Sorry, you need to enable JavaScript to visit this website.

ഫണ്ട് ഉറപ്പാക്കി ദുബായ് മെറ്റാവേഴ്‌സ് സ്ഥാപനം മെറ്റാഫി 

ട്രേഡിംഗ് പൊളിച്ചെഴുതുമെന്ന് വാഗ്ദാനം ചെയ്യുന്ന യു.എ.ഇ ആസ്ഥാനമായുള്ള മെറ്റാവേഴ്‌സ് സ്ഥാപനത്തിന് 30 ലക്ഷം ഡോളർ ഫണ്ട് വാഗ്ദാനം. 
വ്യവസായ ലോകത്തെ വൻകിടക്കാർ തന്നെയാണ് മെറ്റാവേഴ്‌സ് അടിസ്ഥാനമാക്കിയുള്ള മെറ്റാഫിയിൽ മുതൽമുടക്കുന്നത്. ഡബിൾപീക്ക് ഗ്രൂപ്പ്, മാവെൻ കാപിറ്റൽ, ഒ.കെ.എക്‌സ് ബ്ലോക്ക ഡ്രീം വെഞ്ച്വേഴ്‌സ്, മെഗാല വെഞ്ച്വേഴ്‌സ്, മാഗ്നസ് കാപിറ്റൽ, ലെഗിയോൺ വെഞ്ച്വേഴ്‌സ്, എസ്.എൽ2 കാപിറ്റൽ, ഗുഡ് ഗെയിം ഗിൽഡ്, മെറ്റാഗെയിമിംഗ് ഗിൽഡ് തുടങ്ങിയ കമ്പനികളാണ് ഫണ്ട് വാഗ്ദാനം ചെയ്തിരിക്കുന്നത്. 
ആദ്യ ഉൽപന്നമായ ട്രേഡിംഗ് മെറ്റാവേഴ്‌സിനുവേണ്ടിയാണ് മെറ്റാഫി ഈ ഫണ്ട് ഉപയോഗിക്കുക. ഉപയോക്താക്കൾ തന്നെ കൈകാര്യം ചെയ്യുന്ന പുതിയ ഇനം സോഷ്യൽ ട്രേഡിംഗ് അനുഭവമാണ് ട്രേഡിംഗ് മെറ്റാവേഴ്‌സ് വാഗ്ദാനം ചെയ്യുന്നത്. വർഷാവസാനത്തോടെ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് കരുതുന്ന പ്ലാറ്റ് ഫോമിനായി 90,000 പേരാണ് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. 
മിക്ക ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളും ഒരേ ഉൽപന്നമിറക്കിയാണ് മത്സരിക്കുന്നതെന്നും ട്രേഡിംഗിന് പുതിയ മാനം നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും മെറ്റാഫി സ്ഥാപകൻ മാറ്റ് ഡാനിലൈറ്റിസ് പറയുന്നു. 

ട്വിറ്റർ വാങ്ങാനുള്ള മസ്‌കിന്റെ പദ്ധതിക്ക് അംഗീകാരം 

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ വാങ്ങാനുള്ള കോടീശ്വരൻ എലോൺ മസ്‌കിന്റെ പദ്ധതിക്ക് ട്വിറ്റർ ഓഹരി ഉടമകളുടെ അംഗീകാരം. 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങുമെന്ന് മസ്‌ക് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിൻവാങ്ങിയിരുന്നു. ഷെയർ ഹോൾഡർമാർ പ്രാഥമികമായാണ് അംഗീകാരം നൽകിയതെന്നും അന്തിമ വോട്ടെടുപ്പ് പിന്നീട് നടത്തുമെന്നും അറിയിപ്പിൽ പറയുന്നു. ട്വിറ്റർ വാങ്ങാനുള്ള നീക്കം ഉപേക്ഷിക്കുകയാണെന്ന് ജൂലൈയിലാണ് മസ്‌ക് പ്രഖ്യാപിച്ചത്. 

മൂന്ന് മിനിറ്റിൽ ചാർജ് ചെയ്യാവുന്ന വെഹിക്കിൾ ബാറ്ററി 

ഇലക്ട്രിക്ക് വാഹനങ്ങൾ മൂന്ന് മിനിറ്റ് കൊണ്ട് ചാർജ് ചെയ്യാവുന്ന ബാറ്ററി വികസിപ്പിച്ചതായി ഹാർവാഡ് പിന്തുണയുള്ള സ്റ്റാർട്ട് അപ്പ് അറിയിച്ചു. ലിഥിയം ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ബാറ്ററി 10,000 തവണ ചാർജ് ചെയ്യാമെന്നും 20 വർഷത്തെ ആയുസ്സ് ലഭിക്കുമെന്നും ആഡൻ എനർജി വ്യക്തമാക്കുന്നു. ടെക്‌നോളജി കൂടുതൽ വികസിപ്പിക്കാനും വിപണിയിൽ ഇറക്കുന്നതിനും 5.15 ദശലക്ഷം ഡോളറിന്റെ ഫണ്ട് ലഭിച്ചിട്ടുണ്ട്. 

മഹാരാഷ്ട്രയിൽ ഐഫോൺ പ്ലാന്റുമായി വേദാന്ത 

മഹാരാഷ്ട്രയിൽ ആപ്പിളിന്റെ ഐ ഫോണുകളും ടി.വി ഉപകരണങ്ങളും നിർമിക്കുന്നതിനുള്ള യൂനിറ്റ് സ്ഥാപിക്കുമെന്ന് വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ അറിയിച്ചു. ആപ്പിളിന് ഘടകങ്ങൾ നൽകുന്ന ഫോക്‌സ്‌കോണുമായി സഹകരിച്ച് ഗുജറാത്തിൽ സെമി കണ്ടക്ടർ, ഡിസ് പ്ലേ നിർമാണ യൂനിറ്റ് സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം അനിൽ അഗർവാൾ അറിയിച്ചിരുന്നു. ഗുജറാത്തിലെ ജെ.വി പ്ലാന്റിന്റെ അനുബന്ധ ഘടകമായിരിക്കും മഹാരാഷ്ട്രയിലേതെന്ന് അദ്ദേഹം പറഞ്ഞു. 

എച്ച്.സി.എൽ 350 ജീവനക്കാരെ പിരിച്ചുവിട്ടു 

എച്ച്.സി.എൽ ടെക്‌നോളജീസ് ആഗോള തലത്തിൽ 350 ജീവനക്കാരെ പിരിച്ചുവിട്ടു. മൈക്രോസോഫ്റ്റിന്റെ പുതിയ ഉൽപന്നങ്ങളുമായി ജോലി ചെയ്തിരുന്നവരെയാണ് എച്ച്.സി.എൽ പിരിച്ചുവിട്ടത്. കഴിഞ്ഞയാഴ്ചയാണ് കമ്പനി ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. ഇന്ത്യ, ഗ്വാട്ടിമല, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നവരെയാണ് എച്ച്.സി.എൽ പിരിച്ചുവിട്ടിരിക്കുന്നത്. 

ആപ്പിളിനുശേഷം പിക്‌സൽ ഫോൺ നിർമാണവുമായി ഗൂഗിളും ഇന്ത്യയിൽ 

കോവിഡ് കാരണം ചൈനയിൽ മുടങ്ങിയ പിക്‌സൽ ഫോണുകളുടെ ഉൽപാദനം ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ഗൂഗിൾ. അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെ പിക്‌സൽ സ്മാർട് ഫോണുകൾ അസംബിൾ ചെയ്യുന്നതിനുള്ള ടെണ്ടറുകൾ ക്ഷണിച്ചിരിക്കയാണ് കമ്പനിയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഐഫോൺ 14 ന്റെ നിർമാണം ഇന്ത്യയിൽ തുടങ്ങുമെന്ന് ആപ്പിൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഗൂഗിളും പിക്‌സൽ ഫോണുമായി ഇന്ത്യയിലേക്ക് വരുന്നത്. 


ട്വിറ്ററിലെ ചൈനീസ് ചാരനെ കുറിച്ച് എഫ്.ബി.ഐ അറിയിച്ചിരുന്നു

ട്വിറ്ററിൽ ഒരു ചൈനീസ് ജോലി ചെയ്യുന്നതായി യു.എസ് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ ട്വിറ്റർ അധികൃതരെ യഥാസമയം അറിയിച്ചിരുന്നുവെന്ന് ട്വിറ്ററിലെ ഉള്ളറ രഹസ്യങ്ങൾ വെളിപ്പെടുത്തി വിവാദം സൃഷ്ടിച്ച മുൻ സുരക്ഷാ ഉദ്യോഗസ്ഥൻ പീറ്റർ സാറ്റ്‌കോ. 
ഏറ്റവും ചുരുങ്ങിയത് ഒരു ചൈനീസ് ഏജന്റെങ്കിലും ട്വിറ്ററിൽ ജോലിക്കാരനായി ഉണ്ടെന്ന് എഫ്.ബി.ഐ അറിയിച്ചിരുന്നുവെന്ന വിവരം പീറ്റർ സാറ്റ്‌കോയെ ഉദ്ധരിച്ച് സെനറ്റർ ചുക് ഗ്രാസ്ലെയാണ് വെളിപ്പെടുത്തിയത്. ട്വിറ്റർ ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനീസ് സർക്കാരിന്റെ കൈയിലെത്തുമെന്ന് ജീവനക്കാർ ആശങ്കപ്പെട്ടിരുന്നു. ട്വിറ്ററിൽ സ്വന്തം ഏജന്റിനെ ജീവനക്കാരനായി നിയമിക്കാൻ ഇന്ത്യയും ശ്രമിച്ചിരുന്നുവെന്ന് ട്വിറ്റർ സുരക്ഷാ മേധാവിയായിരുന്ന സാറ്റ്‌കോ വെളിപ്പെടുത്തിയിരുന്നു. സാറ്റ്‌കോയുടെ വെളിപ്പെടുത്തലിന്റെ വിവരങ്ങൾ കൂടി തനിക്കെതിരായ വിചാരണയിൽ ഉൾപ്പെടുത്തണമെന്ന് എലോൺ മാസ്‌ക് ആവശ്യപ്പെട്ടിട്ടുണ്ട്. ട്വിറ്റർ വാങ്ങാനുള്ള പദ്ധതി ഉപക്ഷേിച്ചതിനെ തുടർന്നാണ് മസ്‌കിനെതിരെ അന്വേഷണം.  

Latest News