Sorry, you need to enable JavaScript to visit this website.

പുലിനഗരിയില്‍ പുപ്പുലിയായി സൗദി യുവാവ് ഹാഷിം അബ്ബാസ്

തൃശൂര്‍- അയ്യന്തോളിന്റെ  പുലിമടയില്‍ വെള്ള കടുവയെ പോലെ  ഹാഷിം അബ്ബാസ് മറ്റു പുലികള്‍ക്കൊപ്പം നിറഞ്ഞുനിന്നു. 50 പുലികള്‍ക്കൊപ്പം അയ്യന്തോളിന്റെ പുലിമടയിലെ താരമായി ഹാഷിം അബ്ബാസ് എന്ന അറബി മാറി.
മലയാള ഗാനങ്ങള്‍ മലയാളികളെപ്പോലെ പാടി മലയാളികളുടെ മനം കവര്‍ന്ന അറബിയാണ് ഹാഷിം അബ്ബാസ്.
മലയാളത്തിലെ ചാനലുകളിലും യൂട്യൂബിലും എല്ലാം ഇദ്ദേഹത്തിന്റെ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റാണ്. അതുകൊണ്ടുതന്നെ അയ്യന്തോള്‍ ദേശത്തിന്റെ  പുലിമടയില്‍ എത്തിയപ്പോള്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ഇദ്ദേഹത്തോടൊപ്പം സെല്‍ഫി എടുക്കാനും ഇദ്ദേഹത്തെക്കൊണ്ട് പാട്ടുപാടിക്കാനും  മത്സരിച്ചത്.
പുലിക്കളി ഒരുക്കങ്ങളില്‍ അയ്യന്തോള്‍ ദേശക്കാര്‍ക്കൊപ്പം ഹാഷിം അബ്ബാസ് അവരില്‍ ഒരാളായി പങ്കുചേര്‍ന്നതോടെ പുലികളും ദേശക്കാരും ആവേശത്തിലായി.  ബ്രഷ് എടുത്ത്   പെയിന്റില്‍ മുക്കി  രണ്ടു വര വരയ്ക്കാനും ഹാഷിം അബ്ബാസ് മടിച്ചില്ല.  ഇടയ്ക്കിടെ തനി തൃശൂര്‍ ഭാഷയില്‍ ഹാഷിം അബ്ബാസ് സംസാരിച്ചതോടെ ആവേശം അലതല്ലി.
പുലിമടയില്‍ മലയാള ഗാനങ്ങള്‍ പാടി ഹാഷിം അബ്ബാസ് ഏവരുടെയും ആദരവ് പിടിച്ചുപറ്റി.
അതോടെ കടല്‍ കടന്നെത്തിയ ഈ അറബി അയ്യന്തോള്‍ ദേശക്കാരുടെയും പുലികളുടെയും പുലിമടയില്‍ എത്തിയവരുടെയും ബ്രോ ചങ്കായും സോള്‍ഗഡിയായും  മാറുകയും ചെയ്തു.
പുലി വര വരയ്ക്കുമ്പോള്‍ ഞാന്‍ സൗദി പുലിയാണെന്ന് ഓര്‍മ്മിപ്പിക്കാനും ഹാഷിം അബ്ബാസ് മറന്നില്ല.
 നിങ്ങള്‍ പുപ്പുലികള്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഞാനിപ്പോള്‍ തൃശൂര്‍ ഗഡീ... ചങ്ക് ഗഡീ...'യെന്നു പറഞ്ഞു മലയാളത്തില്‍ വിശേഷങ്ങള്‍ ചോദിച്ചതോടെ അയ്യന്തോള്‍ ദേശത്തിന്റെ  പുലിമടയില്‍ ആരവത്തിന്റെ വെടിക്കെട്ടുയര്‍ന്നു.
മാവേലി നാടുവാണീടുംകാലം, പൂവിളി പൂവിളി പൊന്നോണമായി, കലാഭവന്‍ മണിയുടെ ചാലക്കുടി ചന്തയ്ക്കു പോകുമ്പോള്‍ എന്നീ പാട്ടുകള്‍ കൂടി അദ്ദേഹം പാടിയതോടെ അയ്യന്തോള്‍ ദേശത്തിന്റെ പുലിയൊരുക്കം വേറൊരു ലെവലായി.
അടുത്തവട്ടം സൗദിയില്‍ നിന്നുള്ള പുലിയായി താന്‍ എത്തുമെന്ന ഉറപ്പും അദ്ദേഹം നല്‍കി. പുലിക്കളി കാണാന്‍ സെപ്റ്റബര്‍ ഒന്നുമുതല്‍ ഇദ്ദേഹം തൃശൂരില്‍ ഉണ്ട് . ചേറ്റുവയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച് അന്നു മുതല്‍ കേരളം ചുറ്റുകയായിരുന്നു.
പാലസ് റോഡിലെ ബിസിനസുകാരനായ ശരത് കൃഷ്ണന്റെ ക്ഷണപ്രകാരമാണ് ഹാഷിം പുലിക്കളി കാണാനെത്തിയത്.
ഇത് മൂന്നാമത്തെ തവണയാണ് പൂരനഗരിയില്‍ എത്തുന്നത്. സൗദിയില്‍ ഐ.ടി. കമ്പനിയില്‍ എച്ച.ആര്‍. കണ്‍സള്‍ട്ടന്റായ ഹാഷിം അറിയപ്പെടുന്ന വ്‌ളോഗറുമാണ്.  പുലിക്കളി സ്വരാജ് റൗണ്ടില്‍ എത്തിയപ്പോള്‍ അവിടെയും താരമായത്  ഹാഷിം അബ്ബാസ് തന്നെ.  സെല്‍ഫി എടുക്കാനും സംസാരിക്കാനും എത്തിയ ഒരാളെ പോലും അദ്ദേഹം നിരാശരാക്കിയില്ല.
അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അയ്യന്തോള്‍ പുലിമടയില്‍ എത്തിയ വിശേഷങ്ങള്‍ ലൈവ് സ്ട്രീമിഗും  ഉണ്ടായിരുന്നു.

 

 

Latest News