മുംബൈ- മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ അധിക്ഷേപവും അശ്ലീലവും പോസ്റ്റ് ചെയ്ത സംഭവത്തില്‍ 50 കാരിയെ അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷമായി പ്രതി ഇത്തരം അധിക്ഷേപകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നുണ്ടെന്ന് പോലീസിന്റെ സൈബര്‍ സെല്‍ വിഭാഗം അറിയിച്ചു.
അറസ്റ്റിലായ സ്മൃതി പഞ്ചല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ 53 വ്യാജ അക്കൗണ്ടുകളും ജി മെയിലില്‍ 13 അക്കൗണ്ടുകളും ഉണ്ടാക്കിയിരുന്നുവെന്നും ഇവ വഴിയാണ് അശ്ലീല കമന്റുകളും മറ്റും നല്‍കിയിരുന്നതെന്നും മഹാരാഷ്ട്ര സൈബര്‍ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും 2008ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുറ്റസമ്മതം നടത്തി. സെപ്തംബര്‍ 15 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കയാണ്.
എന്തായിരുന്നു സ്ത്രീയുടെ ലക്ഷ്യമെന്ന് പോലീസിന് സ്ഥിരീകരിക്കാനായിട്ടില്ല.
ഇന്റര്‍നെറ്റില്‍ അശ്ലീല ഉള്ളടക്കം പോസ്റ്റുചെയ്യുന്നതിനെതിരെ സൈബര്‍ വകുപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് ആവര്‍ത്തിച്ചു.






