്ടുമാണ്. മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ ആശയങ്ങൾ മുറുകെ പിടിച്ചുകൊണ്ട് ലോകത്തിനു മുന്നിൽ ദശാബ്ദങ്ങളായി തലയുയർത്തി നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യക്ക് സമാനമായി ഇന്ത്യ മാത്രമേ കാണൂ. എത്ര പെട്ടെന്നാണ് സ്ഥിതിഗതികൾ മാറിമറിയുന്നത്. ജനാധിപത്യത്തിലും മതേരതരത്വത്തിലും സോഷ്യലിസ്റ്റ് ആശയങ്ങളിലും ഒട്ടും വിശ്വാസമില്ലാത്തവരാണ് ഇന്ന് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. എട്ടര വർഷക്കാലത്തെ മോഡി ഭരണത്തിൽ തടിച്ചുകൊഴുത്തത് കോർപറേറ്റുകൾ മാത്രമാണ്. വൻ സാമ്പത്തിക തകർച്ചയാണ് രാജ്യം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനെ താൽക്കാലിക പ്രതിഭാസമായി ചിത്രീകരിക്കുകയും അതിനെ അതിജീവിക്കാൻ പല മാർഗങ്ങളും തേടുകയും ചെയ്യുന്നുണ്ട്. അതത്ര എളുപ്പമുള്ളതല്ല.
ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ തകർക്കാനും അതിന്മേൽ വർഗീയതയുടെയും മതവിദ്വേഷത്തിന്റെയും കരിപുരട്ടാനും കപട ദേശീയത വികാരം വളർത്തിക്കൊണ്ടുവരാനുമാണ് കേന്ദ്ര ഭരണവും അവർക്ക് നേതൃത്വം നൽകുന്ന സംഘ്പരിവാറും ശ്രമിക്കുന്നത്. എതിർ ശബ്ദങ്ങളെ മുഴുവനും രാജ്യദ്രോഹമെന്ന് മുദ്ര കുത്തി വേട്ടയാടുന്നു. ഇന്ത്യയുടെ അതിമഹത്തായ സാംസ്കാരിക ചിഹ്നങ്ങളെയും സ്മാരകങ്ങളെയും വിദ്വേഷത്തിന്റെ സ്മാരകങ്ങളാണെന്ന് പ്രചരിപ്പിക്കുന്നു.
വളരെ പ്രധാനപ്പെട്ട ചില സന്ദേശങ്ങൾ രാജ്യത്തിന് നൽകുക എന്ന ലക്ഷ്യവും ഈ യാത്രക്ക് പിന്നിലുണ്ട്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിശാല സഖ്യം രൂപപ്പെടുമ്പോൾ പ്രാദേശിക കക്ഷികളുടെ അനാവശ്യ വിലപേശൽ തടയിടാൻ ഈ യാത്ര സഹായകമാവും. ബി.ജെ.പിക്കെതിരെയുള്ള യഥാർത്ഥ ബദൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാത്രമാണെന്ന സന്ദേശം നൽകുക.
ഇത്രയും വലിയ സംഘടന ദൗർബല്യത്തിൽ നിൽക്കുന്ന സമയത്തു പോലും കശ്മീർ മുതൽ കന്യാകുമാരി വരെ ഒരു പദയാത്ര നടത്താൻ ഇന്നും സംഘടനാപരമായി കോൺഗ്രസിന് കെൽപുണ്ട് എന്ന് തെളിയിക്കുക. നേതാക്കളുടെ വലിയ കൊഴിഞ്ഞു പോക്കുകൾക്കിടയിലും അണികൾ ഈ പാർട്ടിയിൽ തന്നെയുണ്ട് എന്ന് വിളംബരം ചെയ്യുക. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നിരന്തരം വേട്ടയാടിയിട്ടും ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെയുള്ള നിലപാടുകളിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന സന്ദേശം നൽകുക. എന്തു തന്നെയാണെങ്കിലും ഈ യാത്ര കശ്മീരിൽ സമാപനം കുറിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഇന്ത്യൻ രാഷ്ട്രീയത്തിനും ഒരു നവ ചൈതന്യം കൈവരും എന്നു തന്നെ പ്രത്യാശിക്കാം.






