VIDEO ബൈക്കപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത് ജെ.സി.ബിയില്‍

ഭോപ്പാല്‍- പരിക്കേറ്റയാളെ ജെ.സി.ബിയില്‍ ആശുപത്രിയില്‍ എത്തിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മധ്യപ്രദേശിലെ കട്‌നി ജില്ലയിലാണ് സംഭവം. സയമത്ത് ആംബുലന്‍സ് അപകടസ്ഥലത്ത് എത്താത്തതിനെ തുടര്‍ന്ന് ലഭ്യമായ ജെ.സി.ബിയില്‍ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ തീരുമാനിച്ചത്.
ബര്‍ഹിയില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിനുവേണ്ടി 108 ല്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫീസര്‍ പ്രദീപ് മുധിയ പറഞ്ഞു. ആംബുലന്‍സ് സേവനം നല്‍കുന്ന ഏജന്‍സി മാറിയതാണ് കാരണം. സമീപത്തെ ടൗണില്‍നിന്ന് ആംബുലന്‍സ് എത്താന്‍ സമയമെടുക്കും.
ബൈക്ക് അപകടത്തില്‍ പെട്ടയാളുടെ കാല് പൊട്ടിയിരുന്നുവെന്ന് ജെ.സി.ബി ഉടമയും പ്രദേശിക ജന്‍പഥ് പഞ്ചായത്ത് മെംബറുമായ പുഷ്‌പേന്ദ്ര വിശ്വകര്‍മ പറഞ്ഞു. ആംബുലന്‍സ് കിട്ടിയില്ലെന്ന് മാത്രമല്ല, മൂന്നു നാല് ഓട്ടോറിക്ഷക്കാരെ വിളിച്ചെങ്കിലും സഹായിക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് തന്റെ ജെ.സി.ബിയില്‍ പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പുഷ്‌പേന്ദ്രയുടെ കടയുടെ മുന്നിലായിരുന്നു അപകടം.
ജെ.സി.ബിയും ആശുപത്രിയും വാര്‍ത്തയാകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം ഗര്‍ഭിണിയെ ജെ.സി.ബിയില്‍ ആശുപത്രിയിലെത്തിച്ച വീഡിയോ വൈറലായിരുന്നു. പ്രളയം കാരണം ആംബുലന്‍സിന് നീമാച് ജില്ലയില്‍ എത്തിപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.

 

Latest News