എടക്കര (മലപ്പുറം)-മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. എടക്കര പഞ്ചായത്തിലെ ഉപ്പട മലച്ചി പട്ടികവര്‍ഗ കോളനിയിലെ രമണിയാണ് (26) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുണ്ടേരി അപ്പന്‍കാപ്പ് കോളനിയിലെ സുരേഷിനെ(33) പോത്തുകല്‍ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.
മദ്യലഹരിയില്‍ വീട്ടിലെത്തിയ സുരേഷ് ഭാര്യയുമായി വാക്കേറ്റത്തിലായി. ഇതിനിടെ ഇയാള്‍ രമണിയെ മര്‍ദിച്ചു. കൈയില്‍ കിട്ടിയ വടികൊണ്ടു രമണിയെ അടിക്കുകയായിരുന്നു. തലക്കേറ്റ പരിക്കാണ് മരണകാരണമായി കരുതുന്നത്. തലയുടെ പിറകില്‍ മുറിവേറ്റ രമണി ചലനമറ്റെന്നു മനസിലാക്കിയ സുരേഷ് പ്രദേശത്തെ ഒരു റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്റെ അടുത്തെത്തി സംഭവം പറഞ്ഞു. ഇയാള്‍ വിവരം നല്‍കിയതനുസരിച്ച് രാത്രി 11 നു സ്ഥലത്തെത്തിയ പോലീസ് സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മലപ്പുറം സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എം. ബിജു സ്ഥലത്തെത്തിയിരുന്നു. നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ. ഏബ്രഹാമിന്റെ സാന്നിധ്യത്തില്‍ എടക്കര പോലീസ് ഇന്‍സ്പെക്ടര്‍ വി.എന്‍. ഷൈജു മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തു. മലപ്പുറത്തു നിന്നു ഫോറന്‍സിക് വിഭാഗം ഡോ. മിനി, വിരലടയാള വിദഗ്ധ റുബീന എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുത്തു. മൃതദേഹത്തില്‍ നിരവധി മുറിവുകളുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. രമണിക്ക് മക്കളില്ല. പിതാവ്: മന്നി. മാതാവ്: ചീര. സഹോദരന്‍: രതീഷ്. അറസ്റ്റു രേഖപ്പെടുത്തിയ സുരേഷിനെ പിന്നീട് കേടതിയില്‍ ഹാജരാക്കി റിമാന്‍ഡ്് ചെയ്തു.






