നടപടിക്രമങ്ങള്‍ വേഗത്തില്‍, അബ്ശിറില്‍ പുതിയ സേവനങ്ങള്‍

റിയാദ് - ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറില്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തി. പുതിയ സേവനങ്ങള്‍ പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി ഉദ്ഘാടനം ചെയ്തു. പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട ഇ-ജാമ്യം, ആയുധം കൈവശം വെച്ച് സഞ്ചരിക്കാനുള്ള അനുമതി, അപകടത്തില്‍ പെടുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കു കീഴിലെ വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യാനുള്ള പെര്‍മിറ്റ്, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പൊതുഗതാഗത വാഹനങ്ങള്‍ സ്വന്തമാക്കാനുള്ള അനുമതി എന്നീ സേവനങ്ങളാണ് അബ്ശിറില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ക്കനുസൃതമായി ഡിജിറ്റല്‍ പരിവര്‍ത്തനം സാധ്യമാക്കാനും ഇലക്‌ട്രോണിക് സേവനങ്ങള്‍ നല്‍കാനും, സമയവും അധ്വാനവും ലാഭിക്കാന്‍ സഹായിക്കുന്ന നിലയില്‍ സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും ഡിജിറ്റല്‍ പോംവഴികള്‍ ലഭ്യമാക്കാനും, നടപടിക്രമങ്ങള്‍ വേഗത്തിലും എളുപ്പത്തിലും പൂര്‍ത്തിയാക്കാന്‍ ഉപയോക്താക്കളെ സഹായിക്കാനുമുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയെന്ന നിലയിലാണ് ആഭ്യന്തര മന്ത്രാലയം അബ്ശിറില്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
റീ-എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ്, പുതിയ ഇഖാമ അനുവദിക്കല്‍, ഇഖാമ പുതുക്കല്‍, റീ-എന്‍ട്രി ദീര്‍ഘിപ്പിക്കല്‍, സൗദി പാസ്‌പോര്‍ട്ട് അനുവദിക്കല്‍, പുതുക്കല്‍, സൗദി തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കല്‍, പുതുക്കല്‍, വാഹന ഉടമസ്ഥാവകാശ രേഖ (ഇസ്തിമാറ) പുതുക്കല്‍ എന്നിവ അടക്കം ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ വകുപ്പുകള്‍ക്കും ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും കീഴിലെ 350 ലേറെ സേവനങ്ങള്‍ അബ്ശിര്‍ വഴി നല്‍കുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ വകുപ്പുകളുടെയും ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും ആസ്ഥാനങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കേണ്ട ആവശ്യമില്ലാതെ തങ്ങള്‍ക്കാവശ്യമായ സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലും എളുപ്പത്തിലും പൂര്‍ത്തിയാക്കാന്‍ സൗദി പൗരന്മാരെയും വിദേശികളെയും സന്ദര്‍ശകരെയും അബ്ശിര്‍ പ്ലാറ്റ്‌ഫോം സഹായിക്കുന്നു.

 

Latest News