മാറുന്ന സൗദിയുടെ മുഖമായി അബ്ദുറഹ്മാൻ അൽഫൗസാൻ

റിയാദ്- അതിവേഗം മാറ്റങ്ങൾക്ക് വിധേയമാകുന്ന സൗദി യുവതയുടെ മുഖമായി ഇതാ ഒരു യുവാവ് - എൻജിനീയർ അബ്ദുറഹ്മാൻ അൽഫൗസാൻ. ഫെയ്‌സ് ബുക്കിൽ എൻജിനീയറായി സേവനം അനുഷ്ഠിക്കുന്ന ഈ യുവാവ് നൈപുണിയിലും വൈദഗ്ധ്യത്തിലും സൗദി യുവത മറ്റാർക്കും പിറകിലല്ല എന്നതിന് വ്യക്തമായ ഉദാഹരണമാണ്. സാങ്കേതിക മേഖലയിൽ സ്വദേശിവത്കരണം വ്യാപകമാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് ട്വിറ്ററിൽ കുറിച്ച പോസ്റ്റിൽ റോയൽ കോർട്ട് ഉപദേഷ്ടാവ് സൗദ് അൽ ഖഹ്താനിയാണ് ഈ പ്രതിഭയെ പരിചയപ്പെടുത്തിയത്. 
അബ്ദുറഹ്മാൻ അൽ ഫൗസാന്റെ പ്രതിഭയെ രാകി മിനുക്കിയത് കിംഗ് അബ്ദുൽ അസീസ് ആന്റ് ഹിസ് കംപാനിയൻസ് ഫൗണ്ടേഷൻ ഫോർ ഗിഫ്റ്റഡ്‌നെസ് ആന്റ് ക്രിയേറ്റിവിറ്റി (മൗഹിബ) യിലെ പരിശീലനമാണ്. കിഴക്കൻ പ്രവിശ്യയിൽ ജനിച്ച അബ്ദുറഹ്മാൻ തന്റെ പഠന തപസ്യക്ക് തുടക്കം കുറിക്കുന്നതും അവിടെയാണ്. പഠനത്തിൽ മിടുക്ക് തെളിയിച്ച ഇദ്ദേഹം ശാസ്ത്ര ഗവേഷണ മേഖലയോട് നന്നേ ചെറുപ്പത്തിൽ തന്നെ ആഭിമുഖ്യം പ്രകടിപ്പിചിച്ചു. ഇതോടൊപ്പം ഗണിതശാസ്ത്രത്തിലും കംപ്യൂട്ടർ വിജ്ഞാനത്തിലും അതീവ തൽപരനായിരുന്നു.  
രാഷ്ട്രത്തിന് പ്രതിഭാ ശാലികളായ ഗവേഷകരെ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന മൗഹിബയിലെ വിവിധ പ്രോഗ്രാമുകളും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും അബ്ദുറഹ്മാൻ ശരിക്കും പ്രയോജനപ്പെടുത്തി. 2009 ൽ മൗഹിബ സയൻസ് ആന്റ് എൻജിനീയറിംഗ് എക്‌സിബിഷനിൽ അബ്ദുറഹ്മാൻ അൽ ഫൗസാൻ വികസിപ്പിച്ച സ്മാർട്ട് ഫയർ ഡിറ്റക്ടർ സന്ദർശകരെ വിസ്മയിപ്പിച്ചു. ഈ നേട്ടം ആ വർഷം അമേരിക്കയിലെ നെവാഡയിൽ സ്ഥിതി ചെയ്യുന്ന റിനോ നഗരത്തിൽ സംഘടിപ്പിച്ച ഇന്റൽ ഇന്റർനാഷണൽ സയൻസ് ആന്റ് എൻജിനീയറിംഗ് എക്‌സിബിഷനിലേക്ക് വഴി തുറന്നു. 2010 ൽ ഹൂസ്റ്റൺ നഗരം ആതിഥേയത്വം വഹിച്ച ഊർജ, പരിസ്ഥിതി, എൻജിനീയറിംഗ് മേഖലകളിലെ ആഗോള സുസ്ഥിര പദ്ധതികളുടെ ഇന്റർനാഷണൽ എക്‌സിബിഷൻ ഒളിംപ്യാഡിലും തന്റെ കണ്ടുപിടിത്തം പ്രദർശിപ്പിക്കാൻ അബ്ദുറഹ്മാന് അവസരം ലഭിച്ചു. അമേരിക്കയിലെ 43 സംസ്ഥാനങ്ങളും 70 രാജ്യങ്ങളും പങ്കെടുത്ത ഈ ഒളിംപിക്‌സിൽ വെള്ളി മെഡൽ കരസ്ഥമാക്കിയെന്നത് ഈ പ്രതിഭയുടെ തിളക്കത്തിന് മാറ്റ് കൂട്ടി. 
മൗഹിബയിൽ നിന്നുള്ള നിർദേശ പ്രകാരം കിംഗ് അബ്ദുല്ല യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി (കൗസ്റ്റ്) യിൽ കംപ്യൂട്ടർ പഠനത്തിന് ചേർന്നു. ഉന്നത നിലവാരത്തിലേക്ക് കൈപ്പിടിച്ച് നടത്തുന്നതിൽ കൗസ്റ്റിലെ പഠനം സഹായിച്ചുവെന്ന് അബ്ദുറഹ്മാൻ സാക്ഷ്യപ്പെടുത്തുന്നു. തുടർന്ന് അമേരിക്കയിലെ പ്രസിദ്ധമായ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യൂനിവേഴ്‌സിറ്റിയിൽ കംപ്യൂട്ടർ, ഇലക്ട്രിക്കൽ എൻജിനീയറിംഗ് കോഴ്‌സിന് ചേർന്നത് സാങ്കേതിക മേഖലകളിൽ ഉന്നത തലത്തിലേക്കുയരുന്നതിന് നിർണായകമായി. എം.ഐ.ടിയിൽ പഠിക്കുന്നതിനിടെ, ബോസ്റ്റണിലും ജർമനി, സ്വീഡൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലും സന്ദർശനം നടത്താനും പരിശീലനം നടത്തുന്നതിനും സാധിച്ചു. യൂനിവേഴ്‌സിറ്റി പഠനം പൂർത്തിയാക്കിയതിന് ശേഷം അബ്ദുറഹ്മാന് മുന്നിൽ അവസരങ്ങളുടെ വേലിയേറ്റമായിരുന്നു. ഇന്റർനെറ്റ് അതികായന്മാരായ ഗൂഗിൾ, ഫെയ്‌സ്ബുക്ക് കമ്പനികളിൽനിന്ന് ഒരുമിച്ച് വിളി വന്നതോടെ പെട്ടെന്ന് തീരുമാനമെടുക്കാൻ സാധിക്കാതെ വന്നു. ഏറെ  ആലോചിച്ചതിന് ശേഷം ഫെയ്‌സ്ബുക്ക് നൽകിയ വാഗ്ദാനം സ്വീകരിക്കുകയായിരുന്നു ഈ യുവ എൻജിനീയർ. അബ്ദുറഹ്മാൻ അൽ ഫൗസാനെ പോലെ അനേകം പ്രതിഭാശാലികളാൽ സമ്പന്നമാണ് സൗദിയെന്ന് സൗദ് അൽഖഹ്താൻ ട്വീറ്റിൽ ഓർമപ്പെടുത്തുന്നു.
 

Latest News