കുപ്പിവെള്ള കമ്പനികളിൽ പരിശോധന കർശനമാക്കി

കണ്ണൂർ- കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ജില്ലയിൽ കുപ്പിവെള്ള കമ്പനികളിൽ പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. 
ഇതിനായി രൂപീകരിച്ച സ്‌പെഷ്യൽ സ്‌ക്വാഡ് കുപ്പിവെള്ള നിർമ്മാണ കമ്പനികളിലും വിതരണ കേന്ദ്രങ്ങളിലും പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. ജില്ലയിലെ ആറ് കുപ്പിവെള്ള കമ്പനികളിലും ഇതിനോടകം തന്നെ സംഘം പരിശോധന നടത്തിക്കഴിഞ്ഞു. ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
കൂടാതെ പഞ്ചായത്ത്തല പരിപാടിയുടെ ഭാഗമായി ജില്ലയിലെ പൊതു കിണറുകളിലും ജലവിതരണ കേന്ദ്രങ്ങളിലും പരിശോധന നടത്തുകയും 100 സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. എക്‌സൈസ് വകുപ്പുമായി യോജിച്ച് ബാറുകളിലും കള്ളുഷാപ്പുകളിലും പരിശോധന നടത്തുകയും നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ ലെസ്സി ഷോപ്പുകളിലും സംഘം പരിശോധന നടത്തി.
ഏറ്റവും കൂടുതൽ മായം കണ്ടെത്തുന്നത് വെളിച്ചെണ്ണയിലാണെന്നും പാലക്കാട്, മലപ്പുറം, തൃശൂർ ഭാഗങ്ങളിൽനിന്നു മായം ചേർത്ത നിരവധി ബ്രാൻഡുകളിലുള്ള വെളിച്ചെണ്ണകൾ ജില്ലയിൽ എത്തുന്നുണ്ടെന്നും ഈ കമ്പനികൾക്കെതിരെ കേസുകൾ ഉണ്ടാകുമ്പോൾ ബ്രാൻഡും കമ്പനിയുടെ പേരും മാറ്റി പുതിയ ബ്രാൻഡിൽ ഇതേ ഉൽപന്നം വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നതെന്നും ഫുഡ്‌സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ വിവിധ മേഖലകളിൽ നടത്തിയ പരിശോധനയിൽ 15,36,000 രൂപയാണ് ജില്ലയിൽ പിഴ ചുമത്തിയത്. ഇതുമായി ബന്ധപ്പെട്ട് തലശ്ശേരി സബ്കലക്ടർ മുമ്പാകെ 150 കേസുകളും വിവിധ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതികളിലായി 27 കേസുകളുമാണ് നിലവിലുള്ളത്. കോളേജുകളിലെയും സ്‌കൂളുകളിലെയും കാന്റീനുകളിൽ പരിശോധന നടത്തുകയും നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.  
ലഭിക്കുന്ന പരാതികളിൽ ദ്രുതഗതിയിൽ സംഭവ സ്ഥലത്ത് എത്തി അന്വേഷിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യുക്ക് റസ്‌പോൺസ് ടീമിന്റെ പ്രവർത്തനവും ജില്ലയിൽ സജീവമാണ്. 
സമ്പൂർണ ഭക്ഷ്യ സുരക്ഷ നടപ്പിലാക്കിയ ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് തെരഞ്ഞെടുത്ത 14 പഞ്ചായത്തുകളിൽ കുടിവെള്ള പരിശോധന, ഫുഡ് ബിസിനസ് ഓപറേറ്റർമാർക്കുള്ള ക്ലാസുകൾ, ലൈസൻസ് മേളകൾ എന്നിവ സംഘടിപ്പിക്കുകയും കുടുംബശ്രീ, അംഗൻവാടി പ്രവർത്തകർ, വീട്ടമ്മമാർ, വിദ്യാർത്ഥികൾ, കർഷകർ തുടങ്ങിയവർക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകുകയും ചെയ്തു. കഴിഞ്ഞ വർഷം ചിറക്കൽ, കടമ്പൂർ, ചെറുകുന്ന്, പാട്യം എന്നീ നാല് പഞ്ചായത്തുകളിലും ഈ വർഷം മുഴപ്പിലങ്ങാട്, എരഞ്ഞോളി, കോട്ടയം മലബാർ, ചിറ്റാരിപറമ്പ്, കോളയാട്, മുണ്ടേരി, ഏഴോം, എമരം കുറ്റൂർ, കുറുമാത്തൂർ, ചെങ്ങളായി എന്നീ 10 പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പിലാക്കിയത്. 
ജില്ലയിലെ പ്രധാന മത്സ്യബന്ധന വിപണന കേന്ദ്രങ്ങളായ തലശ്ശേരി. ആയിക്കര, പഴയങ്ങാടി എന്നിവിടങ്ങളിൽ ഫിഷറീസ് വകുപ്പുമായി സഹകരിച്ച് വ്യാപാരികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തി. മത്സ്യ മാർക്കറ്റുകളിൽ നിന്നും ഐസ് ഉൽപാദന കമ്പനികളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി. ഓപറേഷൻ സാഗർ റാണി പദ്ധതി വഴിയാണ് ഈ നടപടി. ചെറുപ്രായത്തിൽ തന്നെ പോഷകാഹാരത്തെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സേഫ് ആന്റ് ന്യൂട്രീഷ്യസ് ഫുഡ് പദ്ധതി വഴി ഓരോ നിയോജക മണ്ഡലത്തിൽ നിന്നും ഓരോ സ്‌കൂൾ വീതം തിരഞ്ഞെത്ത് വിദ്യാർത്ഥികൾക്ക് വിദഗ്ദ്ധരുടെ സഹായത്തോടെ ക്ലാസുകൾ സംഘടിപ്പിച്ചുവരുന്നതായും അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

 

Latest News