Sorry, you need to enable JavaScript to visit this website.

ഗൂഗിൾ 2500 കോടി ഡോളറിന്റെ നിയമനടപടി നേരിടുന്നു 

പരസ്യ വിപണയിൽ മേധാവിത്തം ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിൽ യു.കെയിലും യൂറോപ്യൻ യൂനിയനിലും ഗൂഗിൾ കേസ് നേരിടുന്നു. ഡിജിറ്റൽ പരസ്യ രീതികൾ സംബന്ധിച്ച തർക്കത്തിൽ ഗൂഗിൾ 2500 കോടി ഡോളർ നഷ്ടപരിഹാരവും പിഴയും നൽകേണ്ടിവരുമെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന. തങ്ങളുടെ മേധാവിത്തം ഉപയോഗിച്ച് മത്സരങ്ങൾക്ക് തടയിട്ടുവെന്നാണ് പ്രധാന ആരോപണം. ഗൂഗിളിൽനിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിഷർമാർ യു.കെയിലും നെതർലാൻഡ്‌സിലും അടുത്ത ദിവസങ്ങളിൽ പുതിയ പരാതികൾ നൽകുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. പരാതികളെ തുടർന്ന് അധികൃതർ ഗൂഗിളിൽ ഈയിടെ പരിശോധന നടത്തിയിരുന്നു. സ്മാർട് ഫോണുകളിലായാലും വെബിലായാലും ഉപയോക്താക്കൾ കാണുന്നവയിൽ ബഹുഭൂരിഭാഗവും ഗൂഗിൾ പരസ്യങ്ങളാണ്. വിപണിയിൽ 90 ശതമാനവും ഗൂഗിളിനാണെന്നു പറയാം. ഡിജിറ്റൽ പരസ്യങ്ങളാണ് ഇപ്പോൾ ലോകത്തെമ്പാടുമുള്ള വാർത്താ വെബ് സൈറ്റുകൾ ഇപ്പോൾ പ്രധാന വരുമാന മാർഗമായി ആശ്രയിക്കുന്നത്. വൻകിട പത്രങ്ങൾ മാത്രമല്ല, ചെറുതും സ്വതന്ത്രവുമായ ബ്ലോഗുകൾ വരെ ഫീ വാങ്ങി തങ്ങളുടെ സൈറ്റുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിക്കുന്നു. ടെക് പരസ്യ ബിസിനസിൽ ഗൂഗിൾ തങ്ങളുടെ മേധാവിത്തം ദുരുപയോഗിക്കുന്നുണ്ടോയെന്ന് യൂറോപ്യൻ കമ്മീഷനും യു.കെയിലെ അധികൃതരും പരിശോധിക്കുകയാണ്. എതിരാളികൾക്കും പരസ്യക്കാർക്കുംമേൽ ഗൂഗിളിന് നീതിപൂർവകമല്ലാത്ത സ്വാധീനവും അധികാരവും ലഭിക്കുന്നു. ഇതേ വിഷയത്തിൽ കഴിഞ്ഞ വർഷം ഫ്രഞ്ച് കോംപറ്റീഷൻ നിരീക്ഷണ ഏജൻസി ഗൂഗിളിന് 220 ദശലക്ഷം ഡോളർ പിഴ ചുമത്തിയിരുന്നു. വിശ്വാസ വഞ്ചനയുമായും ഡാറ്റ സംരക്ഷണവുമായും ബന്ധപ്പെട്ട് ഗൂഗിൾ വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്ന് ഐറിഷ് സിവൽ ലിബർട്ടീസ് കൗൺസിലിലെ ജോണി റയാൻ പറയുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും മേധാവിത്തം ദുരുപയോഗം ചെയ്യുന്ന ഗൂഗിളിനെതിരെ കേസുകൾ ആരംഭിക്കുകയാണ്. അതേസമയം, പിഴ ശിക്ഷ വിധിക്കുന്നത് ഇത്തരം ടെക് കമ്പനികളുടെ നിലപാട് മാറ്റത്തിനു പ്രേരകമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 
സമൂഹത്തിൽ നിർണായക പങ്കുവഹിക്കുന്ന പ്രാദേശിക, ദേശീയ വാർത്താ മാധ്യമങ്ങളും പബ്ലിഷർമാരും ഗൂഗിളിന്റെ കുത്തക സ്വഭാവത്തിന്റെ പ്രത്യാഘാതം അനുഭവിക്കുന്നുണ്ടെന്ന് ഡച്ച് കേസിൽ ഉൾപ്പെട്ട ബെൽജിയം നിയമസ്ഥാപനമായ ജെറാഡിൻ പാർട്‌ണേഴ്‌സിലെ ഡാമീൻ ഗെറാഡിൻ പറഞ്ഞു. എല്ലാ രാജ്യങ്ങളിലും സുപ്രധാന പങ്കുവഹിക്കുന്ന മാധ്യമ വ്യവസായത്തിനേൽപിക്കുന്ന ആഘാതം പരിഹരിക്കാനും നഷ്ടപരിഹാരം നൽകാനും ഗൂഗിൾ സമ്മതിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. 
യു.കെ. കോമ്പറ്റീഷൻ അപ്പീൽ ട്രൈബ്യൂണലിലുള്ള കേസിൽ അനകൂല ഉത്തരവുണ്ടായാൽ അത് സ്വന്തം ഓൺലൈൻ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന ചെറുതു മുതൽ വലുതുവരെയുള്ള മീഡിയാ സ്ഥാപനങ്ങൾക്ക് മികച്ച നഷ്ടപരിഹാരത്തിനുള്ള വഴി തുറക്കും. അടുത്ത മാസത്തോടെ കൂടുതൽ കേസുകൾ അധികൃതർക്കുമുമ്പാകെ എത്തുമെങ്കിലും തീർപ്പ് ലഭിക്കാൻ വർഷങ്ങളെടുക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമയുദ്ധത്തിന്റെ ഫലമായി കുത്തക കമ്പനിയായ ഗൂഗിൾ അതിന്റെ നിലവിലുള്ള രീതിയിൽ മാറ്റം വരുത്തുകയെന്നതും സുപ്രധാനമാണെന്ന് യു.കെ നിയമ സ്ഥാപനമായ ഹംഫ്രീസ് കെർസെറ്റർ പ്രതിനിധി ടൊബി സ്റ്റാർ പറഞ്ഞു. 
ഗൂഗിളിന്റെ കുത്തക സ്വഭാവം കാരണം ഇരകൾക്ക് 700 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്ന് കണക്കാക്കുന്നതായും അദ്ദേഹം പറഞ്ഞു. വലിയതോതിൽ പ്രതിദിന വായനക്കാരുള്ള ന്യൂസ് വെബ് സൈറ്റുകൾ മുതൽ പരസ്യ വരുമാനത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ചെറുകിട സ്ഥാപനങ്ങൾ വരെ ഗൂഗിളിന്റെ നിതീപൂർവകമല്ലാത്ത സമീപനത്തിന്റെ ഫലം അനുഭവിക്കുന്നു. ഡിജിറ്റൽ പരസ്യ ടെക്‌നോളജി മാർക്കറ്റിലെ ഗൂഗിളിന്റെ ശേഷിയെ കുറിച്ചും യു.കെ അധികൃതർ പരിശോധിക്കുന്നുണ്ട്. ഗൂഗിളിന്റെ സമീപനം ദ്രോഹമായി തീർന്നവരെ യോജിച്ച നടപടിക്ക് പ്രേരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. 

Latest News