രാഹുല്‍ ഗാന്ധി ചായ കുടിച്ച വീട്, അഭിമാനത്തോടെ രതീഷും കുടുംബവും

നേമം-വീട്ടിലേക്ക് വി.ഐ.പി കടന്നുവന്ന്  സാധാരണക്കാരനെ പോലെ ചായ കുടിച്ച് മടങ്ങിയതിന്റെ സന്തോഷത്തിലാണ് പള്ളിച്ചല്‍ പാരൂര്‍കുഴി രതീഷ് ഭവനിലെ രതീഷും കുടുംബവും.

ഭാരത് ജോഡോ യാത്രയില്‍ പാറശ്ശാലയില്‍നിന്ന് നേമത്തെ സമാപന വേദിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് രാഹുല്‍ ഗാന്ധി രതീഷിന്റെ വീട്ടില്‍ ചായ കുടിക്കാനെത്തിയത്.

വൈകീട്ട് അഞ്ചരയോടെ രാഹുല്‍ ചായ കുടിക്കാന്‍  ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍  കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രതീഷിന്റെ ചേട്ടന്‍ പാരൂര്‍കുഴി ദിനേശ് അനുജന്റെ വീട്ടില്‍ അതിനുള്ള അവസരമൊരുക്കുകയായിരുന്നു.

ഇരുപത് മിനിറ്റോളം രതീഷിന്റെ വീട്ടില്‍ ചെലവിട്ട രാഹുല്‍ ഗാന്ധി രതീഷിന്റെ മക്കളായ ആതിരയോടും അഞ്ജലിയോടും ഭാര്യ ചിത്രയോടും കുശലാന്വേഷണം നടത്തി. കുട്ടികളോട് നന്നായി പഠിക്കാനും എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ അറിയിക്കാനും പറഞ്ഞു.

വീട്ടുകാര്‍ക്കൊപ്പം ചിത്രങ്ങള്‍ എടുത്തശേഷം ചായക്ക് നന്ദി പറഞ്ഞാണ് രാഹുല്‍ മടങ്ങിയത്.

 

Latest News