ന്യൂദല്‍ഹി- ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ബലാത്സംഗ കേസിലെ പ്രതികളെ വിട്ടയക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നവരില്‍ നിന്ന് സ്ത്രീകളുടെ സുരക്ഷ പ്രതീക്ഷിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെ ഗോധ്ര സബ് ജയിലില്‍ നിന്ന് കഴിഞ്ഞ മാസം ബി.ജെ.പി സര്‍ക്കാര്‍ മോചിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ട്വീറ്റ്.
ലഖിംപൂര്‍ ഖേരിയിലെ നിഘസന്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കരിമ്പ് തോട്ടത്തിലെ മരത്തിലാണ് കൗമാരക്കാരായ രണ്ട് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആറ് പേരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
ദളിത് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവന്നയുടന്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പേരില്‍ യു.പിയിലെ ബിജെപി സര്‍ക്കാരിനെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രണ്ട് സഹോദരിമാരുടെ കൊലപാതകം ഹൃദയഭേദകമാണ്. പെണ്‍കുട്ടികളെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയെന്നാണ് ബന്ധുക്കള്‍ പറയുന്നത്- പ്രിയങ്ക ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
എല്ലാ ദിവസവും പത്രങ്ങളിലും ടെലിവിഷനുകളിലും തെറ്റായ പരസ്യങ്ങള്‍ നല്‍കിയാല്‍ മാത്രം ക്രമസമാധാനം മെച്ചപ്പെടില്ല. എന്തുകൊണ്ടാണ് ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചോദിച്ചു.






