സൻആ - ഹൂത്തി മിലീഷ്യകളുടെ ഏറ്റവും മുതിർന്ന രണ്ടാമത്തെ നേതാവ് സ്വാലിഹ് അൽസ്വമാദ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഹൂത്തികൾക്കു കീഴിലെ പൊളിറ്റിക്കൽ കൗൺസിൽ പ്രസിഡന്റ് ആയിരുന്നു. സഖ്യസേന പുറത്തുവിട്ട ഭീകര പട്ടികയിൽ രണ്ടാമനായിരുന്ന സ്വാലിഹ് അൽസ്വമാദിനെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് സഖ്യസേന രണ്ടു കോടി അമേരിക്കൻ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഉത്തര യെമനിലെ സഅ്ദയിൽ സഹാർ ജില്ലയിൽ പെട്ട ബനീ മുആദിൽ 1979 ലാണ് സ്വാലിഹ് അൽസ്വമാദ് ജനിച്ചത്. സൻആ യൂനിവേഴ്‌സിറ്റിയിൽനിന്ന് ബിരുദം നേടിയ ശേഷം സഅ്ദയിലെ അബ്ദുല്ല ബിൻ മസ്ഊദ് സ്‌കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 2004 ൽ യെമനി ഗവൺമെന്റിനെതിരെ ഹൂത്തികൾ നടത്തിയ യുദ്ധത്തിൽ പങ്കെടുത്തു. 2011 ൽ പൊളിറ്റിക്കൽ ഓഫീസ് പ്രസിഡന്റ് പദവി വഹിച്ചു. ഹൂത്തികൾ സൻആ പിടിച്ചടക്കി മൂന്നു ദിവസം പിന്നിട്ട ശേഷം 2014 സെപ്റ്റംബർ 24 ന് പ്രസിഡന്റിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായി നിയമിതനായി. 2016 ജൂലൈ 28 ന് ഹൂത്തികൾ സ്ഥാപിച്ച പൊളിറ്റിക്കൽ കൗൺസിൽ അംഗമായി നിയമിതനായി. 2016 ഓഗസ്റ്റ് ആറിന് കൗൺസിൽ പ്രസിഡന്റായി മാറി.






