കുഴിയില്‍ വീണ് യാത്രക്കാരന്‍ മരിച്ച സംഭവം:  പൊതുമരാമത്ത്  വകുപ്പിന് വീഴ്ച പറ്റി-  മന്ത്രി റിയാസ്

കൊച്ചി-  ആലുവ പെരുമ്പാവൂര്‍ റോഡിലെ കുളിയില്‍ വീണ് യാത്രക്കാരന്‍ മരിച്ചതില്‍ പൊതുമരാമത്ത് വകുപ്പിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. റോഡിലെ കുഴിയില്‍ വീണ് ഒരു ജീവന്‍ നഷ്ടമായതില്‍ ദുഃഖമുണ്ട്. ഈ റോഡ് 14 കിലോമീറ്റര്‍ ദൂരം മുഴുവനായും റീ ടാറിങ്ങ് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് റോഡില്‍ കുഴിയില്ല എന്ന മുന്‍ പ്രസ്താവനയെക്കുറിച്ചും ചോദ്യം ഉയര്‍ന്നു. എന്നാല്‍ ഇതിന് മന്ത്രിയുടെ മറുപടി ഈ ചോദ്യം ചോദിക്കാന്‍ നിങ്ങളെ ചിലര്‍ ചുമതലപ്പെടുത്തിയതാകുമെന്നായിരുന്നു. 
 യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ പോലീസ് കേസെടുത്തേക്കുമെന്നാണ് വിവരം. കേസെടുക്കുന്നതിനുള്ള നിയമസാധ്യതകള്‍ പോലീസ് തേടുന്നുണ്ട്. നേരത്തെ സമാനസംഭവത്തില്‍ ദേശീയപാത കരാറുകാരനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അറ്റകുറ്റ പണികള്‍ക്ക് പിന്നാലെ റോഡ് വീണ്ടും തകര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സമരത്തിനൊരുങ്ങുകയാണ്. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം. കുഞ്ഞുമുഹമ്മദിന്റെ  മരണത്തിന്റെ ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
 

Latest News