കൊല്‍ക്കത്ത- പ്രതിപക്ഷ നേതാക്കളുടെ വസ്ത്രങ്ങളെ കുറിച്ചും അവര്‍ ഉപയോഗിക്കുന്ന വസ്തുക്കളെ കുറിച്ചും അഭിപ്രായം പറഞ്ഞ് ഭരണകക്ഷിയായ ബി.ജെ.പി അതിരു കടക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര.
ബി.ജെ.പി രാഹുല്‍ ഗാന്ധിയുടെ ടീ ഷര്‍ട്ടിനെ പരിഹസിക്കുന്ന പശ്ചാത്തലത്തിലാണ് മഹുവയുടെ ട്വീറ്റ്. വിലകൂടിയ ലൂയിസ് വിറ്റണ്‍ ബാഗിന്റെ പേരില്‍ നേരത്തെ ബിജെപി നേതാക്കള്‍ മഹുവ മൊയ്ത്രയെ വിമര്‍ശിച്ചിരുന്നു.
പ്രതിപക്ഷ നേതാക്കളുടെ വ്യക്തിപരമായ വസ്ത്രങ്ങളെയും വസ്തുക്കളെയും കുറിച്ച് അതിരു കടന്ന് അഭിപ്രായം പറയരുതെന്ന് ബി.ജെ.പിയെ ഗൗരവമായി ഉണര്‍ത്തുകയാണെന്ന് അവര്‍ പറഞ്ഞു.
ബിജെപി എംപിമാര്‍ ധരിക്കുന്ന വാച്ചുകള്‍, പേനകള്‍, ഷൂകള്‍, മോതിരങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയെ കുറിച്ച് ഞങ്ങള്‍ ഇത് ചെയ്യാന്‍ തുടങ്ങിയാല്‍ നിങ്ങളുടെ കളി രണ്ടാം ദിവസം തന്നെ നിര്‍ത്തേണ്ടിവരുമെന്ന് അവര്‍ ട്വീറ്റ് ചെയ്തു.
ഏറ്റവും വലിയ ഭാരത് ജോഡോ യാത്രക്കെതിരെ കേന്ദ്രത്തിന് ഒരു ടീ ഷര്‍ട്ട് മാത്രമേയുള്ളൂവെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ ഒരുമിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് മുഴുകുമ്പോള്‍, ഭരണകക്ഷി ഇപ്പോഴും ടിഷര്‍ട്ടുകളിലും കാക്കി നിക്കറുകളിലും കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ധരിച്ചിരുന്ന ടീ ഷര്‍ട്ടിന് 41,000 രൂപയിലധികം വിലയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസമാണ് ബിജെപി രംഗത്തുവന്നത്.