കൊച്ചി- ആലുവയിൽ റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിക്കാനിടയായ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. റോഡിലെ കുഴിയിൽവീണ് യാത്രക്കാരൻ മരിച്ചത് ഞെട്ടലുണ്ടാക്കിയെന്നും ഇത്തരം അപകടം ഉണ്ടാകുമെന്ന് ഭയപ്പെട്ടിരുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
രണ്ട് മാസത്തിനിടെ എത്രപേർ മരിച്ചു. കോടതിക്ക് നിശബ്ദമായി ഇരിക്കാനാവില്ല. ഒരു കുഴി അടയ്ക്കാൻ എന്താണിത്ര ബുദ്ധിമുട്ട്. എന്തിനാണ് പിഡബ്ല്യൂഡി എൻജിനീയർമാരെന്നും കോടതി ചോദിച്ചു. ആലുവ-പെരുമ്പാവൂർ റോഡ് അറ്റകൂറ്റപ്പണി ചുമതലയുള്ള എൻജിനീയർ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം, കുഞ്ഞഹമ്മദിന്റെ മരണം കുഴിയിൽവീണതുകൊണ്ടു മാത്രമല്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. ഷുഗർ ലെവൽ കുറവായിരുന്നെന്ന് മകൻ പറഞ്ഞിരുന്നുവെന്നാണ് സർക്കാർ അറിയിച്ചത്. എന്നാൽ മരിച്ചയാളെ അപമാനിക്കരുതെന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം.
74 കാരനായ മാറമ്പിളളി സ്വദേശിയായ കുഞ്ഞുമുഹമ്മദ് ഓഗസ്റ്റ് 20 നാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് കുഞ്ഞഹമ്മദിന്റെ സംസാരശേഷിയും ഓർമയും നഷ്ടപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരണം. മൂന്നാഴ്ചയായി അബോധാവസ്ഥയിൽ കഴിയുകയായിരുന്നു.






