കൊച്ചി- ദുരൂഹ സാഹചര്യത്തില്‍ കാണാതായ ചെറായി അയ്യമ്പിള്ളി സ്വദേശികളായ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളില്‍ ഒരാള്‍ വീട്ടില്‍ തിരിച്ചെത്തി. 13 വയസുള്ള സഹോദരനാണ് തിരികെയെത്തിയത്. സഹോദരങ്ങള്‍ക്കായി സംസ്ഥാനമൊട്ടാകെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥി തിരിച്ചെത്തിയത്. എന്നാല്‍ 15 വയസുള്ള സഹോദരിയെ കണ്ടെത്താനായിട്ടില്ല. പെണ്‍കുട്ടിക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നില്‍ക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
അയ്യമ്പിള്ളി കൊട്ടിയാട്ടില്‍ വിബീഷിന്റെ മക്കളായ അക്ഷയ് കൃഷ്ണ(13), അ്ഞ്ജന വിബീഷ് (15) എന്നിവരെ ചൊവ്വാഴ്ച രാവിലെ മുതലാണ് കാണാതായത്. തൃശൂര്‍ ചേര്‍പ്പില്‍ പിതാവിന്റെ വീട്ടില്‍ നിന്നു പഠിക്കുന്ന കുട്ടികള്‍ ചൊവ്വാഴ്ച സ്വന്തം വീട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞ് ഇറങ്ങിയത്. വൈകിയും വീട്ടില്‍ എത്താതിരുന്നതോടെ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നതിനാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച എറണാകുളത്തുണ്ടായിരുന്നതായി കണ്ടെത്തി. പിന്നീട് ബുധനാഴ്ച പുലര്‍ച്ചെ 4.30ന് വര്‍ക്കലയില്‍ എത്തിയതായി കണ്ടെങ്കിലും ഫോണ്‍ ഓഫായതോടെ പോലീസിന് തുടര്‍ വിവരം ലഭിക്കാതായി. അതിനുശേഷം തിരുവനന്തപുരത്ത് റേഞ്ച് കണ്ടതോടെ അന്വേഷണം ഊര്‍ജിതമാക്കി.
തിരിച്ചെത്തിയ കുട്ടിയില്‍നിന്നു വിവരങ്ങള്‍ ലഭിക്കുന്നതിനാണ് പോലീസ് ശ്രമിക്കുന്നത്. പെണ്‍കുട്ടിക്ക് സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദങ്ങള്‍ ഉണ്ടെന്നാണു വിവരം. പെണ്‍കുട്ടി ആരെയോ കണ്ടെത്തിയതോടെ ആണ്‍കുട്ടി തിരിച്ചു പോരുകയായിരുന്നുവെന്നാണ് സൂചന. പെണ്‍കുട്ടിയെ ഉടന്‍ കണ്ടെത്താനാകുമെന്ന് മുനമ്പം സി.ഐ പറഞ്ഞു.