പട്‌ന- 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ബി.ജെ.പി ഇതര സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പിന്നോക്കം നില്‍ക്കുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി നല്‍കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം കിട്ടിയാല്‍ സാമ്പത്തികമായി പിന്നിലുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി നല്‍കും'. ബിഹാറിനെ കുറിച്ച് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മുന്നണിയെ ഒരുമിച്ചുകൂട്ടാനുള്ള സാധ്യതകള്‍ ആരായാന്‍ നിതീഷ് കുമാര്‍ അടുത്തിടെ ദല്‍ഹി സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പി ഇതര സര്‍ക്കാരിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.
ബിഹാറിന് പ്രത്യേക പദവി നല്‍കണമെന്നത് 2007 മുതല്‍ നിതീഷ് കുമാര്‍ ഉയര്‍ത്തുന്ന ആവശ്യമാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ബി.ജെ.പിയെ സമ്മര്‍ദത്തിലാക്കാനും നിതീഷ് പ്രത്യേകപദവി വിഷയം ചര്‍ച്ചയിലേക്ക് കൊണ്ടുവരിക പതിവാണ്.