രാഹുൽ  ഗാന്ധി നടന്നു തുടങ്ങി; ഇന്ത്യയുടെ ഹൃദയത്തിലേക്ക്

ഭീഷണിക്ക് വഴങ്ങുന്നില്ലെന്ന് മാത്രമല്ല, ഭീഷണിപ്പെടുത്തുന്നവരെ രാഹുൽ വെല്ലുവിളിക്കുന്നുമുണ്ട്. രാഹുൽ  ഗാന്ധിയുടെ ഈ നിർഭയത്വം യുവാക്കളിൽ സൃഷ്ടിക്കുന്ന ആവേശം ചെറുതല്ല.  രാഹുലിന്റെ യാത്രയെക്കുറിച്ച് ചെറുപ്പക്കാരനായ ചാനൽ അവതാരകൻ ഹഷ്മി താജ് ഇബ്രാഹിമിന്റെ  തീപ്പാറുന്ന വാക്കുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഇരുപത്തെട്ടു കടക്കാത്ത ചെറുപ്പമാണ് രാഹുൽ ഗാന്ധിയെ കേൾക്കാനും കാണാനും എത്തുന്നവരിൽ ഭൂരിപക്ഷവും എന്നതാണ് കൂടുൽ ആവേശകരം എന്നാണ് യാത്രയുടെ സംഘാടകർ ആത്മവിശ്വാസത്തോടെ പറയുന്നത്.

 

ഇന്ത്യൻ ജനതയോട്  ഒരുമയുടെ മന്ത്രമോതി രാഹുൽ ഗാന്ധി  എന്ന ജനനേതാവ് നടത്തം തുടങ്ങിക്കഴിഞ്ഞു.  പദവികളൊന്നും ഇല്ലാതെയും മുഴുവൻ ഇന്ത്യൻ ജനതയുടെയും  ഹൃദയ കൊട്ടാരത്തിലേക്ക് കയറിച്ചെല്ലാൻ കഴിയുന്ന ഒരെ ഒരു വ്യക്തിയാണ് പ്രായം അമ്പത്തിരണ്ടിലെത്തിയ രാഹുൽ ഗാന്ധി. ഇന്ത്യയിലെ മിക്ക രാഷ്ട്രീയ നേതാക്കളേക്കാൾ ചെറുപ്പമായ മനുഷ്യൻ -മുന്നോട്ട് നടക്കാൻ ഇനിയും ഏറെ കാലമുള്ളയാൾ.  നാളെയുടെ  ഇന്ത്യ നയിക്കേണ്ടയാൾ എന്ന് സംശയലേശെമന്യേ പറയാവുന്ന വ്യക്തി.  ഇന്ത്യയുടെ ചരിത്രത്തിൽ ഇടം പിടിച്ച ഒട്ടനവധി യാത്രകളുണ്ട്. ഗാന്ധിജി നടത്തിയ ദണ്ഡിയാത്ര ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഉപ്പായിരുന്നു.  ഗുണപരമായ മാറ്റങ്ങളും പ്രതിലോമ ചലനങ്ങളും ഉണ്ടാക്കിയ യാത്രകൾ കൊണ്ട് സമ്പന്നമാണ് ഇന്ത്യ. 1983 ലായിരുന്നു ചന്ദ്രശേഖറിന്റെ യാത്ര. 173 ദിവസം കൊണ്ട് 4620 കിലോമീറ്റർ താണ്ടിയ ആ യാത്ര  ആ വർഷം ജൂൺ 25 ന് രാജ്ഘട്ടിലാണ് സമാപിച്ചത്.  1990 ൽ പ്രധാനമന്തി പദത്തിലെത്താൻ ചന്ദ്രശേഖറിന് ശക്തിയായത് ഈ യാത്രയായിരുന്നു. ആന്ധ്രയിലെ വൈ.എസ്.ആറിന്റെ അധികാരത്തിലേക്കുള്ള യാത്ര, മകൻ ജഗന്റെ യാത്ര, കർഷകരുടെ ലോങ് മാർച്ച്, രാഹുൽ ഗാന്ധിയുടെ തന്നെ യു.പിയിൽ മാത്രമായി നടന്ന കിസാൻ യാത്ര എന്നിവയൊക്കെ ഇന്ത്യയുടെ ഓർമയിലുള്ള യാത്രകൾ.  അയോധ്യയിൽ രാമ ക്ഷേത്രം നിർമിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അദ്വാനിയുടെ യാത്ര 1990 സെപ്്റ്റംബറിലായിരുന്നു. ബി.ജെ.പിയുടെ വളർച്ച ത്വരിതപ്പെടുത്തിയ യാത്രയായിരുന്നു ഇത്. ബിഹാറിൽ യാത്ര തടഞ്ഞുകൊണ്ട് ലാലു പ്രസാദ് യാദവും ചരിത്രത്തിൽ ഇടം നേടി.  യാത്ര തടയുക മാത്രമല്ല, വർഗീയ കലാപ ശ്രമം ആരോപിച്ച് ആ വർഷം ഒക്ടോബർ 23 ന് സമസ്തിപൂരിൽ വെച്ച് അദ്വാനിയെ അറസ്റ്റ് ചെയ്യാനും ലാലുവിലെ സോഷ്യലിസ്റ്റ് പോരാളി ധൈര്യം കാണിച്ചു.  ഇതുപോലെയൊക്കെയോ, അതിലുപരിയോ  ചരിത്രത്തിൽ സ്ഥാനം  നേടാൻ പോകുന്നതാകും  5 മാസം നീണ്ടുനിൽക്കുന്ന രാഹുൽ ഗാന്ധിയുടെ യാത്ര.  3500 കിലോമീറ്ററാണ്  നടക്കുക.  കന്യാകുമാരിയിൽ ഇന്നലെയാണ് യാത്ര തുടങ്ങിയത്.  കശ്മീരിലായിരിക്കും അവസാനിക്കുക. ഇനി മറ്റൊരു ചിന്തയും കോൺഗ്രസുകാർക്കുണ്ടാകില്ല.  ഭാരത് ജോഡോ യാത്ര, ഭാരത് ജോഡോ യാത്ര മാത്രം -യാത്രയുടെ തുടക്ക ദിവസം നടത്തിയ പത്രസമ്മേളനത്തിൽ എ.ഐ.സി.സി നേതാവ് കെ.സി. വേണുഗോപാൽ യാത്രയുടെ വികാരം പങ്കുവെച്ചു.  
 ബി.ജെ.പിക്കെതിരായ നിലപാടിൽ വിശ്വസിക്കാൻ കൊള്ളാവുന്ന നേതാവ് എന്നതായിരുന്നു അദ്വാനി നയിക്കുന്ന ബി.ജെ.പി കാലത്ത് ലാലു പ്രസാദ് യാദവിന്റെ  മുഖം. അതോ അതിലപ്പുറമോ ആണ് ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതിഛായ.  ഭീഷണിക്ക് വഴങ്ങുന്നില്ലെന്ന് മാത്രമല്ല, ഭീഷണിപ്പെടുത്തുന്നവരെ രാഹുൽ വെല്ലുവിളിക്കുന്നുമുണ്ട്. രാഹുൽ  ഗാന്ധിയുടെ ഈ നിർഭയത്വം യുവാക്കളിൽ സൃഷ്ടിക്കുന്ന ആവേശം ചെറുതല്ല.  രാഹുലിന്റെ യാത്രയെക്കുറിച്ച് ചെറുപ്പക്കാരനായ ചാനൽ അവതാരകൻ ഹഷ്മി താജ് ഇബ്രാഹിമിന്റെ  തീപ്പാറുന്ന വാക്കുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഇരുപത്തെട്ടു കടക്കാത്ത ചെറുപ്പമാണ് രാഹുൽ ഗാന്ധിയെ കേൾക്കാനും കാണാനും എത്തുന്നവരിൽ ഭൂരിപക്ഷവും എന്നതാണ് കൂടുൽ ആവേശകരം എന്നാണ് യാത്രയുടെ സംഘാടകർ ആത്മവിശ്വാത്തോടെ പറയുന്നത്. ഈ ആത്മവിശ്വാസം തന്നെയാണ്  രാഹുലിന്റെയും കൈമുതൽ. എല്ലാ പോരാട്ടങ്ങളുടെയും ഇന്ധനം എല്ലാ കാലത്തും  നേതാവിന്റെ ആത്മവിശ്വാസം  തന്നെയായിരുന്നു.  

ഇന്നലെ  രാവിലെ പാറശാലയിൽ നിന്നാണ് കേരള യാത്ര ആരംഭിച്ചത്.   കേരളത്തിൽ 19 ദിവസമാണ് പര്യടനം. ഇതിനിടയിൽ 7 ജില്ലകളിലൂടെ  യാത്ര കടന്നു പോകും. രാവിലെ 7 മുതൽ 10 വരെയും തുടർന്ന് വൈകുന്നേരം നാല് മുതൽ രാത്രി ഏഴ് വരെയുമായി ഓരോ ദിവസവും 25 കിലോമീറ്റർ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്നു പോകുന്നത്. തിരുവനന്തപുരം മുതൽ തൃശൂർ വരെ ദേശീയ പാത വഴിയും തുടർന്ന് തൃശൂരിൽ നിന്നും നിലമ്പൂർ വരെ സംസ്ഥാന പാത വഴിയുമാണ് പര്യടനം. പാറശാല മുതൽ നിലമ്പൂർ വരെ 19 ദിവസം കൊണ്ട് 453 കിലോമീറ്ററാണ്  യാത്ര കേരളത്തിൽ പര്യടനം നടത്തുന്നത്.
ഓരോ ദിവസവും 25 കിലോ മീറ്റർ നടക്കാൻ കഴിയുന്ന നേതാവ് കൂടിയാണ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന 3,571 കിലോ മീറ്റർ ദൂരത്തിൽ ഏറ്റവും ആവേശഭരിതമായിരിക്കും രാഹുൽ ഗാന്ധിയുടെ കേരള പര്യടനം എന്നുറപ്പാക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ കോൺഗ്രസുകാർ.  ഇനിയുള്ള 19 ദിവസവും കേരള മനസ്സ്  രാഹുലിനൊപ്പമുണ്ടാകും. രാഹുൽ അടക്കമുള്ള 200 ൽപരം സ്ഥിരം യാത്രികർ താമസിക്കുന്നത് സ്‌കൂളിലും കോളേജുകളിലും ദേവാലയങ്ങളിലുമൊക്കെയായിരിക്കും.  വഴിവക്കിൽ ഒരുക്കിയ കണ്ടെയ്‌നറുകളിലും ടെന്റുകളിലുമാണ് ഇവരുടെ രാത്രി താമസം.  നാടൻ വെജിറ്റേറിയൻ ഭക്ഷണം.    ഇന്ത്യയെ തൊട്ടറിഞ്ഞുള്ള പദയാത്ര.
ദിവസേനയുള്ള  25 കിലോമീറ്റർ  ദൂരവും രാഹുൽ നടക്കുന്നു. അതതു മേഖലയിലെ നേതാക്കളും പ്രവർത്തകരും അനുഗമിക്കുന്നു. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഴുവൻ സമയവും രാഹുലിനൊപ്പമാണ്.  കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയും എതിർ പ്രചാരണങ്ങളെ ശക്തമായി  വാക്കു കൊണ്ട് പ്രതിരോധിച്ച് കൂടെയുണ്ട്. 
രാവിലെ ഏഴിനു തുടങ്ങുന്ന പദയാത്ര മിക്കപ്പോഴും പത്ത് മണിക്കാണ് അവസാനിക്കുന്നത്.   യാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലെ ഓരോ നിയോജക മണ്ഡലത്തിലെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളിൽ നിന്നുള്ളവരാണ് രാവിലത്തെ പദയാത്രയിൽ പങ്കെടുക്കുന്നത്.
10 മുതൽ 4 വരെ വിശ്രമം. ഈ സമയം അതത് പ്രദേശങ്ങളിലെ ജനങ്ങളുമായി രാഹുൽ ഗാന്ധി നേരിട്ടു സംവദിക്കും. വൈകുന്നേരം നാലിനാണ് രണ്ടാംഘട്ട പദയാത്ര. ഈ യാത്രയിൽ 25,000 പേരെയാണ് ഉൾപ്പെടുത്തുന്നതെന്ന് സംഘാടകർ അറിയിക്കുന്നു.  വഴിനീളെ ആയിരങ്ങൾ രാഹുലിനെ കാത്തു നിൽക്കുന്നു. 28, 29 നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂർത്തിയാക്കി കർണാടകയിലേക്ക് പ്രവേശിക്കുന്ന യാത്രയിൽ രാഹുൽ കേരള ജനതയുടെ ഹൃദയം തൊട്ടറിയും. 
ഇത് നെഹ്‌റു കുടുംബം പരമ്പരാഗതമായി കൂടെ കൊണ്ടുനടക്കുന്ന സൗഭാഗ്യമാണ്.  വലിയച്ഛൻ പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും പ്രിയ പിതാവ് രാജീവ് ഗാന്ധിക്കും  ലഭിച്ച സൗഭാഗ്യം. ഇപ്പോഴിതാ രാഹുലിനും. 

 

Latest News