ലക്ഷങ്ങളുടെ കൃഷിനാശം; എടത്വയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ- എടത്വയില്‍ പാടശേഖരത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച നിലയില്‍. മാമ്പുഴക്കരി ഇടയാടില്‍ ജോസ്‌കുട്ടി വര്‍ഗീസ്(ജോസുകുഞ്ഞ്-58) ആണ് മരിച്ചത്. തിങ്കളാഴ്ച മുതല്‍ ഇയാളെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ പാടത്ത് മീന്‍ പിടിക്കാനിറങ്ങിയവരാണ് വരമ്പിനകം പാടശേഖരത്തെ തുരുത്തില്‍ മരക്കൊമ്പില്‍ ജോസ്‌കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി പുരയിടം പാട്ടത്തിനെടുത്തും സ്വന്തമായും പച്ചക്കറി കൃഷി നടത്തിവരുകയായിരുന്നു ജോസ്‌കുട്ടി. തുടര്‍ച്ചയായ മഴയും വെള്ളപ്പൊക്കവും കാരണം കൃഷി വന്‍ നഷ്ടത്തിലായിരുന്നു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കടം വീട്ടാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. രാമങ്കരി വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് കേരള വിപണിയിലെ മികച്ച കര്‍ഷകന്‍ കൂടിയായിരുന്നു അദ്ദേഹം. ഭാര്യ: നാന്‍സി. മകള്‍: ആനെറ്റ് ജോസ്.

 

Latest News