Sorry, you need to enable JavaScript to visit this website.

ഗണേശ ചതുർത്ഥി ഘോഷയാത്രയിൽ  പങ്കെടുത്ത 65 പേരുടെ കാഴ്ച നഷ്ടമായി 

മുംബൈ-  ഗണേശ ചതുർത്ഥി ഘോഷയാത്രയിൽ അതിതീവ്ര ലേസർ വെളിച്ചത്തിൽ നൃത്തം ചെയ്ത 65 പേർക്ക് കാഴ്ച നഷ്ടമായി. ഗണേശ ചതുർത്ഥി ഘോഷയാത്രയ്ക്കിടെ  കോലാപൂരിലാണ് സംഭവം. കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനിടെയാണ് ഈ 65 പേർക്ക് കാഴ്ച നഷ്ടമായത്. കോലാപൂർ ജില്ലയിലെ നേത്രരോഗ വിദഗ്ദ്ധരുടെ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഘോഷയാത്രയ്ക്കായി ഉപയോഗിച്ച ഫ്‌ളോട്ടുകളിൽ ഉണ്ടായിരുന്ന ലേസറാണ് വലിയ ദുരന്തത്തിന് കാരണമായത്. ലേസർ അധികനേരം കണ്ണിൽ പതിച്ചത് ഹോർമോൺ വ്യതിയാനങ്ങൾക്കും ഇതുവഴി ഹൈപ്പോഗ്‌ളൈസീമിയ (രക്തത്തിൽ ഗ്‌ളൂക്കോസിന്റെ അളവ് കുറയുന്നത്) എന്ന അവസ്ഥയ്ക്കും കാരണമായി. മാത്രമല്ല ഏറെനേരം ലേസറിൽ ചെലവഴിച്ചവരുടെ കണ്ണിലെ റെറ്റിനയിൽ രക്തസ്രാവം ഉണ്ടാവുകയും ഇതുവഴി കാഴ്ച നഷ്ടമാവുകയുമായിരുന്നു.
കാഴ്ച നഷ്ടമായവരിൽ കൂടുതൽപേരും യുവാക്കളാണെന്ന് സംഘടനയുടെ തലവനായ ഡോ.അഭിജീത് ടാഗോർ പറഞ്ഞു. കണ്ണ് വീക്കം, തലക്കറക്കം, കണ്ണുകൾ വരളുന്നത്, തലവേദന തുടങ്ങിയ ലക്ഷണങ്ങളായിരുന്നു യുവാക്കളിൽ കാണപ്പെട്ടത്. ഇവർക്ക് കാഴ്ച തിരികെ ലഭിക്കുന്നതിനായി ചികിത്സ വേണ്ടിവരുമെന്നും ചില സാഹചര്യങ്ങളിൽ ഓപ്പറേഷൻ വേണ്ടിവരാമെന്നും അദ്ദേഹം വ്യക്തമാക്കി, എന്നാൽ ഇതിന്റെ ചെലവ് വളരെ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിതീവ്ര ലേസർ ലൈറ്റുകൾ മെഡിക്കൽ വ്യാപാര ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇതിൽ നേരിയ പിഴവ് സംഭവിച്ചാൽ പോലും മനുഷ്യശരീരത്തിന് വലിയ ആപത്താണ്. ഇത്തരം ലൈറ്റുകളുടെ തീവ്രത പത്ത് വാട്ടിന് താഴെയായിരിക്കണം. ഒരേ സ്ഥലത്ത് തന്നെ അധികനേരം ഉപയോഗിക്കാൻ പാടില്ല. മനുഷ്യരുടെ കണ്ണുകളിലേയ്ക്ക് നേരിട്ട് പതിക്കാൻ പാടില്ലെന്നും ഡോക്ടർ വ്യക്തമാക്കി.
            

Latest News