Sorry, you need to enable JavaScript to visit this website.

മേഘാലയയില്‍ അഫ്‌സ്പ പിന്‍വലിച്ചു; അരുണാചലില്‍ ഭാഗികമാക്കി 

ന്യൂദല്‍ഹി- സായുധ സേനക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമം മേഘാലയയില്‍ പിന്‍വലിച്ചു. അരുണാചല്‍ പ്രദേശില്‍ ചില പ്രദേശങ്ങളില്‍ മാത്രമായി നിയമം പരിമിതപ്പെടുത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടു സംസ്ഥാനങ്ങളിലെയും സുരക്ഷാ സ്ഥിതിയില്‍ പുരോഗതി ഉണ്ടായതിനെ തുടര്‍ന്നാണ് വ്യാപക പ്രതിഷേധത്തനിടയാക്കിയ നിയമം പിന്‍വലിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അവകാശപ്പെടുന്നു. 
അരുണാചലില്‍ എട്ടു പോലീസ് സ്‌റ്റേഷന്‍ പരിധിയിലേക്കാണ് അഫ്‌സ്പ നിയമം ചുരുക്കിയത്. നേരത്തെ ഇവിടെ 16 പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിയമത്തിനു പ്രാബല്യമുണ്ടായിരുന്നു. അസമുമായും മ്യാന്‍മറുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് അഫ്‌സ്പ തുടരുക.
നാഗാലാന്‍ഡ്, മണിപ്പുര്‍, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളില്‍ പതിറ്റാണ്ടുകളായി അഫ്‌സ്പ നിയമം നിലവിലുണ്ട്.  2015 ല്‍ നാഗാ സായുധ സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം അഫ്‌സ്പ പിന്‍വലിക്കാന്‍ ധാരണയായിരുന്നെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല.  
അഫ്‌സ്പ നിയമം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ അസ്വസ്ഥ പ്രദേശങ്ങളെന്ന് നിശ്ചയിക്കപ്പെട്ടതിനാല്‍ സൈന്യത്തിനു മുന്‍കൂര്‍ അനുമതിയില്ലാതെ ഇവിടെ പൗരന്‍മാരെ കസ്റ്റഡിയിലെടുക്കാനും അറസ്റ്റ് ചെയ്യാനും റെയ്ഡ് നടത്താനും സ്വയംരക്ഷയ്ക്കായി ആക്രമണം നടത്താനും അനുമതി നല്‍കിയിരുന്നു. കരിനിയമത്തിന്റെ പിന്‍ബലത്തില്‍ സൈന്യം വന്‍തോതില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും നിയമത്തിനെതിരെ  ഏറെക്കാലമായി പ്രതിഷേധം തുടരുകയാണ്. മണിപ്പൂരില്‍ അഫ്‌സ്പക്കെതിരെ  വര്‍ഷങ്ങള്‍ നിരാഹാര സമരം നടത്തിയ ഇറോം ശര്‍മിള ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 

Latest News