ജിസാന്‍ പപ്പായയും മാങ്ങയും വാഴപ്പഴവും ഇനി ലുലുവില്‍, കരാര്‍ ഒപ്പുവെച്ചു

ജിസാന്‍- ജിസാന്റെ തനത് വാഴപ്പഴം, മാങ്ങ, പപ്പായ എന്നിവ വാങ്ങുന്നതിന് കോപറേറ്റീവ് വിഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയും ലുലു ഹൈപര്‍മാര്‍ക്കറ്റും തമ്മില്‍  കരാറില്‍ ഒപ്പുവെച്ചു. ജിസാന്‍ ഗവര്‍ണറേറ്റില്‍ നടന്ന അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സര്‍വീസസ് സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ സാന്നിധ്യത്തില്‍ ലുലു സൗദി ഹൈപര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് ആണ് കരാറിലൊപ്പുവെച്ചത്. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ മുഹമ്മദ് ബിന്‍ അലി അല്‍ആതിഫ് ചടങ്ങില്‍ സംബന്ധിച്ചു.

കരാറനുസരിച്ച് സൗദിയിലെ എല്ലാ ലുലു ഹൈപര്‍മാര്‍ക്കറ്റുകളിലും ജിസാനിന്റെ മണ്ണില്‍ വിളഞ്ഞ പപ്പായ, വാഴപ്പഴം, മാങ്ങ എന്നിവ ലഭ്യമാകും. അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. അതോടൊപ്പം ജിസാനിലെ മറ്റു കാര്‍ഷിക ഉല്‍പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് യഥാര്‍ഥ സ്രോതസ്സില്‍ നിന്ന് ലഭ്യമാക്കും. ജിസാന്‍ മേഖലയിലെ കര്‍ഷികോല്‍പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് എല്ലാ സീസണിലും വിപണി ഒരുക്കുന്നതിനുമാണ് കോപറേറ്റീവ് വിഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സര്‍വീസസ് സെന്റര്‍ സ്ഥാപിച്ചത്.

പ്രത്യേക പുനരധിവാസ പരിപാടികളിലൂടെയും ഫലപ്രദമായ പങ്കാളിത്തത്തിലൂടെയും കാര്‍ഷിക മേഖല ഉത്തേജിപ്പിക്കുന്നതിന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖയുടെ ശ്രമത്തെ ചടങ്ങില്‍ ഗവര്‍ണര്‍ പ്രകീര്‍ത്തിച്ചു. സുസ്ഥിര കാര്‍ഷിക വികസനത്തിലേക്ക് വഴി തുറന്ന് നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുക വഴി വിഷന്‍ 2030 ന്റെ  ലക്ഷ്യം കൈവരിക്കാന്‍ സഹായകമാകുന്ന പദ്ധതിയാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

Latest News