ബോളിവുഡ് നടി ജാക്വിലിനെ ചോദ്യം ചെയ്യുന്നത് ദല്‍ഹി പോലീസ് നീട്ടിവെച്ചു

ന്യൂദല്‍ഹി- തട്ടിപ്പുവീരന്‍ സുകേശ്് ചന്ദ്രശേഖര്‍ 200 കോടി രൂപ തട്ടിയെടുത്ത കേസില്‍ ബോളിവുഡ് നടി ജാക്വിലന്‍ ഫെര്‍ണാണ്ടസിന്റെ ചോദ്യം ചെയ്യല്‍ ദല്‍ഹി പോലീസ് നീട്ടിവെച്ചു.
ഇന്ന് നടത്തേണ്ടിയിരുന്ന ചോദ്യം ചെയ്യല്‍ മാറ്റിവെക്കണമെന്ന് നടി അഭ്യര്‍ഥിക്കുകയായിരുന്നു. പുതിയ സമന്‍സ് അയക്കുമെന്ന് ദല്‍ഹി പോലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.ഡബ്ല്യു) അറിയിച്ചു.
സുകേശ് ഉള്‍പ്പെട്ട കോടികളുടെ തട്ടിപ്പ് കേസില്‍ തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ജാക്വിലിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഈ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടിയെ പലതവണ ചോദ്യം ചെയ്തിരുന്നു. നടിയുമായി പ്രണയത്തിലാണെന്ന് അവകാശപ്പെട്ട സുകേശ് കോടികളുടെ പാരിതോഷികങ്ങള്‍ നല്‍കിയതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
നേരത്തെ ഏറ്റെടുത്ത പരിപാടികള്‍ ഉള്ളതിനാല്‍ തിങ്കളാഴ്ച എത്താനാകില്ലെന്ന് ജാക്വിലിന്‍ ഇ മെയില്‍ വഴിയാണ് അറിയിച്ചതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.രാവിലെ 11 മണിക്ക് മന്ദിര്‍മാര്‍ഗിലെ ഇ.ഒ.ഡബ്ല്യു ഓഫീസില്‍ എത്തണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്.
ക്രിമിനല്‍ കേസുകളിലെ സുകേശിന്റെ പങ്കാളിത്തം ജാക്വിലിന് അറിയാമായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കുറ്റപത്രത്തില്‍ പറയുന്നു. ക്രിമിനല്‍ പശ്ചാത്തലം വിസ്മരിച്ചുകൊണ്ടാണ് സുകേശുമായി നടി സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്.

 

Latest News