ശാസ്താംകോട്ടയില്‍ സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്തു

കൊല്ലം- ശാസ്താംകോട്ടയില്‍ സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്തു. പേവിഷബാധയേറ്റാകാം നായ ചത്തതെന്നാണ് നാട്ടുകാരുടെ സംശയം. കഴിഞ്ഞ ദിവസം വൈകിട്ട് രണ്ടു സ്ത്രീകള്‍ക്കാണ് ഈ നായയുടെ കടിയേറ്റത്. റോഡരികിലൂടെ നടന്നുവരികയായിരുന്ന സ്ത്രീയെയും വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന മറ്റൊരു സ്ത്രീയെയുമാണ് നായ ആക്രമിച്ചത്. ഒരു വളര്‍ത്തുപൂച്ചയെയും കടിച്ചിരുന്നു. ഇതേ നായ മറ്റു തെരുവുനായകളെ കടിച്ചതായും നാട്ടുകാര്‍ക്ക് സംശയമുണ്ട്.

കഴിഞ്ഞദിവസം ശാസ്താംകോട്ടയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഭാര്യക്കും കുട്ടിക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. തെരുവുനായ ആക്രമണം രൂക്ഷമായതും ആക്രമണം നടത്തിയ ഒരു നായ ചത്തതും നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

തെരുവുനായ ശല്യം വര്‍ധിച്ചതിനാല്‍ തിങ്കളാഴ്ച പ്രദേശത്ത് മെഗാ ക്യാമ്പ് നടത്താന്‍ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു.

 

Latest News