Sorry, you need to enable JavaScript to visit this website.

പഞ്ചാബിലും ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമര,  എം.എല്‍.എയ്ക്ക് വാഗ്ദാനം 25 കോടി -എ.എ.പി 

ചണ്ഡീഗഢ്- പഞ്ചാബില്‍ ഓപ്പറേഷന്‍ താമര നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുന്നെന്ന ആരോപണവുമായി എഎപി. പഞ്ചാബ് ധനമന്ത്രി ഹര്‍പാല്‍ ചീമയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പഞ്ചാബിലെ എഎപിയുടെ എംഎല്‍എമാരോട് മുതിര്‍ന്ന നേതാക്കന്മാരെ കാണാന്‍ ഡല്‍ഹിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും പാര്‍ട്ടി മാറാന്‍ കോടികള്‍ വാഗ്ദാനം ചെയ്തുവെന്നും ചീമ ആരോപിച്ചു. 
ദല്‍ഹിയിലേക്ക് വരൂ, ബിജെപിയുടെ വലിയ നേതാക്കന്മാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിത്തരാം' എന്ന് പറഞ്ഞ് തങ്ങളുടെ ഒരു എംഎല്‍എയ്ക്ക് ഫോണ്‍ കോള്‍ വന്നുവെന്നും ചീമ പറഞ്ഞു. പാര്‍ട്ടിമാറാന്‍ ഓരോ എംഎല്‍എയ്ക്കും 25 കോടി വീതമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നത്. ഓപ്പറേഷന്‍ താമര കര്‍ണാടകയില്‍ വിജയിച്ചിട്ടുണ്ടാകും. എന്നാല്‍ ദല്‍ഹിയിലെ എംഎല്‍എമാര്‍ ഉറച്ചുനില്‍ക്കുകയും ബിജെപിയുടെ ശ്രമത്തെ പരാജയപ്പെടുത്തുകയും ചെയ്തു ചീമ ചണ്ഡീഗഢില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പഞ്ചാബ് സര്‍ക്കാരില്‍ മാറ്റം വരികയാണെങ്കില്‍ എംഎല്‍എമാര്‍ക്ക് വലിയ പ്രൊമോഷനും പദവികളും ലഭിക്കുമെന്നും എംഎല്‍എമാര്‍ക്ക് വാഗ്ദാനം ലഭിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്ര എഎപി എംഎല്‍എമാരെ ബിജെപി സമീപിച്ചുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പത്ത്  എന്നായിരുന്നു ചീമയുടെ മറുപടി. കഴിഞ്ഞ ഒരാഴ്ചയായി ബിജെപി തങ്ങളുടെ എംഎല്‍എമാരെ വാങ്ങാന്‍ ശ്രമിക്കുകയാണെന്നും നേരിട്ടും അല്ലാതെയുമായി 10 എം.എല്‍എമാരെ സമീപിച്ചുവെന്നും ചീമ പറഞ്ഞു. ശരിയായ സമയത്ത് തെളിവ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News