Sorry, you need to enable JavaScript to visit this website.

സ്റ്റാലിൻ ലക്ഷ്യമിടുന്നത്  2024 ലെ തെരഞ്ഞെടുപ്പ് 

കന്യാകുമാരിയിൽ വെച്ച് രാഹുലിന് ദേശീയ പതാക കൈമാറിയത്  മുഖ്യമന്ത്രി സ്റ്റാലിനാണ്. ഇതിലൂടെ തമിഴ് ജനതക്ക് വ്യക്തമായ രണ്ടു സന്ദേശങ്ങളാണ് സ്റ്റാലിൻ നൽകിയത്. കോൺഗ്രസിന്റെ ഏറ്റവും വിശ്വസ്ത പങ്കാളി ഡി.എം.കെയാണ്. തന്റെ കക്ഷിക്ക് ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയുമായി കൂട്ടുകൂടാൻ യാതൊരു പരിപാടിയുമില്ല.  ജനങ്ങൾക്കിഷ്ടമുള്ള നേതാവായ സ്റ്റാലിൻ പ്രതിപക്ഷത്തിന്റെ പ്രധാന മന്ത്രി  സ്ഥാനാർഥിയൊന്നുമാവില്ലായിരിക്കും. എന്നാൽ ദേശീയ രാഷ്ട്രീയത്തിൽ 2024 ലെ തെരഞ്ഞെടുപ്പിൽ കിംഗ് മേക്കറുടെ റോളിൽ അദ്ദേഹമുണ്ടാവും 

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം ഒരു മാസം മുമ്പ് ചെന്നൈയിൽ ചെസ് ഒളിംപ്യാഡ് ഉദ്ഘാടന വേളയിൽ വേദി പങ്കിട്ടത് രാഷ്ട്രീയ നിരീക്ഷകരിൽ പല സംശയങ്ങൾക്കും ഇടയാക്കിയിരുന്നു. ഡി.എം.കെ സർക്കാർ അധികാരത്തിലേറിയ ശേഷം രണ്ടാമത് തവണയാണ് മോഡി സംസ്ഥാനത്തെത്തിയത്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി 30,000 കോടി രൂപയുടെ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. മമത ബാനർജി കടുത്ത മോഡി വിരോധിയായിട്ടാണ് അറിയപ്പെടുന്നതെങ്കിലും  എ.ബി. വാജ്‌പേയി കാലത്ത് എൻ.ഡി.എയുടെ ഭാഗമായിരുന്നു അവർ. അതേ പോലെ സ്റ്റാലിനും കളം മാറ്റി കളിയുടെ തുടക്കത്തിലാണോ എന്നായിരുന്നു പലരുടെയും സംശയം. ദേശീയ സഖ്യകക്ഷിയായ കോൺഗ്രസിനെ ഉപേക്ഷിച്ച് ബി.ജെ.പിയുമായി കൂട്ടുചേരാൻ സാധ്യതയുണ്ടെന്ന് വരെ ഊഹാപോഹങ്ങൾ പ്രചരിച്ചു. ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനൊപ്പവും അടുത്തിടെ സ്റ്റാലിൻ വേദി പങ്കിട്ടിരുന്നു. ഇതൊക്കെയാണ് സംശയങ്ങൾക്ക് അടിസ്ഥാനം. എന്നാൽ അതിലൊന്നും കാര്യമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. രാഹുൽ ഗാന്ധി ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ തുടക്കം സ്റ്റാലിന്റെ സംസ്ഥാനത്തു വെച്ചായിരുന്നു. രാഹുലിനെ സംബന്ധിച്ചിടത്തോളം തമിഴകവുമായി വൈകാരികമായ അടുപ്പമുണ്ട്. പ്രിയപ്പെട്ട പിതാവ് രാജീവ് ഗാന്ധി രകത്സാക്ഷിത്വം വരിച്ചത് 1991 മെയ് മാസത്തിൽ ചെന്നൈക്കടുത്തുള്ള ശ്രീപെരുംപത്തൂരിൽ വെച്ചാണല്ലോ. അതിന്റെയൊക്കെ പ്രതിഫലനം രാഹലിന്റെ വാക്കുകളിൽ പ്രകടമായിരുന്നു. ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം കാരണമാണ് തനിക്ക് അച്ഛനെ നഷ്ടമായത്. ഇതേ പോലെ ഇരുട്ടിന്റെ ശക്തികൾ പ്രിയപ്പെട്ട രാജ്യത്തെ തകർക്കുന്നത് അനുവദിക്കാനാവില്ല. മഹാത്മാഗാന്ധി സ്മൃതി മണ്ഡപത്തിലും കന്യാകുമാരിയിലും ശ്രീപെരുംപത്തൂരിലും ഇറങ്ങിയ രാഹുൽ തമിഴ് മനസ്സ് കീഴടക്കിയാണ് യാത്ര ആരംഭിച്ചത്. 


ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ കക്ഷിയുടെ ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളുമർപ്പിക്കാൻ ദ്രാവിഡ കക്ഷിയുടെ അനിഷേധ്യ നേതാവായ സംസ്ഥാന മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തിറങ്ങുകയും ചെയ്തു. രാഹുലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചതിങ്ങനെ- ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. വർഗീയ ധ്രുവീകരണത്തിലൂടെ വിദ്വേഷത്തിന്റെ വിഷവിത്തുകൾ പാകുന്ന ഈ കെട്ട കാലത്ത് മുത്തശ്ശി പാർട്ടി രാജ്യത്തെ ജനങ്ങൾക്കിടയിൽ സ്‌നേഹവും ഐക്യവും വീണ്ടെടുക്കാനുള്ള ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. ജനങ്ങളെ സ്‌നേഹം കൊണ്ട് ഒരുമിപ്പിക്കാനുള്ള എന്റെ സഹോദരന്റെ ദൗത്യത്തിന് എല്ലാ ആശംസകളും -മറ്റൊരു ട്വീറ്റിൽ സ്റ്റാലിൻ എടുത്തു പറഞ്ഞു. റിപ്പബ്ലിക്കിന്റെ ചൈതന്യം വീണ്ടെടുക്കാൻ ഭാരതയാത്ര തുടങ്ങാൻ കുമാരിയെ (കന്യാകുമാരി) പോലെ ഉചിതമായ ഒരു സ്ഥലം ഇന്ത്യയിൽ വേറെ കാണില്ല. സമത്വത്തിന്റെ പ്രതീകമായ തിരുവള്ളുവറിന്റെ പ്രതിമ അവിടെയാണല്ലോ -തമിഴുനാട് മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങളിൽ രാഹുലിന്റെ പ്രയാണം തുടങ്ങിയ ദിവസം കുറിച്ചു. 


കന്യാകുമാരിയിൽ വെച്ച് രാഹുലിന് ദേശീയ പതാക കൈമാറിയത്  മുഖ്യമന്ത്രി സ്റ്റാലിനാണ്. ഇതിലൂടെ തമിഴ് ജനതക്ക് വ്യക്തമായ രണ്ടു സന്ദേശങ്ങളാണ് സ്റ്റാലിൻ നൽകിയത്. കോൺഗ്രസിന്റെ ഏറ്റവും വിശ്വസ്ത പങ്കാളി ഡി.എം.കെയാണ്. തന്റെ കക്ഷിക്ക് ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയുമായി കൂട്ടുകൂടാൻ യാതൊരു പരിപാടിയുമില്ല. ദേശീയ തലത്തിൽ കോൺഗ്രസ് വേണമെന്ന ആഗ്രഹമാണ് സ്റ്റാലിൻ പ്രകടിപ്പിച്ചത്. കോൺഗ്രസിലെ ചില വൻതോക്കുകൾ 2019 ലെ പൊതു തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥി സ്ഥാനത്ത് മറ്റാരെങ്കിലും വരട്ടെയെന്നാഗ്രഹിച്ച സമയത്താണ് സ്റ്റാലിൻ 2018 ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. കേരളത്തിലെന്ന പോലെ തമിഴകത്തും രാഹുലിന്റെ പ്രശസ്തിക്കും സ്വീകാര്യതക്കും ഒട്ടും കുറവുണ്ടായിട്ടില്ല. ഇതാണ് 2019 ലെ പൊതു തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമായത്. 39 ൽ 38 സീറ്റുകളിലും ഡി.എം.കെ-കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയാണ് വിജയിച്ചത്. ബി.ജെ.പിക്ക് ഇനിയും വേരോട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ലാത്ത സംസ്ഥാനമാണ് തമിഴ്‌നാടെന്നും വ്യക്തമായി. തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ടി.ആർ.എസ് തുടങ്ങിയ പ്രാദേശിക കക്ഷികൾ കോൺഗ്രസിനെ പരമാവധി അകറ്റി നിർത്തുമ്പോഴാണ് ഡി.എം.കെ രാഹുലിന്റെ ഭാരത യാത്രക്ക് സർവ പിന്തുണയുമായി രംഗത്തെത്തിയത്.  ഡി.എം.കെ മുഖപത്രമായ മുരശൊലിയിൽ കഴിഞ്ഞ വാരത്തിൽ പ്രസിദ്ധപ്പെടുത്തിയ പത്രാധിപരുടെ പേര് വെച്ചുള്ള മുഖപ്രസംഗത്തിൽ  സ്റ്റാലിൻ രാഹുലിനെ ഭാവി പ്രധാനമന്ത്രിയായി വിശേഷിപ്പിച്ചതിനെ താരതമ്യം ചെയ്തത് അദ്ദേഹത്തിന്റെ അച്ഛൻ എം. കരുണാനിധി പണ്ട് ഇന്ദിരാഗാന്ധിയെ പിന്തുണച്ചതിനോടാണ്. ഇന്ദിരാഗാന്ധിക്കെതിരെ കോൺഗ്രസിൽ മൊറാർജി ദേശായി ഉൾപ്പെടെയുള്ളവർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച വേളയിലാണ് കരുണാനിധി ഇന്ദിരയെ സധൈര്യം പിന്തുണയ്ക്കാനെത്തിയത്. 


കേരളത്തിലെ പിണറായി സർക്കാരിന്റെ കാലത്തു തന്നെയാണ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ സർക്കാർ അധികാരത്തിലേറിയത്.   
ദ്രാവിഡ ചിന്തകൾ ആയുധമാക്കി തമിഴ് ജനതയുടെ മനസ്സിൽ കുടിയേറിയ ഡി.എം.കെയെ ജനകീയമാക്കുന്നതിൽ അല്ലെങ്കിൽ അതിന്റെ തുടക്കം മുതൽ അങ്ങേയറ്റം പരിശ്രമിക്കുന്ന രണ്ട് നേതാക്കന്മാരായിരുന്നു കരുണാനിധിയും എം.ജി.ആറും. സിനിമയെ അവർ അതിനൊരു ആയുധമാക്കുകയും ചെയ്തു. എഴുത്തിലൂടെ കലൈഞ്ജറും അഭിനയത്തിലൂടെ എം.ജി.ആറും അവരുടെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചു. പെരിയാറിലും കാമരാജിലും ആരംഭിച്ച് എം.ജി.ആറിലും കരുണാനിധിയിലും ജയലളിതയിലും കേന്ദ്രീകരിച്ചിരുന്ന ദ്രാവിഡ രാഷ്ട്രീയം എന്നും പ്രതികാരത്തിന്റേതും തിരിച്ചടികളുടേതുമായാണ് ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. നേർക്കുനേർ ഏറ്റുമുട്ടി, കൊണ്ടും കൊടുത്തും വളർന്ന ഡി.എം.കെയുടെയും എ.ഐ.ഡി.എം.കെയുടെയും  ചരിത്രം ഇന്ത്യൻ ജനാധിപത്യത്തിലെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെയും മാറ്റിനിർത്താൻ സാധിക്കാത്ത അധ്യായമാണ്. സ്വതന്ത്ര്യ സമര പ്രസ്ഥാനത്തിലൂടെ രാജ്യമാകെ അധികാരത്തിലെത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ തകർത്തെറിഞ്ഞ ഒരു പ്രാദേശിക പാർട്ടിയാണിത്. 
ഇതിനെയെല്ലാം തിരുത്തിയെഴുതുകയാണ് മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന എം.കെ. സ്റ്റാലിൻ. അച്ഛന്റെ മൂർച്ചയുള്ള വാക്കുകളോ ആളുകളെ പെട്ടെന്ന് ആകർഷിക്കുന്നതിനുള്ള കരിസ്മയൊ അദ്ദേഹത്തിന്  ഇല്ലാതിരുന്നിട്ടും ഒരു ദീർഘദർശിയെ പോലെ പ്രസ്ഥാനത്തെയും തന്റെയൊപ്പം നിന്നവരെയും നയിച്ച അദ്ദേഹം മുഖ്യമന്ത്രിയായി. പത്ത് വർഷം പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കേണ്ടി വന്നതിന്റെ ക്ഷീണമൊന്നുമില്ലാതെ ജനങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടി, സർക്കാരിന്റെ തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടി. 


 2016 ൽ ജയലളിതയും 2019 ൽ കരുണാനിധിയും മരിച്ചതോടെ തമിഴക രാഷ്ട്രീയം ഏവരുടെയും ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായി. ഇനി എന്ത് എന്ന ആശങ്കയും കൗതുകവുമായിരുന്നു അതിന് പിന്നിൽ. പ്രതീക്ഷിച്ചത് പോലെ  എ.ഐ.ഡി.എം.കെയിൽ ജയലളിതയുടെ മരണത്തിന് ശേഷം അധികാര പിടിവലികൾ ശക്തമായി. അതേസമയം,  സ്റ്റാലിൻ പാർട്ടിയുടെ സെമി കേഡർ സ്വഭാവത്തിലൂടെ ഡി.എം.കെയെ ഒറ്റക്കെട്ടായി പിടിച്ചു നിർത്തി. 234 അംഗ നിയമസഭയിൽ പ്രതിപക്ഷത്ത് 64 എം.എൽ.എമാരേയുള്ളൂ. എ.ഐ.ഡി.എം.കെയിലെ നേതാക്കൾ ചേരി തിരിഞ്ഞ് പോരാടുന്നു. എന്നാലിതൊന്നും സ്റ്റാലിനെന്ന ജനകീയ മുഖ്യമന്ത്രിയുടെ ആവേശത്തെ കുറക്കുന്നില്ല. അധികാരമേറ്റ ഉടൻ പാവപ്പെട്ട കുടുംബങ്ങൾക്ക് 4000 രൂപയും കിറ്റും നൽകി. സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമാക്കി. സംസ്ഥാന വികസനം ഉറപ്പു വരുത്തുന്നതിനൊപ്പം ജനക്ഷേമത്തിലും ശ്രദ്ധയൂന്നുന്ന മുഖ്യമന്ത്രി. കേരളത്തിൽ പുരോഗമന ഇടതുപക്ഷ സർക്കാരാണ്. എന്നാൽ സാധാരണക്കാരുടെ വിഷമങ്ങൾ പരിഗണിക്കാതെയാണ് പല നടപടികളും. കുഞ്ഞുങ്ങളെ കടിച്ചു കീറുന്ന തെരുവു പട്ടികളെ സ്‌നേഹിക്കാൻ പഠിക്കണമെന്ന് ഉപദേശിക്കുന്ന നഗര മാതാക്കളുള്ള നാടാണ് നമ്മുടേത്. തമിഴുനാട്ടിലെ പൊതുഗതാഗത രംഗത്തിന്റെ കാര്യം മാത്രമെടുക്കാം. ബസിൽ യാത്ര ചെയ്യാൻ ആണുങ്ങൾ ടിക്കറ്റെടുക്കണമല്ലോ. ഇന്ത്യയിലെ പ്രമുഖ മെട്രോപോളിറ്റൻ നഗരമായ ചെന്നൈയിൽ അഞ്ചു രൂപ എന്ന മിനിമം ചാർജ് കൊടുത്താൽ ആറ് കിലോ മീറ്ററിലേറെ യാത്ര ചെയ്യാം. കേരളത്തിൽ മിനിമം എട്ടുണ്ടായിരുന്നത് ഇപ്പോൾ പത്തായി. സ്റ്റേജ് നിർണയത്തിലെ അപാകത കാരണം രണ്ടോ മൂന്നോ കിലോ മീറ്റർ യാത്ര ചെയ്യാൻ സാധാരണക്കാർ പതിമൂന്ന് രൂപ കൊടുക്കണം. ഇതാണ് വ്യത്യാസം. കേരളത്തിൽ അനീതിക്കെതിരെ പ്രതിഷേധിക്കാൻ ഒരു പ്രതിപക്ഷവുമില്ല. ഇന്ത്യയിൽ പ്രതീക്ഷയുള്ള ദേശീയ നേതാവ് സ്റ്റാലിനാണെന്ന് നിസ്സംശയം പറയാം. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുമായെല്ലാം നല്ല സൗഹൃദം. ക്രെഡിബിലിറ്റി ഒട്ടുമില്ലാത്ത ബിഹാറിലെ നിതീഷ് കുമാറിനേക്കാളും മോഡിക്കൊപ്പം ലോഞ്ച് ചെയ്യപ്പെട്ട ദൽഹിയിലെ കെജ്‌രിവാൡനേക്കാളും ജനങ്ങൾക്കിഷ്ടമുള്ള നേതാവ്. സ്റ്റാലിൻ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയൊന്നുമാവില്ലായിരിക്കും. എന്നാൽ ദേശീയ രാഷ്ട്രീയത്തിൽ 2024 ലെ തെരഞ്ഞെടുപ്പിൽ കിംഗ് മേക്കറുടെ റോളിൽ അദ്ദേഹമുണ്ടാവും തീർച്ച. 

Latest News