ഭര്‍ത്താവിന്റെ സെക്‌സ് ശല്യമായി; വനിതാ ഹെല്‍പ് ലൈനില്‍ വിളിച്ച് വയോധിക, ഒടുവിൽ യോഗ ചെയ്യാൻ നിർദേശം

ഗാന്ധിനഗര്‍- സെക്‌സിനു വേണ്ടിയുള്ള ഭര്‍ത്താവിന്റെ നിര്‍ബന്ധത്തില്‍ മടുത്ത് വനിതാ ഹെല്‍പ് ലൈനില്‍ വിളിച്ച് വയോധിക. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.
89 കാരനായ ഭര്‍ത്താവ് ലൈംഗിക ബന്ധത്തിനു ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്  87 കാരിയായ ഭാര്യ അഭയം വനിതാ ഹെല്‍പ്പ് ലൈന്‍ നമ്പറായ 181 ലേക്ക് വിളിച്ചത്. പരാതിയെ തുടര്‍ന്ന് അഭയ സംഘം പ്രായമായവര്‍ക്ക് യോഗയുടെ വഴി കാണിച്ചുകൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്.


അഭയം സംഘത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ നിരന്തരമായ ലൈംഗികാവശ്യങ്ങളില്‍നിന്ന് ഭാര്യയെ മോചിപ്പിച്ചതെന്ന് വനിതാ ഹെല്‍പ് ലൈന്‍ അധികൃതര്‍ പറഞ്ഞു. സമ്പന്ന കുടുംബത്തിലെ 87 കാരിയാണ്  അഭയത്തില്‍ വിളിച്ച് തന്റെ കഷ്ടപ്പാടുകള്‍ വിവരിക്കുകയും ഭര്‍ത്താവിന്റെ നിര്‍ബന്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വഴി തേടുകയും ചെയ്തത്.


വഡോദരയിലെ സയാജിഗഞ്ച് ഏരിയയില്‍ താമസിക്കുന്നയാളാണ് എഞ്ചിനീയറായ 89 വയസ്സുള്ള ഭര്‍ത്താവ്. വര്‍ഷങ്ങളോളം  ആരോഗ്യകരമായ ദാമ്പത്യ ബന്ധം പുലര്‍ത്തിയിരുന്ന ഇവര്‍ മകനും മരുമകള്‍ക്കുമൊപ്പമാണ് താമസം.  സെക്‌സിനു സമ്മതിച്ചില്ലെങ്കില്‍ ഭര്‍ത്താവ് കോപിക്കുകയും ശകാരിക്കുകയും ചെയ്യുമെന്ന്  ഭാര്യ അഭയം സംഘത്തോട് പറഞ്ഞു.


അസുഖവും തളര്‍ച്ചയും വകവെക്കാതെ ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഭാര്യ വ്യക്തിപരമായ കാര്യങ്ങള്‍ ഹെല്‍പ്പ് ലൈനില്‍ ഉന്നയിച്ചത്. തുടര്‍ന്ന് അഭയയുടെ സംഘം വീട്ടിലെത്തി കൗണ്‍സിലിംഗ് ആരംഭിച്ചു. യോഗ ചെയ്യണമെന്നും ആരാധനാലയങ്ങളില്‍ സന്ദര്‍ശനം നടത്തണമെന്നും ഭര്‍ത്താവിനോട് നിര്‍ദേശിച്ചതായി സംഘം വ്യക്തമാക്കി. ആഗ്രഹങ്ങളും മനസ്സും വഴിതിരിച്ചുവിടാന്‍  പൂന്തോട്ടങ്ങളും പാര്‍ക്കുകളും സന്ദര്‍ശിക്കാനും അദ്ദേഹത്തോട് പറഞ്ഞു.

 

Latest News