റിയാദ്- യെമനിലേക്ക് അനധികൃത രീതിയിൽ വൻതോതിൽ ആയുധങ്ങൾ കടത്തിയിരുന്നയാളാണ് കഴിഞ്ഞ ദിവസം സഖ്യസേന ആക്രമണത്തിൽ കൊല്ലപ്പെട്ട ഫാരിസ് മന്നാഅ്. യെമനിൽനിന്ന് സൗദിയിലേക്കും മറ്റു രാജ്യങ്ങളിലേക്കും ആയുധങ്ങൾ കടത്തിയിരുന്നു. മുൻ യെമൻ പ്രസിഡന്റ് അലി സ്വാലിഹിന്റെ അടുപ്പക്കാരിൽ ഒരാളായിരുന്ന ഫാരിസ് മന്നാഅ് ഹൂത്തികൾക്ക് ആയുധങ്ങൾ എത്തിച്ച് നൽകിയിരുന്ന പ്രധാനിയായിരുന്നു. അലി സ്വാലിഹുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2010 ൽ ഫാരിസ് മന്നാഇനെ അറസ്റ്റ് ചെയ്തിരുന്നു. മുൻ ലിബിയൻ നേതാവ് കേണൽ മുഅമ്മർ ഖദ്ദാഫിക്കു വേണ്ടി ചാരവൃത്തി നടത്തിയെന്നും ഹൂത്തികൾക്ക് ആയുധങ്ങൾ എത്തിച്ചുനൽകിയെന്നുമുള്ള ആരോപണങ്ങൾ അന്ന് നേരിട്ടു. അക്കാലത്ത് ഫാരിസ് മന്നാഇന്റെ സഹോദരൻ ഹസൻ മന്നാഅ് ആയിരുന്നു ഹൂത്തികളുടെ ശക്തികേന്ദ്രമായ സഅ്ദയിലെ ഗവർണർ. ഫാരിസ് മന്നാഇനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഗവർണർ സ്ഥാനത്തുനിന്ന് ഹസൻ മന്നാഅ് രാജിവെച്ചു. ഫാരിസ് മന്നാഇന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് അനുയായികൾ യെമനിൽ സ്‌ഫോടനങ്ങളും വിധ്വംസക പ്രവർത്തനങ്ങളും നടത്തി. നിരവധി പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇതോടെ ഫാരിസ് മന്നാഇന്റെ വിചാരണ നീട്ടിവെക്കുകയായിരുന്നു.
മാസങ്ങൾക്കു ശേഷം ജയിൽ മോചിതനായ ഫാരിസ് മന്നാഅ് ഹൂത്തികളുമായി അടുപ്പം സ്ഥാപിക്കുകയും വിദേശങ്ങളിൽനിന്ന് വൻതോതിൽ ആയുധങ്ങൾ ഹൂത്തികൾക്ക് എത്തിച്ചുനൽകുകയും ചെയ്തു. ഇതാണ് അട്ടിമറിക്ക് ഹൂത്തികൾക്ക് സഹാകയമായത്. സോമാലിയയിലെ അൽശബാബ് മൂവ്‌മെന്റിന് ആയുധങ്ങൾ എത്തിച്ചുനൽകിയവരുടെ പട്ടികയിൽ യു.എൻ ഫാരിസ് മന്നാഇന്റെ പേര് ഉൾപ്പെടുത്തിയിരുന്നു. ആഫ്രിക്കയിലെ ഏറ്റവും വലിയ ആയുധ വ്യാപാരിയായിരുന്നു ഫാരിസ്. ഇക്കാരണത്താൽ ഫാരിസ് മന്നാഇന്റെ ബാങ്ക് നിക്ഷേപങ്ങൾ അമേരിക്കൻ ധനമന്ത്രാലയം മരവിപ്പിച്ചിരുന്നു. അലി സ്വാലിഹുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന സമയത്ത് ദീർഘകാലം യെമൻ പ്രതിരോധ മന്ത്രാലയത്തിനു വേണ്ടി ആയുധങ്ങൾ വാങ്ങിനൽകുന്ന കുത്തക ഏജന്റായും പ്രവർത്തിച്ചിരുന്നു.
യുദ്ധം തുടങ്ങിയ ശേഷം നാൽപതു ഹൂത്തി നേതാക്കളെയാണ് സഖ്യസേന ഭീകര പട്ടികയിൽ പെടുത്തിയത്. ഹൂത്തി നേതാവ് അബ്ദുൽമലിക് അൽഹൂത്തിയെ പിടികൂടുന്നതിന് സഹായിക്കുന്ന വിവരം നൽകുന്നവർക്ക് മൂന്നു കോടി ഡോളർ പാരിതോഷികമാണ് സഖ്യസേന പ്രഖ്യാപിച്ചിരിക്കുന്നത്. പട്ടികയിൽ അവശേഷിക്കുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 50 ലക്ഷം ഡോളർ മുതൽ രണ്ടു കോടി ഡോളർ വരെ പാരിതോഷികം ലഭിക്കും.






