തിരുവനന്തപുരത്തെ വിവാദ ബസ്  കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു

തിരുവനന്തപുരം- വിവാദമായ ബസ്‌കാത്തിരിപ്പ് കേന്ദ്രം തിരുവനന്തപുരം നഗരസഭ പൊളിച്ചുകളഞ്ഞു. ശ്രീകാര്യത്തുള്ള തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിനു മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുറിച്ചു മാറ്റി പകരം ഒരാള്‍ക്ക് വീതം ഇരിക്കാന്‍ സാധിക്കുന്ന മൂന്ന് ബെഞ്ചാക്കി മാറ്റിയത് വിവാദമായിരുന്നു. സംഭവത്തില്‍ വിദ്യാര്‍ഥികളും സ്ഥലത്തെ റസിഡന്‍സ് അസോസിയേഷനും രണ്ട് തട്ടിലായി നിന്നതോടെ സ്ഥലത്ത് ആധുനിക രീതിയില്‍ ബസ്‌കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും നടപടിയുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ റസിഡന്‍സ് അസോസിയേഷന്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വീണ്ടും നവീകരിക്കാന്‍ ശ്രമിച്ചിരുന്നു. വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിന്റെ ഭാഗമായി എഴുതിയ മുദ്രാവാക്യങ്ങളും വരച്ച ചിത്രങ്ങളും പെയിന്റടിച്ച് മറയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബസ്‌കാത്തിരിപ്പ് കേന്ദ്രം നഗരസഭ പൊളിച്ച് കളഞ്ഞത്. നിലവിലെ ബസ്‌കാത്തിരിപ്പ് കേന്ദ്രം റസിഡന്‍സ് അസോസിയേഷന്‍ അനധികൃതമായി നിര്‍മിച്ചതാണ്. ഇത് പൊളിച്ച് പുതിയത് നിര്‍മിക്കുമെന്ന ഉറപ്പ് നഗരസഭ പാലിക്കുമെന്നാണ് വിദ്യാര്‍ഥികള്‍ പ്രതീക്ഷിക്കുന്നത്. വിദ്യാര്‍ഥികള്‍ ഇതില്‍ കിടക്കുകയും കൂട്ടം കൂടി അടുത്തിരിക്കുന്നുവെന്നുമൊക്കെ ആരോപിച്ചാണ് റസിഡന്‍സ് അസോസിയേഷന്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുറിച്ച് ഇരിപ്പിടമാക്കി മാറ്റിയത്. ഇതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
 

Latest News