Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എണ്ണ വില കുതിക്കുന്നു; പ്രവാസ ലോകത്ത് ആശ്വാസം; ഇന്ത്യയില്‍ നെഞ്ചിടിപ്പ്‌

ഒപെക് സമ്പദ്‌രംഗത്തിന് ആശ്വാസം, ഇന്ത്യയിൽ ദുഃസ്വപ്നമായി ഇന്ധന വിലക്കയറ്റം
ന്യൂദൽഹി- രാജ്യാന്തര വിപണിയിൽ എണ്ണ വില വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കുന്നത് ഇന്ത്യയിൽ സാധാരണക്കാരന്റെ നെഞ്ചിടിപ്പിന് ആക്കം കൂട്ടുന്നു. അതേസമയം, സമ്പദ്‌രംഗത്തിന് ശക്തി പകരുമെന്നതിനാൽ പ്രവാസ ലോകം ആശ്വാസത്തോടെയാണ് ഇതിനെ കാണുന്നത്. അമേരിക്കയുടെ ശക്തമായ താക്കീത് മറികടന്നും എണ്ണ വില കുതിക്കുകയാണ്. ഇന്നലെ ബാരലിന് 75 ഡോളറായിരുന്നു വില.
അഞ്ചു കൊല്ലം മുമ്പ് 50 ഡോളറിലും താഴെ പോയ വിലയാണ് ഇപ്പോൾ 75 കടക്കുന്നത്. 80 ഡോളറെങ്കിലും എത്തുക എന്നതാണ് എണ്ണയുൽപാദക രാജ്യങ്ങളുടെ ആഗ്രഹം. അതിനു ശേഷമേ എണ്ണയുൽപാദനം കൂട്ടാൻ അവർക്ക് പദ്ധതിയുള്ളൂ. റഷ്യ ഉൾപ്പെടെയുള്ള എണ്ണ ഉൽപാദക രാജ്യങ്ങൾ വില വർധനയിൽ ആഹ്ലാദിക്കുകയാണ്. എണ്ണ വില വർധിക്കുന്നതിൽ രോഷാകുലനായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൽപാദനം കൂട്ടാൻ ഉൽപാദക രാജ്യങ്ങളോട് ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കപ്പെട്ടിട്ടില്ല. എണ്ണ ഉൽപാദക രാജ്യങ്ങളിൽ പ്രധാനമായ വെനിസ്വേലയിൽ ഉൽപാദനം 30 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡോളർ കരുത്തു പ്രാപിച്ചതും എണ്ണ വില കൂടാനുള്ള കാരണമാണ്. 
നവംബർ 2014 ന് ശേഷമുള്ള ഏറ്റവും വലിയ ഉയരത്തിലാണ് കഴിഞ്ഞ ദിവസം എണ്ണ വില എത്തിയത്. ശക്തമായ ഡിമാന്റും ഉൽപാദനത്തിൽ ഒപെക് രാജ്യങ്ങൾ വരുത്തിയ വെട്ടിക്കുറവുമാണ് എണ്ണ വില അതിവേഗം ഉയരാൻ കാരണം. ഇറാനെതിരെ അമേരിക്കയുടെ ഉപരോധ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന വാർത്തയും എണ്ണ വിപണിക്ക് കരുത്തു പകർന്നു. 
എണ്ണ വില വർധനവ് ഇന്ത്യയിൽ ദുഃസ്വപ്നമായി പടരുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വില കഴിഞ്ഞ ദിവസം കൂടിയിരുന്നു. കേന്ദ്ര, സംസ്ഥാന  സർക്കാരുകൾ നികുതി കുറക്കാൻ തയാറാകാത്തത്, വില വർധനയുടെ ഭാരം പൂർണമായും ഉപഭോക്താക്കളുടെ ചുമലിലാക്കിയിരിക്കുകയാണ്. കേരളത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും വില അഞ്ചു വർഷത്തെ ഉയർന്ന നിരക്കിലാണ്. പെട്രോളിന് 78.75 രൂപയും ഡീസലിന് 71.49 രൂപയുമാണ് തിരുവനന്തപുരത്ത് ഇന്നലെ വില. ഇനിയും വില കൂടാൻ സാധ്യതയുണ്ട്. 
രാജ്യാന്തര വില വർധനവാണ് കാരണമെന്ന് എണ്ണക്കമ്പനികൾ പറയുന്നുവെങ്കിലും ഇന്ധന വില ഇതുപോലെ ഉയർന്നു നിന്ന 2013-14 കാലത്ത് ഇത്രയധികം വില ഉണ്ടായിരുന്നില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിലയുടെ പകുതിയോളം കേന്ദ്ര, സംസ്ഥാന തീരുവകളാണെന്നതാണ് യാഥാർഥ്യം. കേന്ദ്രം കുറക്കട്ടെയെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. സംസ്ഥാനങ്ങൾ കുറയ്ക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 
ഇന്ധന വിലക്കയറ്റം ഭക്ഷ്യ വസ്തുക്കളുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും വിലയിൽ വർധനവുണ്ടാക്കും എന്ന ആശങ്കയും നിലനിൽക്കുന്നു, ഇത് പണപ്പെരുപ്പം കൂടാൻ ഇടയാക്കും. രാജ്യത്ത് പെട്രോളിനും ഡീസലിനും ഉയർന്ന നിരക്കിൽ വാറ്റ് ഈടാക്കുന്ന സംസ്ഥാനങ്ങളിലും കേരളം മുന്നിലാണ്. ആന്ധ്രയും തെലങ്കാനയും കഴിഞ്ഞാൽ രാജ്യത്ത് ഡീസലിന് കൂടുതൽ വാറ്റ് ചുമത്തിയിരിക്കുന്നത് കേരളത്തിലാണ്. പെട്രോളിന് കേരളത്തേക്കാൾ വാറ്റ് ചുമത്തുന്നത് ഏഴിൽ താഴെ സംസ്ഥാനങ്ങളിൽ മാത്രമാണ്. 
പെട്രോൾ, ഡീസൽ വില വർധിക്കുമ്പോൾ വലിയ സാമ്പത്തിക ലാഭമാണ് സംസ്ഥാന സർക്കാരിനുള്ളത്. 2013-14 വർഷം 4515 കോടിയായിരുന്നു വാറ്റ് വരുമാനമെങ്കിൽ 2016-17 കാലത്ത് 6899 കോടിയായി ഉയർന്നു. ഡീസലിന് 25.60 ശതമാനമാണ് കേരളത്തിലെ വാറ്റ് നിരക്ക്. 
39.95 ശതമാനം ഈടാക്കുന്ന മഹാരാഷ്ട്രയിലാണ് പെട്രോളിന് ഏറ്റവും വലിയ വാറ്റ്. 32.02 ശതമാനം വാങ്ങുന്ന കേരളവും കൂടുതൽ വാറ്റ് വാങ്ങുന്ന പട്ടികയിൽ മുന്നിലുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ പെട്രോൾ വിൽക്കുന്ന സംസ്ഥാനങ്ങളിൽ അഞ്ചാമതാണ് കേരളം. വാറ്റ് കുറച്ചാൽ വലിയ ആശ്വാസമാകുമെന്ന് ജനങ്ങൾ കരുതുന്നുവെങ്കിലും സർക്കാർ അതിന് തയാറല്ല. 

Latest News