ഏഴ് വയസുകാരന്റെ കൊലപാതകം; അമ്മയുടെ സുഹൃത്തിനെ 17ന് ഹാജരാക്കണം

തൊടുപുഴ- കുമാരമംഗലത്ത് ഏഴു വയസുകാരനെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 17ന് കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കേസിലെ പ്രതി തിരുവനന്തപുരം നന്തന്‍കോട് സ്വദേശി കടവത്തൂര്‍ കാസില്‍ അരുണ്‍ ആനന്ദിനെ നേരിട്ടു ഹാജരാക്കാന്‍ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. പ്രതിയെ അന്നേ ദിവസം കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. തുടര്‍ന്ന് കേസില്‍ വിചാരണ ആരംഭിക്കുന്ന തിയതിയെ സംബന്ധിച്ച് കോടതി തീരുമാനമെടുക്കും. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി. എസ് അജയനാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നത്.
2019 മാര്‍ച്ച് 29നായിരുന്നു കേസിനാസ്പദ സംഭവം. കുട്ടിയുടെ മാതാവിന്റെ സുഹൃത്തായിരുന്ന അരുണ്‍ ആനന്ദ് കുട്ടിയെ മര്‍ദിക്കുകയും ഭിത്തിയിലേക്ക് വലിച്ചെറിയുകയുമായിരുന്നു. തലക്ക് മാരക പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന കുട്ടി ഏപ്രില്‍ ആറിന് മരിച്ചു. കുട്ടിയുടെ പിതാവിന്റെ മരണ ശേഷമാണ് പ്രതി അമ്മയോടൊപ്പം താമസമാക്കിയത്. കുട്ടിയുടെ നാലു വയസുകാരനായ ഇളയ സഹോദരനു നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ കേസില്‍ പോക്സോ കോടതി ഇയാള്‍ക്ക് 19 വര്‍ഷം കഠിന തടവും 23.81 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
ചിത്രം- അരുണ്‍ ആനന്ദ്

 

Latest News