ഏഴു വര്‍ഷമായി നാട്ടില്‍ പോകാത്ത പ്രവാസി യുവാവ് സൗദിയില്‍ തൂങ്ങിമരിച്ചു

ബിഷ- സൗദി അറേബ്യയിലെ ബിഷയില്‍ ഉത്തര്‍ പ്രേദേശ് സ്വാദേശി തൂങ്ങി മരിച്ചു. ബിഷക്കു സമീപം നഖിയയില്‍ താമസസ്ഥലത്താണ് ഉത്തര്‍ പ്രദേശ് കുഷിനഗര്‍ സ്വാദേശി ഇമ്രാന്‍ അലി ഗുലാം റസൂല്‍ (41) തൂങ്ങി മരിച്ചത്. കഴിഞ്ഞ മാസം 21 നായിരുന്നു മരണമെങ്കിലും ഹുറൂബായതിനാൽ ആരും അന്വേഷിക്കാതെ  മൃതദേഹം മോർച്ചറിയിലായിരുന്നു.
അവിവാഹിതനായ ഇയാള്‍ നാട്ടില്‍ പോയി വന്നിട്ട് ഏഴു വര്‍ഷമായി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മറവുചെയ്യാന്‍  ബിഷയിലെ സാമൂഹിക പ്രവര്‍ത്തകനും ജിദ്ദ കോണ്‍സുലേറ്റ് സിസി ഡബ്ലിയു എ മെമ്പറുമായ അബ്ദുല്‍ അസീസ് പാതിപറമ്പന്‍ കൊണ്ടോട്ടിയെ  കുടുംബം ചുമതലപ്പെടുത്തി. നാട്ടിൽ അവധിക്ക് പോയിരുന്ന സഹോദരൻ കഴിഞ്ഞ ദിവസം ബിഷയിലെത്തിയിട്ടുണ്ട്. 
അഞ്ചു വര്‍ഷമായി സൗദി പൗരന്റെ കീഴില്‍ നല്ല രീതിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇമ്രാന്റെ ആത്മഹത്യ സുഹൃത്തുക്കള്‍ക്ക് വിശ്വസിക്കാനാവുന്നില്ല. മരിക്കുന്നതിന്റെ തലേദിവസം നാട്ടിലേക്ക് ഫോണ്‍ ചെയ്ത് ബന്ധുക്കളോട് സംസാരിച്ചിരുന്നുവെന്നാണ് നാട്ടിൽ ബന്ധപ്പെട്ടപ്പോൾ അബ്ദുൽ അസീസ് പാതിപറമ്പനെ അറിയിച്ചത്.

 

Latest News