Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയിൽനിന്ന് ഹൃദയം തേടി പാക്ക് ഹോക്കി ഇതിഹാസം മൻസൂർ അഹമദ്

കറാച്ചി- തൊണ്ണൂറുകളിൽ പാക്കിസ്ഥാൻ ഹോക്കി ടീം ക്യാപ്റ്റനായിരുന്ന ഇതിഹാസ താരം മൻസൂർ അഹമദിന് ഒരു ഹൃദയം വേണം. അതിനായി അദ്ദേഹം സമീപിച്ചിരിക്കുന്നത് ഇന്ത്യയെ ആണ്. ഹൃദ്രോഗം മൂലം അവശനായി താരപ്പൊലിമകളൊന്നുമില്ലാതെ രോഗക്കിടക്കയിലായ മൻസൂറിന് ആരോഗ്യം വീണ്ടെടുക്കാൻ ഇനി ഒരു പോംവഴിയെ ഉള്ളൂവെന്നാണ് ഡോക്ടർമാർ വിധിയെഴുതിയിരിക്കുന്നത്. ഉടൻ ഹൃദയമാറ്റ ശസ്ത്രക്രിയ മാത്രമാണ് പരിഹാരം. നാലഞ്ച് വർഷം മുമ്പ് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ മൻസൂറിന്റെ ഹൃദയത്തിന് ഇനിയൊരു ശസ്ത്രക്രിയകൂടി താങ്ങാനുള്ള ശേഷിയില്ല. ഈ ദുരിതക്കയത്തിൽ നിന്ന് ഇന്ത്യ രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് മൻസൂർ ഇപ്പോൾ. 

കറാച്ചിയിലെ ജിന്ന പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കൽ സെന്ററിൽ ചികിത്സനടത്തി വരുന്ന മൻസൂറിനെ വിദഗ്ധ ചികിത്സയ്ക്കായി കാലിഫോർണിയയിലേക്കോ ഇന്ത്യയിലേക്കോ മാറ്റണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കുറഞ്ഞ ശസ്ത്രക്രിയ ചെലവും വിജയനിരക്കും പരിഗണിക്കുമ്പോൾ ഇന്ത്യയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് മൻസൂർ പറഞ്ഞു. ഇതിനായി മെഡിക്കൽ വീസക്ക് അപേക്ഷിക്കാനിരിക്കുകയാണ് താരം. 

എനിക്ക് ഇന്ത്യയുടെ സഹായം വേണം. സാമ്പത്തിക സഹായമോ പണമോ അല്ല വേണ്ടത്. ഇന്ത്യയിലെ വൈദ്യശാസ്ത്ര മികവ് എന്നെ സഹായിക്കുമെന്നാണ് പ്രതീക്ഷ. അതിന് ആവശ്യഘട്ടത്തിൽ വീസ അനുവദിച്ച് സഹായിക്കണമെന്നു മാത്രമാണെന്റെ അപേക്ഷ-മൻസൂർ പറയുന്നു. ഇന്ത്യാ-പാക് ബന്ധത്തിൽ വിള്ളലുകളുണ്ടെങ്കിലും മെഡിക്കൽ വീസ അനുവദിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ല. മൻസൂറിന്റെ ചികിത്സക്കായി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി ഷഹബാസ് ശരീഫ് ഒരു ലക്ഷം ഡോളർ അനുവദിച്ചിട്ടുണ്ട്. മൻസൂറിന്റെ എല്ലാ ചെലവുകളും വഹിക്കുന്നത് ഷാഹിദ് അഫ്രീദി ഫൗണ്ടേഷനാണ്. മൂന്ന് ഒളിമ്പിക്‌സ് മെഡലുകളും ഒരു ലോക കപ്പ് സ്വർണവും നിരവധി ചാമ്പ്യൻസ് ട്രോഫി നേട്ടങ്ങളും സ്വന്തമാക്കിയ മൻസൂർ അഹമദ് ഉപഭൂഖണ്ഡത്തിലെ ഹോക്കി ഇതിഹാസ താരമായാണ് അറിയപ്പെടുന്നത്.

തന്റെ സുവർണകാലത്ത് ഇന്ത്യൻ ഹോക്കി ആരാധകർ പോലും മറ്റു രാജ്യങ്ങളുമായി കളിക്കുമ്പോൾ സ്വന്തം ടീമായി കണ്ട് പാക്കിസ്ഥാൻ ഹോക്കി ടീമിനു വേണ്ടി ജയ് വിളിച്ചിരുന്നുവെന്ന് മൻസൂർ ഓർത്തെടുക്കുന്നു. ഈ വികാരം തനിക്കു വേണ്ടി വീണ്ടും ഉണരുമെന്ന പ്രതീക്ഷയിലാണ് താരം.
 

Latest News