Sorry, you need to enable JavaScript to visit this website.

നിഷേധ ജനാധിപത്യം

'മൂത്തവർ ചൊല്ലും മുതുനെല്ലിക്ക, മുമ്പേ കയ്ക്കും പിന്നെ മധുരിക്കും' എന്നത്രേ പഴഞ്ചൊല്ല്. ആരു കേൾക്കാൻ! ഒരു രണ്ടാം സ്വാതന്ത്ര്യ സമരം അത്യാവശ്യമാണെന്ന് പണ്ട് താത്വികൻ നമ്മുടെ ബൂർഷ്വ  സ്വാതന്ത്ര്യം കണ്ടപ്പോഴേ ചൂണ്ടിക്കാട്ടിയതാണ്. അതു കഴിഞ്ഞു ചെങ്കോട്ടയിൽ ചുകപ്പു പാതക. പിന്നെ ലഘുഭക്ഷണം. പിന്നീട് പിരിയുകയല്ലാതെ മാർഗമില്ല. ഒന്നും നടന്നില്ല. കോൺഗ്രസിനെ തോൽപിക്കാൻ ഏതു ചെകുത്താനുമായും കൂട്ടുകൂടാനും തയാറായി. പല ചെകുത്താന്മാരെയും കിട്ടിയതുമില്ല. അവരുടെ രാജാവിനെ തോൽപിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇന്ന് അതല്ല അസ്സേ, കാലാവസ്ഥ. ഒഡീഷയിലെ ബുദ്ധിജീവികളിൽ ജംബുകൻ കവടി നിരത്തി ഇതുവരെയുള്ള വിഘ്‌നങ്ങൾക്കു കാരണമന്വേഷിച്ചു. 'മഹാസഖ്യം' എന്ന പ്രയോഗം തന്നെ വാസ്തുശാസ്ത്രപ്രകാരം വായു കടക്കാത്ത അശുഭ ലക്ഷണം! ഇനിമേൽ 'മൂന്നാം മുന്നണി'യും പാടില്ല. 'മൂന്ന്' സംഖ്യാശാസ്ത്ര പ്രകാരം ഒരിക്കലും ഒന്നാമത് എത്തുകയില്ല. എത്ര കാലം കഴിഞ്ഞാലും 'നായയുടെ വാലു' പോലെ വളഞ്ഞു തന്നെ നിലകൊള്ളും. മേലിൽ 'മുഖ്യസഖ്യ'മെന്നാകും അറിയപ്പെടുക എന്ന് ബിഹാർ മുഖ്യൻ നിതീഷ് കുമാർ പ്രഖ്യാപിച്ചു. അഥവാ മുന്നണി തോറ്റാൽ തന്നെ 'മുഖ്യൻ' നിലനിൽക്കും, ഒഡീഷയിലെങ്കിലും എന്നാണ് അതിന്റെ ഗുട്ടൻസ്!
വാർത്ത നാഗർകോവിലിൽ ഐതിഹാസികമായ 'ഭാരത് ജോഡോ'ക്കിടയിൽ വടയും ചായയും കഴിക്കവേ രാഹുൽജിയുടെ കാതിലുമെത്തി. സംഗതി ചെവിയിൽ എത്തിച്ച വിദ്വാനെ ആവേശപൂർവം (പണ്ട് ലോക്‌സഭയിൽ മോഡിജിയോടു ചെയ്തതു പോലെ) ആലിംഗനം ചെയ്തു. പിന്നെ എടുത്തുപൊക്കി നിലത്തിട്ടു. 'മുഖ്യസഖ്യ'മെന്നു പറഞ്ഞാൽ അർഥമെന്താണെന്ന് രഹസ്യമായി ചോദിച്ച കാര്യം സ്ഥിരീകരിക്കാറായിട്ടില്ല. എന്തായാലും 'രണ്ടാം സ്വാതന്ത്ര്യ സമര'ത്തിനാണ് പന്തളം കൊളുത്തിയതെന്നും പതാക ഏന്തിയതെന്നും രാഹുലൻ ഉറപ്പിച്ചു പറഞ്ഞ് കെ.സി. വേണുഗോപാലിനെയും കൂട്ടരെയും ആശ്വസിപ്പിച്ചു. കേരളത്തിൽ പ്രവേശിക്കും മുമ്പ് നാഗർകോവിലിൽ വെച്ചു തന്നെ അദ്ദേഹത്തിന്റെ കരവിരുതിന്റെ വീഡിയോ പുനഃസംപ്രേഷണം നടന്നു. വില്ലേജ് സ്വകാര്യ ചാനലുകാർ രാഹുലനെ കെട്ടിപ്പിടിച്ചു വീഡിയോ കൈമാറുന്ന ഫോട്ടോ പത്രങ്ങളിൽ മിന്നി. അതു മതി; സംഘടനക്ക് പാരമ്പര്യമായി രോമാഞ്ചമണിയാൻ അതാണ് വഴക്കം. രാഷ്ടീയ നിരീക്ഷകർ തത്സമയം മാനത്തു നോക്കി പക്ഷി നിരീക്ഷണം നടത്തുകയായിരുന്നു. അതും നന്നായി. തമ്മിൽ ഭേദമാണ്; കണ്ണിനു കുളിർമ ലഭിക്കും.


ഇത്തരുണത്തിൽ രാഹുലന്റെ നേർക്കു കേന്ദ്ര ഭരണ കക്ഷി ഒരു 'കടുംവെട്ട്'  നടത്തി. ഷർട്ട് കീറിയില്ലെന്നേയുള്ളൂ, കാരണം, അവർ ആരോപിച്ചതു തന്നെ. 'ടീ ഷർട്ട്' നാൽപത്തി ഓരായിരം രൂപ വിലയുള്ള 'ബ്രാൻഡ്' ഇനമാണത്രേ! രാഹുലന്റെ വിദേശ മുങ്ങൽ പരിപാടിയേക്കാൾ ഗൗരവപരമായ കുറ്റം! പണ്ടും കോൺഗ്രസുകാർ അങ്ങനെ ആയിരുന്നു.  1930 ൽ 'ഉപ്പു സത്യഗ്രഹം' നടത്താൻ ഗാന്ധിജി 'ദണ്ഡിയാത്ര' നടത്തുമ്പോൾ 'കൈത്തറിത്തുണി'യാണ് ധരിച്ചിരുന്നത്. അക്കാലത്തെ 'ബ്രാൻഡ് വസ്ത്രം' അതായിരുന്നു. മോഡിജിയുടെ ശിഷ്യന്മാർക്ക് കമ്പനി ബ്രാന്റുകളെക്കുറിച്ചറിയില്ല. മുമ്പ് അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കാൻ ഇറങ്ങിത്തിരിച്ച ഒരു പ്രധാനമന്ത്രി പത്തു ലക്ഷം രൂപ  വിലയുള്ള ഓവർകോട്ടും പാന്റ്‌സുമാണ് ധരിച്ചിരുന്നത്. ആ 'പ്രധാനമന്ത്രിജി' ആരാണെന്നു പറയിക്കരുത്. രാഹുലന്റെ ടീഷർട്ട് ജനങ്ങളുടെ നികുതിപ്പണമല്ല എന്നുറക്കെ പ്രഖ്യാപിക്കുവാൻ ഖദർവാലകൾ ഭയക്കുന്നത് ഇ.ഡിയുടെ റെയ്ഡ് വീണ്ടും ഒഴിവാക്കാൻ മാത്രമാണസ്സേ!
'മൂന്നാം ഓണ'യാത്ര സംസ്ഥാനാതിർത്തിയിൽ സമാപിച്ചപ്പോഴേക്കും തനിക്ക് ഒന്നിനെക്കുറിച്ചും ഇപ്പോൾ സംശയമില്ലെന്ന് രാഹുലന്റെ വെളിപാടുണ്ടായി. നാഗർകോവിലിലെ സ്വകാര്യ ചാനലുകാർ താൻ ബിരിയാണി തയാറാക്കുന്ന വിധമാണ് എടുത്തു കാട്ടിയത്. ഇനി സംശയിക്കാനില്ല, തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും വടയും പഴംപൊരിയും തയാറാക്കാനുള്ള ചേരുവകൾ മനഃപാഠമാക്കണം. കൊല്ലത്ത് കശുവണ്ടി ചേർത്ത 'ദം ബിരിയാണി'യും ആലപ്പുഴയിൽ കരിമീൻ വാഴയിലയിൽ പൊതിഞ്ഞു പൊളളിച്ചതുമായാൽ ജോർ! ജോഡോക്കു പിന്തുണ കൂടും! താൻ കോൺഗ്രസ് പ്രസിഡന്റാകാൻ മത്സരിക്കുമോ (ഓർക്കുമ്പോൾ പേടിയാകുന്നു. ആ ശശി തരൂർ.....) 2024 ൽ മത്സരിക്കുമോ എന്നൊക്കെ വ്യക്തമാക്കണമെങ്കിൽ ജോഡോ കഴിയണം. അല്ലെങ്കിലും അതൊരു വല്ലാത്ത 'ജൂഡോ'യാണ് മനസ്സിനകത്ത്. ചുരുക്കത്തിൽ കാലാവസ്ഥ പ്രവചനം പോലെയാണ് കാര്യം: മഴ പെയ്യുകയോ പെയ്യാതിരിക്കുകയോ ആകാം; എപ്പടി?
****                               ****                               ****
കെ.കെ. ശൈലജ മഗ്‌സാസേ അവാർഡ് നിരസിച്ചതുകൊണ്ട് ആർക്കാണ് നഷ്ടം? സംശയമില്ല, പ്രതിപക്ഷത്തിനു തന്നെ. അവർ 'അലക്കുകല്ല്' റെഡിയാക്കി നിൽക്കുകയായിരുന്നു.
തൊള്ളായിരം രൂപക്കു ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന പി.പി.ഇ കിറ്റ് 1450 രൂപക്ക് വാങ്ങിയതും കോവിഡ് മരണ നിരക്ക് വട്ടപ്പൂജ്യത്തിന് അടുത്തെത്തിച്ചതും തുടങ്ങി കുറേയേറെ 'വിഴുപ്പു'കൾ ശേഖിക്കുകയായിരുന്നു. അങ്ങ് മനിലയിൽ അവാർഡ് വാങ്ങുമ്പോൾ ഇങ്ങ് മട്ടന്നൂർ മണ്ഡലത്തിൽ പടക്കം പൊട്ടും. എന്നാൽ കേരളമാകെ പ്രതിപക്ഷം 'അലക്കുകല്ലി'ൽ തീർക്കുന്ന വെടിയൊച്ചയാകും ലോകം ശ്രദ്ധിക്കുക! എല്ലാം പോടി. മനഃപ്പായസം ഒന്നോടെ അടുപ്പിൽ കമഴ്ന്നു പോയി! ഇത്രയധികം ബുദ്ധിജീവികൾ വല്യേട്ടൻ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കെ.പി.സി.സി നിനച്ചില്ല. ഒരു വനിതയായതുകൊണ്ടാണ് ശൈലജ സഖാവിനെ വിലക്കിയതെന്നു പോലും ഒരു നമ്പറിറക്കി. ങേ ഹേ! വനിതാ കമ്മീഷനെ വിമൻ ഇൻ കലക്ടിവോ  എന്തിനേറെ, ഒരു വിമൻസ് മാസിക പോലുമോ കമാന്ന് ഒരക്ഷരം മിണ്ടിയില്ല. എന്തൊരു ലോകമാണപ്പാ?


നാലു കൊല്ലം ഭരിച്ചപ്പോൾ പത്തു ലക്ഷം പേരെ കൊന്നൊടുക്കിയ വിരുദ്ധനാണ് 'രമൺ മഗ്‌സാസെ' എന്നു പറഞ്ഞാണ് കേന്ദ്ര കമ്മിറ്റി ശൈലജ ടീച്ചറെ സമാധാനിപ്പിച്ചതത്രേ! പല കോണുകളിലൂടെ നോക്കിയാലും പാഴൂർ പടിപ്പുരയിൽ ചെന്നാലും തടസ്സങ്ങൾ തന്നെയാണ് കാണാനുള്ളത് എന്നു യെച്ചൂരി സഖാവ് അന്തിമമായും രഹസ്യമായും കമ്മിറ്റിയിൽ അറിയിച്ചു. അവാർഡ് നമ്മൾ നിഷേധിച്ചില്ലെങ്കിൽ മഗ്‌സാസേ കമ്മിറ്റിക്കാർ തന്നെ പിൻവലിച്ചു നിഷേധിക്കും. എട്ടു ലക്ഷം പി.പി.ഇ കിറ്റിന്റെയും ഏറ്റവും ഉയർന്ന മരണ നിരക്കിന്റെയും കണക്കുകൾ മനസ്സിലാക്കാതെയാണ് പുരസ്‌കാരം പ്രഖ്യാപിച്ചതെന്ന് ഫിലിപ്പൈൻസുകാർ ചോദിച്ചാൽ അവർക്കു മറുപടിയില്ല. നമുക്ക് ഒറ്റ വരിയിൽ ഒറ്റ നിഷേധം മതി. മഗ്‌സാസെ കമ്മിറ്റിയുടെയും വല്യേട്ടൻ പാർട്ടിയുടെയും  ഭരണത്തിന്റെയും മാനം രക്ഷിക്കാം. ഇനി ഒരവസത്തിൽ ഒരു അവാർഡ് ലഭിക്കട്ടെ; നിശ്ചയമായും നിഷേധിക്കില്ല; അതു സ്വീകരിക്കുക തന്നെ ചെയ്യും. വാങ്ങാൻ ഇവിടെ മുഖ്യമന്ത്രിയുണ്ട്.


****                                  ****                      ****


നേരിയ ഭൂരിപക്ഷത്തിനു തോറ്റ (ദുർബലമായ തോൽവി) 144 മണ്ഡലങ്ങളിൽ ശ്രദ്ധിക്കുന്നതിന് ബി.ജെ.പി മന്ത്രിമാരെയും എമ്മെല്ലേമാരെയും ചുമതലപ്പെടുത്തിയത്രേ! ഭാഗ്യം, കേരളത്തിൽ മണ്ഡലമില്ല; പാർട്ടിയും! ഇവിടെ പാർട്ടി വളരണമെങ്കിൽ 'രക്തസാക്ഷികൾ' കൂടി വേണ്ടിവരുമെന്നു പറഞ്ഞാണ് കേന്ദ്ര മന്ത്രി ഷാജി കൊച്ചിയിൽനിന്നു മടങ്ങിയത്.
ആ നിലയ്ക്ക് ഇവിടെ എല്ലാ ജില്ലകളിലും 144 പ്രഖ്യാപിക്കേണ്ട ഘട്ടം വന്നുചേരുമെന്നു മനസ്സിലാക്കിയാൽ മതി.


****                          ****                                   ****


ശശി തരൂരിന് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ സുധാകര ഗുരു പച്ചക്കൊടി കാട്ടി. ജയം വോട്ടറന്മാർ തീരുമാനിക്കുമത്രേ! വോട്ടർ പട്ടിക പക്ഷേ, തെരഞ്ഞെടുപ്പു തീയതി കഴിഞ്ഞു മാത്രമേ പ്രസിദ്ധീകരിക്കാൻ സാധ്യതയുള്ളൂ; പാർട്ടി കോൺഗ്രസാണല്ലോ! മറ്റൊരു പാർട്ടിയിലും (അറബിക്കടൽ പോലെ) ഇത്ര വിശാലമായ ജനാധിപത്യമില്ലെന്നും ഗുരു പ്രസ്താവിച്ചതിനാൽ ഇനി ശങ്കിക്കാനൊന്നുമില്ല. കപിൽ സിബലും ഗുലാം നബി ആസാദും പൊടിയും തട്ടിക്കളഞ്ഞ് ഇറങ്ങിപ്പോയതു തന്നെ ജനാധിപത്യം നിമിത്തം ശ്വാസം മുട്ടിയിട്ടാണല്ലോ!

 

Latest News