വളര്‍ത്തുനായയെ ഒഴിവാക്കാന്‍ ഭര്‍ത്താവ് തയാറായില്ല; യുവതിയും മകളും ജീവനൊടുക്കി

ബംഗളൂരു- വളര്‍ത്തുനായയെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവും വീട്ടുകാരും തയാറാകാത്തതിനെ തുടര്‍ന്ന് 36 കാരി വീട്ടമ്മയും 13 കാരി മകളും ജീവനൊടുക്കി. അലര്‍ജിയും ശ്വാസതടസ്സവുമുള്ള സ്ത്രീ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നായയെ  ഒഴിവാക്കാന്‍ ഭര്‍തൃവീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നത്.

വീട്ടമ്മയായ ദിവ്യയും സ്വകാര്യ സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളുമാണ് ആത്മഹത്യ ചെയ്തത്. ദിവ്യയുടെ ഭര്‍ത്താവ് ശ്രീനിവാസ്, ഭര്‍തൃമാതാവ് വസന്ത, ഭര്‍തൃപിതാവ് ജനാര്‍ദന്‍ എന്നിവര്‍ക്കെതിരെ ഗോവിന്ദ്പുര പോലീസ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തു.

അലര്‍ജി കാരണം ശ്വസിക്കാന്‍ പ്രയാസമുള്ള ദിവ്യയോട് ആരോഗ്യം കണക്കിലെടുത്ത് പട്ടികളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് നിര്‍ദേശിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി ഭര്‍ത്താവിനോടും വീട്ടുകാരോടും ആവശ്യപ്പെട്ടിട്ടും അവര്‍ ചെവിക്കൊണ്ടില്ല. ഇതിനുശേഷം മകളോടൊപ്പം മുറിയില്‍ കയറി വാതിലടച്ച ഇരുവരും ഏറെ സമയം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് ഭര്‍തൃമാതാവ് ചെന്ന് നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്.

ദിവ്യയുടെ പിതാവ് പോലീസിനെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നായ ഒരിക്കലും ആരോഗ്യത്തെ ബാധിക്കില്ലെന്ന് പറഞ്ഞ് മകളുടെ ഭര്‍തൃബന്ധുക്കള്‍ തര്‍ക്കിച്ചതായും ദിവ്യയുടെ പിതാവ് പറഞ്ഞു.

 

Latest News