നിലവിലില്ലാത്ത 86 പാര്‍ട്ടികളെ ഒഴിവാക്കി, 253 പാര്‍ട്ടികള്‍ നിര്‍ജീവമെന്നും തെര.കമ്മീഷന്‍

ന്യൂദല്‍ഹി- നിലവിലില്ലാത്തതും അംഗീകാരമില്ലാത്തതുമായ 86 രാഷ്ട്രീയ പാര്‍ട്ടികളെ കൂടി പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതോടെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിക്കാത്തതിന് കമ്മീഷന്‍ ഒഴിവാക്കിയ പാര്‍ട്ടികളുടെ എണ്ണം 537 ആയി.
തെരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിക്കാനും വിശാല പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയുമാണ് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഇലക് ഷന്‍ കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

രജിസ്റ്റര്‍ ചെയ്തതും എന്നാല്‍ അംഗീകാരമില്ലത്തതുമായ 253 പാര്‍ട്ടികള്‍ സജീവമല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അനൂപ് ചന്ദ്രയും പരിശോധിച്ചാണ് നടപടി കൈക്കൊണ്ടതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
ഇതോടെ 2022 മേയ് 25 നുശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയ പാര്‍ട്ടികളുടെ എണ്ണം 537 ലെത്തി.
ബന്ധപ്പെട്ട സംസ്ഥാനങ്ങളില്‍ ചീഫ് ഇലക് ടറല്‍ ഓഫീസര്‍മാര്‍ നടത്തിയ പരിശോധനയിലാണ് 86 പാര്‍ട്ടികള്‍ നിലവിലില്ലെന്ന് കണ്ടെത്തിയത്.

 

Latest News