മതപരിവര്‍ത്തന നിരോധ ബില്‍ കര്‍ണാടക ഉപരിസഭ പാസാക്കി;വലിച്ചുകീറി പ്രതിപക്ഷം

ബംഗളൂരു-  കർണാടകയിലെ വിവാദ മതപരിവര്‍ത്തന വിരുദ്ധ ബില്‍  ഉപരിസഭ പാസാക്കി. വ്യാഴാഴ്ച അവതരിപ്പിച്ച ബില്‍ കോണ്‍ഗ്രസിന്‍റെയും എച്ച്.ഡി. കുമാരസ്വാമിയുടെ ജനതാദള്‍ സെക്യുലറിന്‍റെയും എതിര്‍പ്പ് അവഗണിച്ചാണ് പാസാക്കിയത്. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബിൽ ഉപരിസഭയിൽ അവതരിപ്പിച്ചത്.

പുതിയ നിയമമനുസരിച്ച്, നിയമവിരുദ്ധമായ മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കും. പ്രായപൂര്‍ത്തിയാകാത്ത ഒരാളെ മതം മാറ്റിയാല്‍ ശിക്ഷ 10വര്‍ഷം വരെ നീട്ടാം. പിഴ 50,000 രൂപ ആയിരിക്കും. കൂട്ട പരിവര്‍ത്തനം നടത്തിയാല്‍ ഒരു ലക്ഷം രൂപ പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടുലക്ഷം രൂപ വരെ പിഴയും കുറഞ്ഞത് അഞ്ച് വര്‍ഷം വരെ തടവും ലഭിക്കും.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ നിന്ന് ആളുകളെ സംരക്ഷിക്കാന്‍  നിയമം സഹായിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. എന്നാല്‍ ഇത്തരമൊരു നിയമം ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു.

ബില്‍ നിയമസഭ കഴിഞ്ഞ ഡിസംബറില്‍ പാസാക്കിയിരുന്നു. കൗണ്‍സിലില്‍ ഭൂരിപമില്ലാത്തതിനാല്‍ ബില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞ മേയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു.

പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസിന്‍റെയും ജെഡി(എസിന്‍റെയും) അംഗങ്ങളുടെ വാക്കൗട്ടിന് നടുവിലും ആറ് മണിക്കൂര്‍ നീണ്ട ചൂടേറിയ ചര്‍ച്ചയ്ക്കും ഒടുവിലാണ് ബില്‍ പാസാക്കിയത്. പ്രതിപക്ഷ നേതാവ് ബി.കെ. ഹരിപ്രസാദും മറ്റ് കോണ്‍ഗ്രസ് അംഗങ്ങളും ബില്ലിന്‍റെ പകര്‍പ്പുകള്‍ വലിച്ചുകീറി പ്രതിഷേധിച്ചു. ഹിന്ദുത്വം പ്രചരിപ്പിക്കുന്നതിനും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെക്കുന്നതിനുമുള്ള ഹിഡന്‍ അജണ്ട പ്രോത്സാഹിപ്പിക്കാനാണ് ബിജെപി ഈ നിയമം കൊണ്ടുവരുന്നതെന്ന് ഹരിപ്രസാദ് പറഞ്ഞു. ഇത് ഭരണഘടനാ വിരുദ്ധമായ ബില്ലാണെന്നും ഭരണഘടനയുടെ 25,26,15, 29 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

2020ല്‍ ഉത്തര്‍പ്രദേശ് നിയമവിരുദ്ധമായ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ് പാസാക്കിയതിന് പിന്നാലെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന വിരുദ്ധ ബില്ലുകള്‍ പാസാക്കാനുള്ള നടപടികൾ ആരംഭിച്ചത്. മധ്യപ്രദേശ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളും സമാനമായ നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്.

മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളെ ചോദ്യം ചെയ്ത് ഒരു കൂട്ടം ഹരജികള്‍ സുപ്രീം കോടതിയില്‍ ഉണ്ടെങ്കിലും വാദം കേള്‍ക്കൽ ആരംഭിച്ചിട്ടില്ല.

Latest News