Sorry, you need to enable JavaScript to visit this website.

അമരീന്ദര്‍ സിങിനേയും ബി.ജെ.പി സ്വന്തമാക്കുന്നു; ലയനം ഈ മാസം 19ന്

ചണ്ഡീഗഡ്- പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ പാര്‍ട്ടി  പഞ്ചാബ് ലോക് കോണ്‍ഗ്രസ്  ബി.ജെ.പിയില്‍ ലയിക്കും.  ഈ മാസം  19നാണ് പാര്‍ട്ടി ഔദ്യോഗികമായി ബി.ജെ.പിയിലേക്ക് ലയിക്കുന്നത്.കഴിഞ്ഞ ദിവസം ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് അമരീന്ദര്‍ സിങ് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മുന്‍ എം.എല്‍.എമാര്‍ അമരീന്ദറിന്റെ മകന്‍ രണ്‍ ഇന്ദര്‍ സിംഗ്, മകള്‍ ജയ് ഇന്ദര്‍ കൗര്‍, ചെറുമകന്‍ നിര്‍വാന്‍ സിങ് എന്നിവരും ബി.ജെ.പിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരുന്നു കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തെ തുടര്‍ന്ന് അമരീന്ദര്‍ സിങ് പാര്‍ട്ടി വിട്ടത്. പിന്നാലെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യത്തിലാണ് അമരീന്ദറിന്റെ പാര്‍ട്ടി മത്സരിച്ചിരുന്നത്. എന്നാല്‍ സഖ്യത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ല. അമരീന്ദര്‍ സിങ് ആം ആദ്മിയുടെ അജിത് പാല് സിങ് കോലിയോട് പരാജയപ്പെട്ടിരുന്നു. അമരീന്ദര്‍ സിങിന് 20,105 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോലിക്ക് ലഭിച്ചത് 33,142 വോട്ടുകളാണ്. സ്വന്തം തട്ടകമായ പട്യാലയിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ പരാജയം.

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ മോഡി തരംഗം ആഞ്ഞടിച്ചപ്പോഴും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്ന സംസ്ഥാനമാണ് പഞ്ചാബ്. 2024ല്‍ ഇതിന് മാറ്റം ഉണ്ടാകുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്.

Latest News