ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജികളിലെ വാദം സുപ്രീം കോടതി സെപ്റ്റംബര്‍ 19 ലേക്ക് മാറ്റി.
ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് സി.എ.എയെ ചോദ്യം ചെയ്യുന്ന 220 ഹരജികള്‍ പരിഗണിക്കുന്നത്.
2019 ഡിസംബര്‍ 18നാണ് സി.എ.എക്കെതിരായ ഹരജികളില്‍ സുപ്രീം കോടതിയില്‍ ആദ്യം വാദം കേട്ടത്. 2019 ഡിസംബര്‍ 11 ന് സി.എ.എ പാര്‍ലമെന്റ് പാസാക്കിയതിനുശേഷം രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും 2020 ജനുവരി 10 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.
ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് (ഐയുഎംഎല്‍), തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേഷ്, ഓള്‍ ഇന്ത്യ മജ്‌ലിസെഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഉവൈസി, കോണ്‍ഗ്രസ് നേതാവ് ദേബബ്രത സൈകിയ, എന്‍.ജി.ഒ. റിഹായ് മഞ്ച്, സിറ്റിസണ്‍സ് എഗെയ്ന്‍സ്റ്റ് ഹേറ്റ്, അസം അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍, നിയമവിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധി പേര്‍ ഈ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു.






