പതിനാറുകാരിയെ പീഡിപ്പിച്ച ശേഷം ഡീസലൊഴിച്ച് തീ കൊളുത്തി

പിലിഭിത്-  ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി.
16 വയസ്സായ പെണ്‍കുട്ടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും പോലീസ് സൂപ്രണ്ട് ദിനേശ് കുമാര്‍ പ്രഭു പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഡീസല്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ജില്ലയിലെ മാധവ് തണ്ടയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഇരയായ പെണ്‍കുട്ടി തന്റെ ദുരനുഭവം വിവരിക്കുന്ന വീഡിയോ പുറത്തുവിട്ടതോടെയാണ് പുറത്തറിഞ്ഞത്.
പൊള്ളലേറ്റ പെണ്‍കുട്ടിയെ സെപ്റ്റംബര്‍ ഏഴിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ദിനേശ് കുമാര്‍ പ്രഭു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ രണ്ട് പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം, പോക്‌സോ നിയമം, പട്ടികജാതി/പട്ടികവര്‍ഗ നിയമം എന്നിവ പ്രകാരം കേസെടുത്തു.
വിഷയം വിശദമായി പരിശോധിച്ചുവരികയാണെന്നും അറസ്റ്റിലായ രണ്ട് പ്രതികളെയും ചോദ്യം ചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് (സദര്‍) യോഗേഷ് കുമാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Latest News