കോയമ്പത്തൂർ- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഇല്ലാതാക്കാൻ പദ്ധതിയിട്ടെന്നാരോപിച്ച് 1998ലെ സ്‌ഫോടനക്കേസിൽ ജയിൽ ശിക്ഷയനുഭവിച്ച മുഹമ്മദ് റഫീഖിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. മോഡിയെ വധിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്ന റഫീഖിന്റേത് എന്ന ആരോപിക്കപ്പെടുന്ന ഒരു ശബ്ദ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് അറസ്റ്റ്. കുനിയമുത്തൂർ സ്വദേശിയായ റഫീഖും ട്രാൻസ്‌പോർട്ട് കോൺട്രാക്ടറായ പ്രകാശ് എന്നയാളും തമ്മിലുള്ള ഏട്ടു മിനിറ്റ് ദൈർഘ്യമുള്ള സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതെന്ന് പോലീസ് പറഞ്ഞു. വാഹനങ്ങളുടെ വില സംബന്ധിച്ചാണ് ഈ ടെലിഫോൺ സംഭാഷണം. ഈ സംസാരത്തിനിടെയാണ് റഫീഖ് മോഡിയെ വധിക്കാൻ പദ്ധതിയിട്ട കാര്യം വെളിപ്പെടുത്തുന്നത്. 1998ൽ അഡ്വാനി കോയമ്പത്തൂർ സന്ദർശിച്ചപ്പോൾ ബോംബുകൾ സ്ഥാപിച്ച ഞങ്ങൾ മോഡിയേയും വധിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നാണ് റഫീഖ് പറയുന്നത്.
ഇതു സംബന്ധിച്ച അന്വേഷണത്തിന് കോയമ്പത്തൂർ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. റെക്കോർഡ് ചെയ്ത ശബ്ദ സന്ദേശം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി ശബ്ദം ഇവരുടേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.