ബില്‍കിസ് ബാനു കേസില്‍ കണ്ടത് ബി.ജെ.പിയുടെ സ്ത്രീകളോടുള്ള സമീപനം- ശരദ് പവാര്‍

ന്യൂദല്‍ഹി-ബി.ജെ.പിയുടെ സ്ത്രീകളോടുള്ള സമീപനമാണ് ഗുജറാത്തില്‍ ബില്‍കിസ് ബാനു കേസിലെ പ്രതികള്‍ക്ക് നല്‍കിയ ശിക്ഷാ ഇളവ് വ്യക്തമാക്കുന്നതെന്ന്  എന്‍.സി.പി നേതാവ് ശരദ് പവാര്‍. ജാതിയമായും മതപരമായും ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കുന്നു.
ബില്‍കീസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ചതിലൂടെ ഗുജറാത്ത് സര്‍ക്കാര്‍ സമൂഹത്തിന് നല്‍കിയത് തെറ്റായ സന്ദേശമാണ്. സ്ത്രീ സുരക്ഷയെന്ന് പ്രധാനമന്ത്രി പറയുമ്പോഴാണ് ഗുജറാത്ത് സര്‍ക്കാരിന്റെ ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. എന്‍.സി.പി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദല്‍ഹിയില്‍ നടന്ന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പവാര്‍.
സ്ത്രീസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുമ്പോള്‍ ഗുജറാത്ത് സര്‍ക്കാര്‍ സ്ത്രീപീഡകരെ വെറുതെ വിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു വശത്ത് പ്രധാനമന്ത്രി സ്ത്രീകളോടുള്ള ബഹുമാനത്തെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ, അദ്ദേഹത്തിന്റെ സംസ്ഥാനത്ത് സഹോദരി ബില്‍ക്കിസ് ബാനുവും മക്കളും ക്രൂരതകള്‍ അനുഭവിച്ചു. അവളുടെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു. അത് ചെയ്തവരുടെ ശിക്ഷ ബി.ജെ.പി സര്‍ക്കാര്‍ ലഘൂകരിച്ചു.  സ്ത്രീകളോടുള്ള തങ്ങളുടെ ബഹുമാനം എങ്ങനെയാണെന്ന് അവര്‍ ജനങ്ങള്‍ക്ക് കാണിച്ചുകൊടുത്തിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News