വിവിധ മേഖലകളില്‍ സഹകരണം; ഇന്ത്യയും സൗദിയും മുന്നോട്ട്

റിയാദ്- ഗ്രൂപ് 20 രാജ്യങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും കാര്യത്തില്‍ യോജിച്ചു നീങ്ങാനുള്ള ധാരണയില്‍ ഇന്ത്യന്‍ സൗദി പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ മന്ത്രിതല യോഗം സമാപിച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറും സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും സംബന്ധിച്ചു.
സാമൂഹിക, രാഷ്ട്രീയ, സുരക്ഷ, സാംസ്‌കാരിക മേഖലയില്‍ പരസ്പര സഹകരണം വിശകലനം ചെയ്ത യോഗ ശേഷം വിവിധ മേഖലകളില്‍ പരസ്പര സഹകരണം ഉറപ്പിക്കുന്ന ധാരണാപത്രങ്ങളില്‍ ഇരുമന്ത്രിമാരും ഒപ്പുവെച്ചു. യോഗത്തില്‍ മുന്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍  ഡോ. ഔസാഫ് സഈദ്,  സൗദി വിദേശകാര്യ സെക്രട്ടറി ഡോ. സൗദ് അല്‍സാത്തി, ഇന്ത്യയിലെ സൗദി അംബാസഡര്‍ സാലിഹ് അല്‍ഹുസൈനി, ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫേഴ്‌സ് എന്‍ റാം പ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രിന്‍സ് സൗദ് അല്‍ഫൈസല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിപ്ലോമാറ്റിക് സ്റ്റഡീസില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം വിദ്യാര്‍ഥികളുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇന്ത്യയും സൗദിയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം നിലനിര്‍ത്തുന്നതിനുളള ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
ശനിയാഴ്ചയാണ് മന്ത്രി ജയശങ്കര്‍ റിയാദിലെത്തിയത്. ഇന്ത്യന്‍ എംബസിയില്‍  ഇന്ത്യന്‍ കമ്മ്യൂണിറ്റിയുമായി സംവദിച്ച ശേഷം അദ്ദേഹം ജിസിസി ആസ്ഥാനത്ത് ജിസിസി സെക്രട്ടറി ജനറല്‍ നായിഫ് ഫലാഹ് മുബാറക് അല്‍ഹജ്‌റഫുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ജിസിസി കൗണ്‍സിലും തമ്മില്‍ സഹകരണ കരാറില്‍ ഒപ്പുവെച്ചു.
ചരിത്രപ്രധാനമായ ദര്‍ഇയയിലെത്തിയ അദ്ദേഹം സല്‍വ പാലസ്, ദര്‍ഇയ ഗാലറി, ത്രീ ഡി ഷോപ്പിംഗ് ഷോ എന്നിവ സന്ദര്‍ശിച്ചു. ദര്‍ഇയ ഗൈറ്റ് ഡവലപ്‌മെന്റ് അതോറിറ്റിയുടെ ഓഫീസില്‍ മന്ത്രിയെ അതോറിറ്റി സിഇഒ ഉപദേഷ്ടാവ് അബ്ദുല്ല അല്‍ഗാനിം സ്വീകരിച്ചു.

 

Latest News