Sorry, you need to enable JavaScript to visit this website.

തീവണ്ടിയില്‍ പ്രസവിച്ച് യാത്രക്കാരി, രക്ഷകയായി മെഡിക്കല്‍ വിദ്യാര്‍ഥി

വിശാഖപട്ടണം - തീവണ്ടിയില്‍ പ്രസവിച്ച യാത്രക്കാരി, സഹായത്തിന് മെഡിക്കല്‍ വിദ്യാര്‍ഥി. സെക്കന്തരാബാദ്-വിശാഖപട്ടണം തുരന്തോ എക്‌സ്പ്രസിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥി സ്വാതി റെഡ്ഡി കൃത്യസമയത്ത് യുവതിയുടെ സഹായത്തിന് എത്തുകയായിരുന്നു.

ചീപുരുപള്ളിയിലെ പൊന്നം ഗ്രാമത്തിലെ സത്യവതിയാണ് തീവണ്ടിയില്‍ പ്രസവിച്ചത്. സത്യവതിയും ഭര്‍ത്താവ് സത്യനാരായണനും ഹൈദരാബാദില്‍നിന്ന് സ്വന്തം നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനിടയില്‍ സത്യവതിക്ക് പ്രസവവേദന തുടങ്ങി. എന്നാല്‍ അടുത്തൊന്നും പ്രധാന സ്‌റ്റേഷനുകള്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയിലെത്തിക്കുക ബുദ്ധിമുട്ടായിരുന്നു. ഇതോടെ സത്യനാരായണ്‍ ആ കംപാര്‍ട്‌മെന്റിലെ മറ്റു സ്ത്രീകളുടെ സഹായം തേടി. അതില്‍ ഒരാള്‍ സ്വാതി റെഡ്ഡി ആയിരുന്നു. എന്നാല്‍ സ്വാതി ഡോക്ടറാണെന്ന കാര്യമൊന്നും ആ സമയത്ത് സത്യനാരായണന് അറിയില്ലായിരുന്നു.

'ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. സമയം പുലര്‍ച്ചെ ഒരു 4.30 ആയിക്കാണും. ആ സമയത്ത് ഒരാള്‍ എന്നെ വന്ന് തട്ടിവിളിച്ചു. അയാള്‍ ആകെ വിയര്‍ത്തുകുളിച്ചിരുന്നു. തന്റെ ഭാര്യക്ക് പ്രസവ വേദന വന്നെന്നും സഹായിക്കമോ എന്നും എന്നോട് ചോദിച്ചു. ഞാന്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ഥി ആണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.' സ്വാതി റെഡ്ഡി പറയുന്നു.

തുടര്‍ന്ന് ഓടിയെത്തിയ സ്വാതി കംപാര്‍ട്‌മെന്റില്‍ യുവതിയുടെ സീറ്റിന് സമീപം തുണികൊണ്ട് മറച്ച് പ്രസവ മുറിയാക്കി. തുടര്‍ന്ന് വളരെ ശ്രദ്ധയോടെ കുഞ്ഞിനെ പുറത്തെടുത്തു. അത്യാവശ്യ മരുന്നുകള്‍ സ്വാതിയുടെ കൈവശമുണ്ടായിരുന്നതും രക്ഷയായി.

എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ സ്വാതി നിലവില്‍ വിശാഖപട്ടണത്തെ ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്.

 

Latest News