Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളിൽ നിക്ഷേപക താൽപര്യം വർധിച്ചു 

  • സബ്‌സിഡി ഒഴിവാക്കിയിട്ടും വിൽപനയെ ബാധിച്ചില്ല, നിക്ഷേപകരിൽ താൽപര്യം വർധിച്ചു 

ഇന്ത്യയിൽ ഇലക്ട്രിക് വാഹന വ്യവസായത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് കോടികൾ നിക്ഷേപിക്കുന്നു. രണ്ട് പ്രധാന സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും ഗോവയും പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്കുള്ള ഉപഭോക്തൃ ആനുകൂല്യങ്ങൾ പിൻവലിച്ചിട്ടും ഇന്ത്യയിൽ ഇലക്ട്രിക് വാഹന വ്യവസായത്തിന്റെ വളർച്ചാ സാധ്യതകളിൽ നിക്ഷേപകർ വലിയ താൽപര്യമാണ് കാണിക്കുന്നത്. വിപണിയിൽ കോടിക്കണക്കിന് രൂപയാണ് നിക്ഷേപിക്കുന്നത്.  
സബ്‌സിഡി പിൻവലിച്ചത് ഇലക്ട്രിക് ഇരുചക്ര വാഹന വിൽപനയെ ബാധിച്ചേക്കാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഈ വ്യവസായത്തിന് വലിയ സാധ്യതകളാണുള്ളതെന്ന് ബ്ലൂം വെഞ്ചേഴ്‌സ് ഡയറക്ടർ അർപിത് അഗർവാൾ പറഞ്ഞു. യുലു, ഇലക്ട്രിക്‌പെ, ബാറ്ററിസ്മാർട്ട് എന്നിവയുൾപ്പെടെയുള്ള ഇ.വി സ്റ്റാർട്ടപ്പുകളിൽ സ്ഥാപനം നിക്ഷേപം നടത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് ഗോവയുടെ ചുവടുപിടിച്ച് മഹാരാഷ്ട്രയും ഇലക്ട്രിക് സ്‌കൂട്ടറുകൾക്കും മോട്ടോർ സൈക്കിളുകൾക്കുമുള്ള സബ്‌സിഡി പിൻവലിച്ചത്. ഇത് ഒരു വാഹനത്തിന് 10,000 രുപ വരെ വില വർധിക്കാൻ കാരണമാകും. ജൂലൈയിലാണ് ഗോവ വൈദ്യതി വാഹനങ്ങൾക്കുള്ള ഇൻസെന്റീവ് എടുത്തുകളഞ്ഞത്. ഈ വർഷം ആദ്യ ആറ് മാസത്തിനിടെ മഹാരാഷ്ട്രയിൽ 40,000 ഇരുചക്രവാഹന രജിസ്‌ട്രേഷനുകളാണ് നടന്നത്. രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്തുള്ള മഹാരാക്ട്രിയിൽ  ബാറ്ററിക്ക് 5,000 രുപയാണ് സബ്‌സിഡി വാഗ്ദാനം ചെയ്തിരുന്നത്. ബാറ്ററി കപ്പാസിറ്റി അനുസരിച്ച് 10,000 രൂപ ആയിരുന്നു ഉയർന്ന സബ്‌സിഡി പരിധി. തുടക്കത്തിൽ, 10,000 വാഹനങ്ങൾക്കായിരുന്നു സബ്‌സിഡി ഉദ്ദേശിച്ചിരുന്നതെങ്കിലും 64,000 പേർക്ക് പ്രയോജനം ലഭിച്ചതായി ഇരുചക്ര വാഹന പ്ലാറ്റ്‌ഫോമായ ബൈക്ക് ദേഖോ പറയുന്നു. 
എന്നാൽ സബ്‌സിഡി ഒഴിവാക്കാനുള്ള തീരുമാനങ്ങൾ ഡിമാൻഡിനെ ബാധിച്ചിട്ടില്ലെന്ന് ഓഗസ്റ്റിലെ വൈദ്യുതി വാഹനങ്ങളുടെ വിൽപന തെളിയിച്ചു. സർക്കാരിന്റെ വാഹന രജിസ്‌ട്രേഷൻ പോർട്ടലായ വാഹനിലെ വിവരങ്ങൾ അനുസരിച്ച്, മാർച്ചിന് ശേഷം രണ്ടാം തവണയും ഇലക്ട്രിിക് ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷൻ 50,000 കടന്നു.
ഓഗസ്റ്റിൽ 10,476 ഇരുചക്ര വൈദ്യുതി വാഹനങ്ങൾ രജിസ്റ്റർ ചെയ്തതോടെ, ഹീറോ ഇലക്ട്രിക് ഒന്നാമതെത്തി, ഒകിനാവയും ആംപിയറും യഥാക്രമം 8,554, 6,396 യൂനിറ്റുകളുമായി രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് ഇരുചക്രവാഹന നിർമാതാക്കളിൽ ഒന്നായ ഒകിനാവ ഓട്ടോടെകിൽ വാഹനങ്ങളുടെ ഡിമാൻഡിൽ കുറവൊന്നും ഉണ്ടായിട്ടില്ലെന്ന് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ജീതേന്ദർ ശർമ്മ പറഞ്ഞു.

Latest News