തെരുവുനായ വിമുക്ത കൊച്ചിക്കായി ജോസ് മാവേലിയുടെ ഓട്ടയജ്ഞം

കൊച്ചി-കേരളത്തിലെ തെരുവുകള്‍ അക്രമകാരികളായ പട്ടികള്‍ കീഴടക്കുന്നതില്‍ പ്രതിഷേധിച്ച് സന്നദ്ധ പ്രവര്‍ത്തകനായ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ഓട്ടയജ്ഞമാരംഭിച്ചു. തെരുവുനായ വിമുക്തഭാരത സംഘത്തിന്റെ പിന്തുണയോടെയാണ് ജോസ് മാവേലി ഓട്ടയജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആലുവ സെന്റ് സേവ്യേഴ്സ് കോളജില്‍ ഓട്ടയജ്ഞത്തിന് സ്വീകരണം നല്‍കി.  കോളജ് കാമ്പസിലെത്തിയ പ്രതിഷേധയജ്ഞക്കാരെ സെന്റ് സേവ്യേഴ്സ് കോളജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകരും വിദ്യാര്‍ഥിനികളും ചേര്‍ന്നാണ് സ്വീകരിച്ചത്.
ആദ്യ തെരുവുനായ വിമുക്ത ജില്ലയായി എറണാകുളം ജില്ലയെ മാറ്റി രാജ്യത്തിനാകമാനം മാതൃകയാക്കണമെന്നാണ് ലക്ഷ്യമെന്ന് ജോസ് മാവേലി പറഞ്ഞു. അതിനായി എറണാകുളം ജില്ലയിലുടനീളം വരുംദിവസങ്ങളില്‍ പര്യടനം നടത്താനാണ് ജോസ് മാവേലിയുടെ പദ്ധതി.
അക്രമകാരികളായ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്ത് ജനങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് തെരുവുനായ ഉന്മൂലനസംഘവുമായി നേരത്തെ ജോസ് മാവേലി രംഗത്തെത്തിയിരുന്നു. അന്ന് കേന്ദ്രമന്ത്രിയായിരുന്ന മനേകഗാന്ധിയുടെയും കടുത്തപ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് ജോസ് മാവേലിയെ കേസെടുത്ത് ജയിലിലടച്ചു. നായകളെ പിടികൂടി പരസ്യമായി കൊന്നതിന് വിവിധ കോടതികളില്‍ ജോസ് മാവേലിക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.

 

Latest News