ജിദ്ദ- വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കും പുതിയ പ്രവേശനം തേടുന്നവരുടെ എണ്ണത്തിലെ കുറവും മൂലം സൗദിയിലെ ഇന്റർനാഷണൽ സ്‌കൂളുകൾ കടുത്ത പ്രതിസന്ധിയിൽ. വിദ്യാർഥി ക്ഷാമത്തിനു പുറമെ കടുത്ത നിബന്ധനകളാൽ സ്‌കൂൾ നടത്തിപ്പിൽ വന്ന വൻ സാമ്പത്തിക ബാധ്യത താങ്ങാനാവാതെയും ചില സ്‌കൂളുകൾ ഇതിനകം അടച്ചുപൂട്ടി. മറ്റു ചിലത് മുന്നോട്ടു പോകാനാവാത്തവിധം പ്രതിസന്ധിയെ നേരിടുകയാണ്.
സി.ബി.എസ്.ഇ സിലബസ് പഠിപ്പിക്കുന്ന സ്വകാര്യ ഇന്റർനാഷണൽ സ്‌കൂളുകളെയാണ് കൂടുതലായും പ്രതിസന്ധി ബാധിച്ചത്. ഈ സ്‌കൂളുകളിൽ 30-35 ശതമാനം കുട്ടികളുടെ ഒഴിഞ്ഞുപോക്ക് ഉണ്ടായിട്ടുണ്ട്. പുതിയ പ്രവേശനം മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ കുറവുമാണ്. ആശ്രിത ലെവിയും, തൊഴിൽ രംഗത്തെ പ്രതിസന്ധിയും മൂലം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കുടുംബങ്ങളുടെ എണ്ണം വർധിച്ചതോടെയാണ് സ്‌കൂൾ മേഖല പ്രതിസന്ധിയിലകപ്പെട്ടത്.
എംബസിയുടെ മേൽനോട്ടത്തിലുള്ള ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളുകളിലും ടി.സി വാങ്ങുന്ന കുട്ടികളുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ വളരെ കൂടുതലാണെങ്കിലും അതിനാനുപാതികമായി പുതിയ പ്രവേശനം തേടുന്നവരുണ്ടായത് അനുഗ്രഹമായി. ജിദ്ദ, ദമാം, റിയാദ്, ജുബൈൽ തുടങ്ങിയ ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് ഈ വർഷം ടി.സിക്ക് അപേക്ഷിച്ചവരുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിലേതിനേക്കാൾ മൂന്നിരട്ടിയാണെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. എന്നാൽ സ്വകാര്യ സ്‌കൂളുകളിൽ അവശേഷിക്കുന്ന കുട്ടികളിലധികവും ഈ സ്‌കൂളുകളിൽ പ്രവേശനം തേടിയതോടെ ഒരു പരിധി വരെ എംബസി നിയന്ത്രണത്തിലുള്ള സ്‌കൂളുകൾക്ക് ആശ്വാസമായി. കുറഞ്ഞ ഫീസും മറ്റു അധിക സൗകര്യങ്ങളുമാണ് സ്വകാര്യ സ്‌കൂളുകളിൽ നിന്നുള്ള കുട്ടികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്.
ജിദ്ദ, ദമാം ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് എല്ലാ വർഷവും ഹയർ സെക്കണ്ടറി പഠനം പൂർത്തിയാക്കിയ കുട്ടികളടക്കം 800-1000 പേരാണ് ടി.സി വാങ്ങാറുള്ളത്. എന്നാൽ ഇക്കുറി ഇവരെ കൂടാതെ ദമാം സ്‌കൂളിൽ രണ്ടായിരത്തോളം ടി.സി അപേക്ഷകരും ജിദ്ദ സ്‌കൂളിൽ 1200 ലേറെ ടി.സി അപേക്ഷകരുമുണ്ടായിട്ടുണ്ട്. അടുത്ത മാസത്തോടെ അപേക്ഷകരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. എംബസി സ്‌കൂളുകളിൽ മുൻ വർഷങ്ങളിൽ പ്രവേശനത്തിന് നറുക്കെടുപ്പ് നടത്തിയാണ് കുട്ടികളെ തെരഞ്ഞെടുക്കാറ്. ഇക്കുറിയും നറുക്കെടുപ്പുണ്ടായെങ്കിലും ഭാഗ്യം സിദ്ധിച്ചവർക്കു പുറമെ വെയിറ്റിംഗ് ലിസ്റ്റ് കഴിഞ്ഞും കുട്ടികൾക്ക് പ്രവേശനം നൽകിവരികയാണ്. എല്ലാ ക്ലാസുകളിലേക്കും പ്രവേശനം നൽകാറുമുണ്ടായിരുന്നില്ല. എന്നാൽ ഈ വർഷം എല്ലാ ക്ലാസുകളിലേക്കും പ്രവേശനം നൽകുന്നുണ്ട്. ഒട്ടേറെ കുട്ടികൾ ടി.സി വാങ്ങി പോകുന്നുണ്ടെങ്കിലും പുതിയ അഡ്മിഷൻ വരുന്നതിനാൽ സ്‌കൂളിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് എംബസി സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നു. അതേസമയം, കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തങ്ങളെ ഓരോ ദിവസം ചെല്ലുന്തോറും തളർത്തുകയാണെന്ന് സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകൾ സമ്മതിക്കുന്നു. വരും വർഷം പ്രതിസന്ധി ഇതിലും അധികമായിരിക്കുമെന്നും അവർ പറഞ്ഞു. ഇത്തരമൊരു പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ സിലബസുമായി ഇനി അധിക കാലം മുന്നോട്ടു പോകാനാവില്ലെന്നതിനാൽ ബ്രിട്ടീഷ് കരിക്കുലത്തിലേക്കു മാറുന്നതിനെക്കുറിച്ചും പല സ്‌കൂളുകളും ആലോചനയിലാണ്. അങ്ങനെയാവുമ്പോൾ എല്ലാ രാജ്യക്കാരായ കുട്ടികൾക്കും പ്രവേശനം നൽകാനാവും. ഇത് ഒരു പരിധി വരെ പ്രതിസന്ധിക്കു പരിഹാരമാകുമെന്നാണ് ഇവരുടെ കണക്ക് കൂട്ടൽ.
ഒരു കുട്ടിക്ക് കുറഞ്ഞത് 1.5 സ്‌ക്വയർ മീറ്റർ സ്ഥലം ക്ലാസിൽ ഉണ്ടായിരിക്കണമെന്ന നിബന്ധന ഈ വർഷം കൂടുതൽ കർക്കശമാക്കിയിരിക്കുകയാണ്. ഇത് ക്ലാസുകളിലെ കുട്ടികളുടെ എണ്ണം കുറക്കുന്നതിന് മാനേജ്‌മെന്റിനെ നിർബന്ധിതമാക്കിയിരിക്കുകയാണ്. ഇതോടൊപ്പം മൈതാനം, വിശ്രമകേന്ദ്രം, വിശാലമായ ലൈബ്രറി, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ സ്റ്റാഫ്, സുരക്ഷാ മാനദണ്ഡങ്ങൾ തുടങ്ങിയ നിബന്ധനകൾ കൂടി കർശനമാക്കിയതോടെ വരുന്ന അധിക ചെലവുകളും നടത്തിപ്പ് പ്രയാസകരമാക്കിയിരിക്കുകയാണെന്ന് ജിദ്ദയിലെ ഒരു സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു. എംബസി സ്‌കൂളുകളിലെ പ്രവേശനത്തിന് ഒരു മാനദണ്ഡവും ഇല്ലാതായതും തങ്ങൾക്ക് വൻ തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംബസികളുടെ നിയന്ത്രണത്തിലുള്ള പാക്കിസ്ഥാൻ, ബംഗ്ലാദേശ് ഇന്റർനാഷണൽ സ്‌കൂളുകളും കുട്ടികളുടെ കുറവ് മൂലം പ്രയാസത്തിലാണ്. ഡിവിഷൻ ഫോളുകൾ ഉണ്ടായതുമൂലം അധ്യാപകരിൽ പലർക്കും ജോലി നഷ്ടമായി. ബംഗ്ലാദേശ് ഇന്റർനാഷണൽ സ്‌കൂളിലെ 15 ഓളം അധ്യാപകർക്ക് ജോലിയിൽനിന്ന് ഒഴിവാക്കിയെന്ന് നോട്ടീസ് ലഭിച്ചു കഴിഞ്ഞു. ഇനിയും കൂടുതൽ പേർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിവരം.