ഓണാഘോഷത്തിന് വര്‍ണാഭമായ കൊടിയിറക്കം, സാംസ്‌കാരിക ഘോഷയാത്ര ഗംഭീരമായി

തിരുവനന്തപുരം- സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് തലസ്ഥാനത്ത് വര്‍ണാഭമായ ഘോഷയാത്ര. ഇന്ത്യയുടേയും കേരളത്തിന്റെയും സാംസ്‌ക്കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങള്‍ അണിനിരന്ന ഘോഷയാത്ര കാണാന്‍ ആയിരങ്ങളാണ് നഗര വീഥികളിലേക്കെത്തിയത്.

രണ്ട് വര്‍ഷത്തെ അടച്ചുപൂട്ടലിന് ശേഷമുള്ള ഓണാഘോഷങ്ങള്‍ക്ക് ആവേശകരമായ കൊടിയിറക്കമാണ് നടന്നത്. മാനവീയം വീഥിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെയുള്ള റോഡിനിരുവശവും ഉച്ച മുതല്‍ അണിനിരന്ന ജനക്കൂട്ടങ്ങള്‍ക്കിടയിലേക്ക്  കലാരൂപങ്ങള്‍ ഒന്നൊന്നായി മുന്നേറി. പോലീസിന്റെ ബാന്‍ഡ് സംഘം മുന്നില്‍, പിന്നാലെ കുതിര പോലീസ്, മുത്തുക്കുടയും ആലവട്ടവും വെഞ്ചാമരങ്ങളുമായി വിവിധ സംഘങ്ങള്‍, തെയ്യം, തിറ, പടയണി, കോല്‍ക്കളി, പൊയ്ക്കാല്‍ കുതിര, ഒപ്പന, തുടങ്ങിയ പാരമ്പര്യകലാരൂപങ്ങള്‍. കശ്മീര്‍ മുതല്‍ തമിഴ്‌നാട് വരെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍. ഒപ്പം സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ നിശ്ചല ദൃശ്യങ്ങള്‍, കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡക്കറിലേറി മാവേലി.... ആകെ 148 നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളുമാണ് ആവേശം വിതറി കടന്നു പോയത്.

യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലെ വി.വി.ഐ.പി പവലിയനില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ളവര്‍ ഘോഷയാത്ര കാണാനെത്തി. തമിഴ്‌നാട് ഐ.ടി മന്ത്രി ടി. മനോതങ്കരാജ് അതിഥിയായി. വൈകിട്ട് അഞ്ചിന് തുടങ്ങിയ ഘോഷയാത്രയുടെ അവസാന ഭാഗം കിഴക്കേകോട്ടയില്‍ സമീപിച്ചത് രാത്രി വൈകി. ഒരാഴ്ച നീണ്ട ആഘോഷങ്ങള്‍ക്ക് അതോടെ കൊടിയിറങ്ങി. ഘോഷയാത്ര കാണാനും ആസ്വദിക്കാനും തിരക്ക് കുറയ്ക്കാനുമായി തലസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും 2 മണിക്ക് ശേഷം അവധി പ്രഖ്യാപിച്ചിരുന്നു.

 

Latest News